Wednesday, December 16, 2009

സെഫിയും സൂഫിയയും ഒരു കമ്മ്യൂണിസ്റ്റ് വീക്ഷണം

മറന്നു കാണില്ലല്ലോ നിങ്ങള്‍ സിസ്റ്റര്‍ സെഫിയെ. ഒരു കന്യാമഠത്തിന്റെ നാലു
ചുവരുകള്‍ക്കുള്ളില്‍ നിശബ്ദമായ ഒരു പ്രാര്‍ത്ഥനയായിരുന്നു അവരുടെ ജീവിതം.
എന്നാല്‍ കത്തോലിക്കാ സഭയ്ക്കു കൂച്ചു വിലങ്ങിടാന്‍ ഇറങ്ങി പുറപ്പെട്ട ചില കമ്മ്യൂണിസ്റ്റ്
ഭരണാധികാരികളുടെ കുടിലതയില്‍ പിറന്ന തിരക്കഥയില്‍, ഒരു ബലിമൃഗത്തിന്റെ
ദുരന്തവേഷമിടേണ്ടിവന്നു അവര്‍ക്ക്. ഒരു മനുഷ്യ ജീവി എന്ന അവകാശം പോലും
അവര്‍ക്കു നിഷേധിക്കപ്പെട്ടു. കുളിസോപ്പിന്റെ പരസ്യത്തില്‍ മോഡല്‍ പൊക്കിള്‍ചുഴി
കാണിച്ചാല്‍ സ്ത്രീത്വം അപമാനിക്കപ്പെട്ടുവെന്ന് മുറവിളി കൂട്ടുന്നവര്‍ ഒരു കന്യാസ്ത്രീയുടെ
സ്ത്രീത്വം തെരുവില്‍ അവമതിക്കപ്പെട്ടപ്പോള്‍ അനങ്ങിയതേയില്ല.

അല്ലെങ്കിലും കാറും സര്‍ക്കാര്‍ മന്ദിരവുമൊക്കെ നഷ്ടപ്പെടാതെ നോക്കാനുള്ള
വിവരമൊക്കെ മുന്‍ ന്യായാധിപയ്ക്കുണ്ട്. മാത്രമല്ല ‘മാതാപിതാക്കളുടെ നേര്‍ച്ച
നിറവേറ്റാന്‍‘ മഠത്തില്‍ ചേരുന്ന പെണ്‍പിള്ളേരുടെ കണക്കെടുത്ത് സര്‍ക്കാരിന്
സമര്‍പ്പിക്കാനുള്ള തിരക്കില്‍ സമയം തികയുന്നതേയില്ല. കുട്ടി സഖാക്കന്മാര്‍ കൂടെ
പഠിക്കുന്ന പെണ്‍പിള്ളേരെ പീഡിപ്പിക്കുന്നതിനെക്കാള്‍ എത്രയോ ഗുരുതരവും
സാംസ്കാരിക കേരളത്തിന് അപമാനവുമാണ് ക്രിസ്ത്യാനി പിള്ളേരുടെ ഈ മഠത്തില്‍ പോക്ക്. അപ്പോള്‍ പിന്നെ മഠത്തില്‍ പോയവരൊക്കെ അനുഭവിക്കട്ടെ, അല്ലാപിന്നെ.

തെളിവു കൈയ്യിലുണ്ട് ഉടനെ തരാം എന്നു പറഞ്ഞ് ഒരു കന്യാസ്ത്രീയെയും രണ്ട്
വൈദികരെയും അറസ്റ്റ് ചെയ്ത് കൂലിക്കെടുത്ത സഖാക്കന്മാരുടെ കൂക്കിവിളികളുടെ
അകമ്പടിയോടെ ചാനലുകള്‍ക്കും പത്ര മാധ്യമങ്ങള്‍ക്കും മുന്നില്‍ കെട്ടുകാഴ്ചയാ‍ക്കി
നിര്‍ത്തിയപ്പോള്‍ ഈ കൊച്ചു കേരളത്തില്‍ ഒരു സാമുദായിക സംഘര്‍ഷവും ഉണ്ടായില്ല.
ഇത്രയും നാള്‍ ആളും അര്‍ത്ഥവും നല്‍കി അഭയ കേസ് മൂടി വെക്കാന്‍ മാത്രം കരുത്തുള്ള
ഒരു സമുദായത്തിന് ഒരു പ്രതിഷേധ പ്രകടനം നടത്താന്‍ പോലും അവസരം
കൊടുക്കാതെ ‘ഒതുക്കിയത്’ കൊടിയേരിയുടെ ആഭ്യന്തരത്തിന്റെ മിടുക്ക്.

കന്യാസ്ത്രീക്കു കന്യാ ചര്‍മം ഇല്ലെങ്കില്‍ അവര്‍ വേശ്യയും കൊലപാതകിയും ആകും എന്നു
കണ്ടെത്തിയത് കേരള സര്‍ക്കാര്‍ ‘പ്രത്യേക താല്പര്യം’ എടുത്ത് നിയോഗിച്ച ‘കേരള
സി.ബി.ഐ’ ആകുമ്പോള്‍ എന്തിനു സംശയിക്കണം. വൈരുധ്യാത്മക ഭൌതിക വാദം
പോലെ കണ്ണടച്ചു വിശ്വസിക്കാം. കന്യാ ചര്‍മം തന്നെ കൊലപാതക കേസിലെ സോളിഡ് എവിഡന്‍സ്. ചതിച്ചല്ലോ ദൈവമേ..,(സോറി.. കമ്മ്യൂണിസ്റ്റുകാരന്‍ ദൈവത്തെ വിളിക്കാന്‍ പാടില്ല, പൂ മൂടാനും..). ആ കന്യാസ്ത്രീക്കു കന്യാചര്‍മം ഉണ്ട്, ഇനി ഇപ്പോള്‍ എന്തോ ചെയ്യും. പത്രക്കാരോട് പറയാം ആസൂത്രിതമായ തെളിവ് നശിപ്പിക്കല്‍. കന്യാ ചര്‍മ പുന:സ്ഥാപന ശസ്ത്രക്രിയ. പിന്നെ അവരുടെ മുലകള്‍ പരിശോധിക്കണം, ബ്രായുടെ സൈസും. മഠത്തില്‍ ചേര്‍ന്നപ്പോളത്തേതിനെക്കാള്‍ ബ്രാ സൈസ് കൂടിയിട്ടുണ്ടെങ്കില്‍ സംഗതി മറ്റവന്‍ തന്നെ അച്ചന്മാരുമായി അവിഹിതം. 'മഞ്ഞ' പത്രക്കാരനെ വിളിച്ച് പ്രത്യേകം പറയണം. ബാക്കി അവന്‍ എഴുതിക്കോളും. അതു വായിച്ചിട്ട് തീരുമാനിക്കാം പുതിയ എന്തൊക്കെ തെളിവുകള്‍ വേണമെന്ന്.


കുറ്റപത്രം അപൂര്‍ണമാണെന്നും കെട്ടിച്ചമച്ചതുപോലെയുണ്ടെന്നും ഹൈക്കോടതിയിലെ
ഒരു ന്യായാധിപ. അവര്‍ക്കു വേറേ പണി ഇല്ലേ, ഇത്ര ഒപ്പിച്ചെടുത്ത പാട് നമുക്കറിയാം.
ക്രിസ്ത്യന്‍ സമൂഹം ആയതു കൊണ്ട് തൊപ്പി വെക്കാന്‍ ഇപ്പോളും തല ബാക്കി ഉണ്ട്. കുട്ടി
സഖാക്കന്മാരെ വിളിച്ച് ആ ജഡ്ജിയുടെ കോലം കത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യണം.
ചോകോനെക്കൊണ്ട് നാല് തെറിയും വിളിപ്പിക്കണം. കുറച്ച് കള്ള് വാങ്ങി കൊടുത്താല്‍
മതി ബാക്കി അവന്‍ ചെയ്തോളും. സംഗതി കോടതി അലക്ഷ്യം ആവുമോ? ഒന്നും
പേടിക്കേണ്ടെന്നേ അഡ്വക്കറ്റ് ജനറല്‍ നമ്മുടെ ആളല്ലേ.

എല്ലാം വെറുതെയായോ, അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും ജാമ്യം കൊടുത്തു ആ
പെണ്ണുമ്പിള്ള. സാരമില്ലെടോ നമുക്കിതു മതി. സഭ നാറിയില്ലേ, അച്ചന്മാരും കന്യാസ്ത്രീകളും നാറിയില്ലേ..അതു മതി. കോടതി അവരെ വെറുതേ വിടും, അതു നമുക്കു
പണ്ടേ അറിയാം. കോടതിയില്‍ കാശു വാരിയെറിഞ്ഞ് അവര്‍ ‘ഊരിപ്പോന്നു’ എന്നേ പൊതു ജനം കരുതൂ. അല്ലെങ്കിലും അവറ്റകള്‍ കഴുതകള്‍ അല്ലേ.

സൂഫിയയെ നിങ്ങള്‍ക്കു പരിചയപ്പെടുത്തേണ്ടല്ലോ. തീപ്പൊരി പ്രാസംഗികന്‍ മ്‌അദ്നി
യുടെ ഭാര്യ. മൂടുപടത്തിനുള്ളിലെ സൂഫിയയെ പോലീസ് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നതാണ്. പക്ഷേ ജനിച്ച നാ‍ടിന്റെ സുരക്ഷയെക്കാള്‍ വര്‍ഗീയ
വോട്ടുകളുടെ കനത്തില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ഭരണാധികാരികള്‍ അതൊക്കെ ഒതുക്കി.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കിയ പോലീസ്
സംഘത്തിന് സൂഫിയയുടെ പങ്ക് വ്യകതമായിരുന്നു. എന്നാല്‍ അന്ന് ഉന്നത കേന്ദ്രങ്ങളുടെ
ഇടപെടല്‍ മൂലം അതു വിസ്മരിക്കപ്പെട്ടു. ആ കേസിന്റെ അന്വേഷണത്തില്‍
ആത്മാര്‍ത്ഥമായ പങ്കുവഹിച്ച ഒരു പോലീസ് ഉദ്യോഗ്സഥന്‍ സൂഫിയക്കെതിരെയുള്ള
പ്രധാന തെളിവ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. സൂഫിയയുടെ ഫോണിന്റെ കാള്‍
ലിസ്റ്റ് അങ്ങനെ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സാധാരണ ഒരാളുടെ മൊബൈലിലേക്ക്
ഏതെങ്കിലും തീവ്രവാദിയുടെ മിസ്ഡ് കാള്‍ വന്നിട്ടുണ്ടെങ്കില്‍ അവന്‍ പിന്നെ പുറം ലോകം
കാണില്ല. പക്ഷേ നമ്മുടെ ആഭ്യന്തര വകുപ്പിന് അത് പ്രശ്നമേ ആയിരുന്നില്ല. സൂഫിയ
വെറും പാവം, സ്വന്തമായി ഫോണ്‍ ഡയല്‍ ചെയ്തു വിളിക്കാന്‍ പോലും അറിയില്ല,
പച്ചവെള്ളം പോലും ഓതിയതിനുശേഷം ചവച്ചേ കുടിക്കൂ. മദനിയുടെ സാക്ഷ്യം
കൊടിയേരി ഫയലില്‍ സ്വീകരിച്ചു. വാര്‍ത്തയുടെ ചൂട് ആറിയപ്പോള്‍ ചാനലുകാരും വിട്ടു.
അപ്പോളല്ലേ കര്‍ണാടക പോലീസിന്റെ ഒരു അന്വേഷണം. തീവ്രവാദി ബന്ധങ്ങള്‍ ഉള്ള
ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നു. അവന്മാര്‍ക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ.
കൊച്ചി തുറമുഖത്ത് കണ്ടെയ്നറില്‍ വന്ന ഒറിജിനല്‍ പാക്കിസ്ഥാന്‍ മെയ്ഡ് ഇന്‍ഡ്യന്‍
രൂപ അവന്മാര്‍ക്കു കൊടുക്കാത്തതിന്റെ കൊതിക്കെറുവാ. അല്ലെങ്കില്‍ പിന്നെ
ഇങ്ങനെയൊക്കെ ചെയ്യുമോ. എന്തായാലും നമ്മള്‍ക്ക് പണം കിട്ടീതാ. ഫാരിസിനെയും
വാട്ടര്‍ തീം പാര്‍ക്കിനെയും നമ്മള്‍ക്ക് നഷ്ടപ്പെടുത്താന്‍ വയ്യ. അതുകൊണ്ട്
ആരെപ്പിടിച്ചാലും മദനിയേയും സൂഫിയയേയും പിടിക്കരുത്. തൊഴിലാളി വര്‍ഗ
പ്രസ്ഥാനത്തിന്റെ പുതിയ കാറല്‍ മാര്‍ക്സ് ആണ് മദനി. രാജ്യസ്നേഹം നമുക്കു പറഞ്ഞിട്ടില്ല.
സാര്‍വദേശീയമാണല്ലോ തൊഴിലാളി പ്രസ്ഥാനം. അതു കൊണ്ടല്ലേ നമ്മള്‍ ക്വിറ്റ് ഇന്ത്യാ
സമരത്തെ ഒറ്റിക്കൊടുത്തത്. അതിനു പ്രതിഫലമായി സായിപ്പ് ഇത്തിരി പണം തന്നതു
കൊണ്ട് നമ്മള്‍ ദേശാഭിമാനി പത്രം ഉണ്ടാക്കി. പിന്നെ ഇപ്പോള്‍ ഒരു പത്തു കൊല്ലമായി
നമ്മടെ കൊച്ചന്മാര്‍ ക്വിറ്റ് ഇന്ത്യാ ദിനാചരണം എന്ന പേരില്‍ വഴി തടയുന്നുണ്ട്.
നമ്മളെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ. അല്ലെങ്കിലും പാക്കിസ്ഥാന്‍ നമ്മളുടെ സ്വന്തം
ആണല്ലോ. ജിന്നയുടെ പാക്കിസ്ഥാന്‍ വാദത്തെ സപ്പോര്‍ട്ട് ചെയ്തത്
നമ്മളായിരുന്നല്ലോ. ക്രൂഷ്ചേവ് വന്നു പറഞ്ഞപ്പോളാ നമുക്ക് സ്വാതന്ത്ര്യം കിട്ടിയതു
തന്നെ. അതിനു മുന്‍പ് നാലഞ്ചു കൊല്ലം കല്‍ക്കട്ടാ തീസിസ് അനുസരിച്ച് നമ്മള്‍
സ്വാതന്ത്ര്യദിനത്തില്‍ കരിങ്കൊടിയാണ് ഉയര്‍ത്തിയിരുന്നത്. അവര്‍ അവരുടെതെന്നും
നമ്മള്‍ നമ്മുടേതെന്നും പറയുന്ന കുറച്ച് സ്ഥലത്തിനു വേണ്ടി നമ്മള്‍ എന്തിനാ
വഴക്കുണ്ടാക്കുന്നത്. ഇവിടെ ചൈന വന്നു ഭരിച്ചാലേ വിപ്ലവം ഉണ്ടാകൂ. അതുകൊണ്ട് ഈ
രാജ്യം രാജ്യ സ്നേഹം എന്നൊക്കെ പറഞ്ഞ് കിട്ടാനുള്ള പണം കളയുന്നത് എന്തിന്.
മതത്തിന്റെയും ജാതിയുടെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങള്‍ ഭിന്നിച്ചു
നില്‍ക്കുന്നതാണ് വിപ്ലവത്തിന് ഏറ്റവും പറ്റിയ സാഹചര്യം. അതുകൊണ്ട് മദനിയും
കൂട്ടരും നമ്മെ വിപ്ലവം കൊണ്ടുവരാന്‍ സഹായിക്കുന്നവരാണ്. അപ്പോള്‍ സൂഫിയ
ബൂര്‍ഷ്വാ കോടതിയില്‍ പോകട്ടെ. കോഴികട്ടവന്‍ മുന്‍‌കൂര്‍ ജാമ്യം എടുക്കാന്‍ വരുമ്പോള്‍
കോടതി വരാന്തയില്‍ വച്ച് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന നാടാണ്. അങ്ങനെ
ഏതെങ്കിലും പോലീസുകാരന്‍ ഷൈന്‍ ചെയ്യാന്‍ നോക്കേണ്ടാ, ഇവിടം ഞങ്ങളാണ്
ഭരിക്കുന്നത്. കോടതി കേസ് മാറ്റിവെച്ചു എന്നാലും സൂഫിയയെ അറസ്റ്റ് ചെയ്യേണ്ടതില്ല.
അടുത്ത സിറ്റിംഗില്‍ കോടതി പറയുവാ വേണേല്‍ അറസ്റ്റ് ചെയ്തോ, അറസ്റ്റിന്
നിരോധനം ഇല്ലെന്ന്. ഇമ്മിണി പുളിക്കും. സൂഫിയ കേരള സ്ത്രീത്വത്തിന്റെ പ്രതീകമാണ്.
ആ പതിവ്രതയെ അറസ്റ്റ് ചെയ്യാനോ? എന്തായാലും ഇന്നിപ്പോള്‍ കോടതി കേസ്
പരിഗണിക്കുമെന്നു തോന്നുന്നു. ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്ന് ചില
പോലീസുകാര്‍ക്ക് നിര്‍ബന്ധം. കേന്ദ്രത്തില്‍ കുറെ അവന്മാര്‍ ഉണ്ട് തീവ്രവാദവിരുദ്ധ
അന്വേഷണം എന്നു പറഞ്ഞ് നടക്കുന്നു. എന്നാലും തച്ചങ്കരി ഉള്ളതുകൊണ്ട് നമുക്ക്
രക്ഷപെടാം. നാടുകടത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്ന് സൂഫിയയുടെ
ആണ്‍പിറന്നോന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അത് ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിന്റെ
വികാര പ്രകടനം മാത്രമാണെന്നേ. മദനിയും സൂഫിയയും സമാധാനകാംഷികളായ
കുഞ്ഞാടുകള്‍ ആണെന്നേ.. അവരെ ജീവിക്കാന്‍ അനുവദിക്കുക കാരണം അവര്‍
ജീവിക്കുന്നത് നമുക്ക് വേണ്ടി... (പി.ഡി.പി പുറത്തിറക്കിയ പോസ്റ്റര്‍)

Thursday, November 5, 2009

വിധിന്യായം - അവസാന ഭാഗം

എന്നാല്‍ മാനസികമായി കൂടുതല്‍ കരുത്തരാണ് ന്യായാധിപന്മാര്‍. അടുത്ത ദിവസത്തെ
മാധ്യമ തലക്കെട്ടുകളില്‍ വന്നേക്കാവുന്ന ഭീഷണിയുടെ ചൂടില്‍ മെഴുകുതിരിപോലെ
കത്തിത്തീരുകയോ ഉരുകിയൊലിക്കുകയോ ചെയ്യുന്നവരല്ല അവര്‍. നിയമം അനുസരിച്ചും
രേഖകളിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലുമേ അവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയൂ.
അങ്ങനെ അവര്‍ പ്രവര്‍ത്തിക്കുകയും വേണം. ആകാശം ഇടിഞ്ഞുവീണാലും നീതി
നിലനില്‍ക്കും.ഒരു ജാമ്യ ഹര്‍ജിയില്‍ പറയാന്‍ പാടുള്ളതില്‍ കൂടുതല്‍ പറഞ്ഞതായി എനിക്ക്
തോന്നുന്നില്ല. ഈ കേസിലെ വസ്തുതകള്‍ പതിനാറര വര്‍ഷത്തിലധികം നീണ്ട
അന്വേഷണത്തില്‍ ഒരു മഹാസമുദ്രം പോലെ പരന്നു കിടക്കുന്നു. കുറേക്കൂടി
പറയേണ്ടതുണ്ടെങ്കിലും ഒരു ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതിന് ആവശ്യമായവയിലേക്ക്
മാത്രമായി ഞാന്‍ ചുരുക്കുകയാണ്.
ഈ വിധിന്യായത്തിലെ എതെങ്കിലും നിരീക്ഷണം ഏതെങ്കിലും വിധത്തില്‍ പരിധി
ലംഘിച്ചിട്ടുണ്ടെങ്കില്‍, അത് ജാമ്യം നല്‍കാമോ ഇല്ലയോ എന്ന് വിശദീകരിക്കുക എന്ന
ഉദ്ദേശ്യത്തോടെ മാത്രമാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവ ഒരു
നടപടിയെയും ഒരുവിധത്തിലും ബാധിക്കില്ല. സി.ബി.ഐ വേഴ്സസ് പ്രദീപ്
ബാലചന്ദ്രസാവന്റെ കേസില്‍ (2007) സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതുപോലെ, ജാമ്യം
അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവില്‍ പറയുന്ന കാരണങള്‍, ജാമ്യം നല്‍കുന്ന
ഉത്തരവിന് പിന്‍ബലമേകാന്‍ മാത്രമുള്ളതാണ് എന്ന് മനസിലാക്കിയാല്‍ മതി. ഈ
നിരീക്ഷണങ്ങള്‍ വിചാരണക്ക് ശേഷം ബന്ധപ്പെട്ട കോടതിയെടുക്കുന്ന തീരുമാനത്തെ
സ്വാധീനിക്കരുത്.

ഹര്‍ജിക്കാരെ തുടര്‍ന്നും ജയിലില്‍ പാര്‍പ്പിക്കുന്നത് കടുത്ത നീതിനിഷേധമാകുമെന്ന്
ബന്ധപ്പെട്ട എല്ലാവരുടെയും വാദങ്ങള്‍ കേട്ടശേഷവും, കേസ്ഡയറിയും, കേസിലെ
വസ്തുതകളും, ചുറ്റുപാടുകളും പരിശോധിച്ച ശേഷവും, എന്റെ മുമ്പിലുള്ള വസ്തുതകളുടെ
വെളിച്ചത്തിലും പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. അതുകൊണ്ട് ഇവര്‍ക്ക് ജാമ്യം
നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍നിന്നും യാതൊന്നും എന്നെ തടയുന്നില്ല. എങ്കിലും കുറ്റാരോപിതര്‍ തെളിവ് നശിപ്പിക്കുകയോ, സാക്ഷികളെ സ്വാധീനിക്കുകയോ
ഭീഷണിപ്പെടുത്തുകയോ ഒളിവില്‍ പോകുകയോ ചെയ്യുന്നതിനുള്ള സാധ്യത തടയുന്നതിന്
ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഞാ ന്‍കരുതുന്നു.
താഴെപ്പറയുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാര്‍ക്ക് ജാമ്യം
അനുവദിക്കുന്നു. ഒരുലക്ഷം രൂപയുടെ ബോണ്ടിലും തുല്യരൂപയുടെ രണ്ട്
ആള്‍ജാമ്യത്തിലും ഹര്‍ജിക്കാരെ ജാമ്യത്തില്‍ വിട്ടയക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍
ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും
വേണം. പാസ്പോര്‍ട്ട് ഉള്ളവര്‍ അത് മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കുകയും
പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ ആ വിവരത്തിന് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കുകയും
വേണം. മജിസ്ട്രേട്ടിന്റെ മുന്‍‌കൂര്‍ അനുവാദമില്ലാതെ ഹര്‍ജിക്കാര്‍ താമസസ്ഥലം
മാറരുത്. താമസസ്ഥലം മജിസ്ട്രേട്ടിനെ അറിയിക്കണം. മറ്റൊരു ഉത്തരവ്
ഉണ്ടാകുന്നതുവരെ ഒരു ടെലിഫോണും ഉപയോഗിക്കാന്‍ പാടില്ല. ഫോണ്‍ വിളിക്കാനോ
കോളുകള്‍ക്ക് മറുപടി പറയാനോ പാടില്ല, ഫോണ്‍ ഉപയോഗിച്ചാല്‍ ജാമ്യം റദ്ദാക്കും.
കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ഭീക്ഷണിപ്പെടുത്താനോ
തെളിവുനശിപ്പിക്കാനോ പരോക്ഷമായിപ്പോലും ശ്രമിക്കരുത്, ഈ വ്യവസ്ഥ ലംഘിച്ചാല്‍
ജാമ്യം റദ്ദാക്കും. ഈ ഉത്തരവില്‍ പറഞ്ഞിട്ടുള്ള നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ സി.ബി.ഐ-യിലെ
കൂടുതല്‍ കാര്യപ്രാപ്തിയും പരിചയസമ്പത്തുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെയോ
ഉദ്യോഗസ്ഥരുടെയോ മേല്‍നോട്ടത്തിലേ ഇപ്പോഴത്തെ അന്വേഷണസംഘം
കേസന്വേഷണം തുടരാവൂ. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഈ
കോടതിയെ താമസം കൂടാതെ അറിയിക്കണം.

ഈ ഹര്‍ജികള്‍ അനുവദിച്ചിരിക്കുന്നു.
ജസ്റ്റിസ്‌ കെ. ഹേമ ജഡ്ജി (Justice K Hema)

വിധിന്യായം - Part 12

അഭയ കേസില്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ മാധ്യമങ്ങളും പൊതുസമൂഹവും സ്വന്തം
നിഗമനങ്ങളുമായി ഏറെ മുന്നോട്ടുപോയി. 24 വാല്യങ്ങളുള്ള കേസ് ഡയറിയിലെ
വിവരങ്ങള്‍ എന്താണെന്നറിയാതെയാണിത്. വിദഗ്ദ്ധര്‍ തയാറാക്കിയ നിരവധി ശാസ്ത്രീയ
റിപ്പോര്‍ട്ടുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിംഗ് റിപ്പോര്‍ട്ടുകള്‍,
കോടതിയുടെ നിരന്തരമായ ശ്രമഫലമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍
നിന്നു ശേഖരിച്ച നാര്‍ക്കോ അനാലിസിസ് സിഡികള്‍, അവയുടെ മൂല്യവും
നിയമസാധുതയും, വിവിധ അന്വേഷണ എജന്‍സികളുടെ ഫൈനല്‍ റിപ്പോര്‍ട്ടുകള്‍ -
ഇവയെക്കുറിച്ചൊന്നും പൊതുജനത്തിനു യാതൊന്നുമറിയില്ലായിരുന്നു. അതൊന്നും
മാധ്യമങ്ങളെയോ പൊതുജനത്തെയോ ഒരിക്കലും വേവലാതിപ്പെടുത്തിയില്ല.എന്നാല്‍ മുന്‍‌പറഞ്ഞ കാര്യങ്ങളൊന്നും പരിശോധിക്കാതെതന്നെ മാധ്യമങ്ങള്‍ ഇതിനകം
വിധിയെഴുതിക്കഴിഞ്ഞു. കേസ്ഡയറിയിലുള്ള നഗ്നസത്യങ്ങളുമായി യാതൊരു
ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ സ്വാധീനവലയത്തില്‍പ്പെട്ട
പൊതുജനവും അവയോടൊപ്പം കൈകോര്‍ത്തു. മാധ്യമങ്ങളും പൊതുജനവും ചേര്‍ന്ന്
ഇതിനകം പ്രഖ്യാപിച്ച വിധിക്കെതിരെ എന്തെങ്കിലും എഴുതാനോ സംസാരിക്കാനോ
ധൈര്യപ്പെടുന്ന ജഡ്ജിയുടെ തലയ്ക്കു മുകളില്‍ സല്‍പ്പേര് കളങ്കപ്പെടുമെന്ന ഭീഷണിയുടെ
"ഡമോക്ലീസിന്റെ വാള്‍" തൂങ്ങിനില്‍ക്കുന്നു. മൂന്നുപേരെ ഇതിനകം തന്നെ
തൂക്കുമരത്തിലേക്ക് അയച്ചുകഴിഞ്ഞു. പിന്നെതിനാണ് ഈ രാജ്യത്ത് ക്രിമിനല്‍ നീതിന്യായ
സംവിധാനം നിലനില്‍ക്കുന്നത്. നിരവധി അന്വേഷണ ഉദ്യോഗസ്ഥര്‍, ലോക്കല്‍
പൊലീസിലെയും ക്രൈംബ്രാഞ്ചിലെയും നിരവധി ഉദ്യോഗസ്ഥര്‍, ക്രൈസ്തവ സഭ,
കോണ്‍വെന്റ് അധികൃതര്‍, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മറ്റു നിരവധിപ്പേര്‍
-ഇവരെല്ലാം പ്രതിക്കൂട്ടിലാണ്. മരിച്ചു കഴിഞ്ഞിട്ടുപോലും ചില സാഷികളെ മാധ്യമങ്ങളും
പൊതുജനവും ചേര്‍ന്നു വേട്ടയാടുന്നു. പാവം പൊതുജനം; രേഖകളിലുള്ളത് എന്താണെന്ന് അവര്‍ക്കറിയില്ല. നിരന്തരമായ
മസ്തിഷ്കപ്രക്ഷാളനത്തിനു വിധേയരായ അവര്‍ തങ്ങളെ ഇത്രനാളും
വിശ്വസിപ്പിച്ചിരുന്നതുമായി യോജിക്കാത്ത ഒരു കോടതിവിധി അംഗീകരിക്കാന്‍പോലും
തയാറായേക്കില്ല. കേസ് രേഖകളില്‍നിന്നു വെളിപ്പെടുന്ന വസ്തുതകളുടെ
അടിസ്ഥാനത്തില്‍മാത്രമേ കോടതിക്ക് മുന്നോട്ടു പോകാനാവു. എന്നാല്‍, പൊതുജനം
ഇപ്പോഴും മരീചികക്കു പിന്നാലെയാണ്. സത്യം വളരെ അകലെയാണ്
നിലകൊള്ളുന്നതെന്ന് മനസിലാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. ഈ രണ്ട് വാചകങ്ങള്‍
പറയാന്‍ മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ "പിതാവേ ഇവരോട് ക്ഷമിക്കണമേ, ഇവര്‍
ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല."

വിധിന്യായം - Part 11

ഡോ. മുകുന്ദന്‍ 12-6-2003 തീയതി വച്ചു
നല്‍കിയ ബ്രെയിന്‍ ഫിംഗര്‍പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട് പഠിക്കുന്നത് അന്വേഷണ
സംഘത്തിനു പ്രയോജനപ്പെടുമെന്നാണ് എന്റെ അഭിപ്രായം. താഴെപ്പറയുന്ന സംഗതികള്‍
ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

1. ഹോസ്റ്റലിലെ അടുക്കള അലങ്കോലമായത് അഭയയും ത്രേസ്യാമ്മ, അച്ചാമ്മ, സിസ്റ്റര്‍
സെഫി, അഭയയോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ ഷേര്‍ലി എന്നിവരും
തമ്മിലുണ്ടായ പിടിവലി മൂലമാണ്. (അടുക്കള അലങ്കോലമായതിന്റെ കാരണം
ഇവര്‍ക്കറിയാമെന്ന് ഇതു സൂചിപ്പിക്കുന്നു).
2. അഭയ അടുക്കളയില്‍ നിന്നു പുറത്തേക്ക് ഓടുന്നതു തടയാന്‍ സിസ്റ്റര്‍ ഷേര്‍ലിയെ
ത്രേസ്യാമ്മയും അച്ചാമ്മയും സഹായിച്ചതായി ഇതുസംബന്ധമായ അന്വേഷണങ്ങള്‍
സൂചന നല്‍കുന്നു.
3. സംഭവം കണ്ടിരുന്ന സിസ്റ്റര്‍ ഷേര്‍ലിക്ക് അടുക്കള അലങ്കോലമായതിനെപ്പറ്റി
നേരിട്ടറിവുണ്ട് (പരിശോധനക്കിടയില്‍ അസ്വസ്ഥയായി കാണപ്പെട്ട ഒരേയൊരാള്‍
ഇവരാണ്).
4. അഭയയുടെ കൊലപാതകത്തില്‍ സിസ്റ്റര്‍ സെഫിക്കു പങ്കുണ്ടാകാനുള്ള സാധ്യത
പരിശോധിച്ചെങ്കിലും പരിശോധനാ ഫലം അതു ശരിവയ്ക്കുന്നതായിരുന്നില്ല.
5. അഭയയെപ്പറ്റി ഹോസ്റ്റലിലെ നിരവധി അന്തേവാസികളില്‍ നിന്നുമെടുത്ത മൊഴികള്‍
മിക്കവയും സൂചന നല്‍കിയത് അഭയ വിഷാദത്തിലായിരുന്നു എന്നാണ്.
6. അഭയയുടെ വിഷാദാവസ്ഥയെപ്പറ്റി അവരോടൊപ്പം താമസിച്ചിരുന്ന
അന്തേവാസികള്‍ പലര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പരിശോധനാ ഫലങ്ങളില്‍
സൂചനയുണ്ട്.
ശാസ്ത്രീയ പരിശോധനയിലെ ഏറ്റവും പ്രസക്തമായ ഈ ഭാഗങ്ങള്‍ അന്വേഷകര്‍
എന്തുകൊണ്ടു കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്തുവന്നാണ് എനിക്കു
മനസിലാകാത്തത്. അന്വേഷകര്‍ ആവശ്യപ്പെടാത്തതുകൊണ്ടാണ് ഇതുസംബന്ധിച്ച്
കൂടുതല്‍ പരിശോധന നടത്താതിരുന്നതെന്നും ഡോ.മുകുന്ദന്റെ റിപ്പോര്‍ട്ടിലുണ്ട്.
തെറ്റാണെങ്കിലും ശരിയാണെങ്കിലും, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്ന
ദിശയില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍, അന്വേഷകര്‍ വിശദീകരിക്കാന്‍
വിഷമിക്കുന്ന പല കാര്യങ്ങളിലും വിശദീകരണം ലഭിക്കുമായിരുന്നു. അവ ഇവയാണ്.
1. അടുക്കള അലങ്കോലമായത്.
2. അടുക്കളയിലോ പരിസരത്തോ ചോരപ്പാടുകള്‍ കാണാതിരുന്നത്.
3. വാതിലിന്റെ സാക്ഷാ അകത്തുനിന്നുള്ളത് തുറന്നുകിടന്നത്.
4. വാതില്‍ പുറത്തുനിന്നു സാക്ഷയിട്ടിരുന്നത്.
5. രക്തം പുരളാത്ത ശിരോവസ്ത്രം ലഭിച്ചത്.
6. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിക്കുകള്‍ സംഭവസ്ഥലത്തു നിന്നു
കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടാത്തത്.
7. കൊലപാതക കാരണമായേക്കാവുന്ന മുറിവുകളൊന്നും മൃതദേഹത്തില്‍
കാണാതിരുന്നത്.
8. അഭയ കിണറ്റില്‍ ബോധാവസ്ഥയില്‍ കിടന്നശേഷം മുങ്ങി മരണം സംഭവിച്ചത്.
9. അഭയ ഉച്ചത്തില്‍ കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാതിരുന്നത്.
10. ഹോസ്റ്റലിലെ പട്ടി കുരയ്ക്കാതിരുന്നത്.
ഇവയെല്ലാം ശരിയായി വിശദീകരിക്കണമെങ്കില്‍ ഇവയെപ്പറ്റി അന്വേഷണം വേണം.
2003-ലാണ് ഡോ.മുകുന്ദന്‍ ഈ ബ്രെയിന്‍ഫിംഗര്‍ പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട്
തയാറാക്കിയത്. ശാസ്ത്രീയമായ ഈ പരിശോധനയുടെ വിശദാംശങ്ങള്‍ ചികഞ്ഞ്
അഭയയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ഒരു ചിത്രം കണ്ടെത്താന്‍
അന്വേഷകര്‍ ശ്രമിക്കണം. മുന്‍പറഞ്ഞ ശാസ്ത്രീയ റിപ്പോര്‍ട്ടിലെ സൂചനകള്‍
ശരിയാണെങ്കില്‍ വലിയൊരു ചോദ്യം ഉയരുന്നുണ്ട്. എന്തിനാണ് ആത്മഹത്യ
രഹസ്യമാക്കി വച്ചത്?

വിധിന്യായം - Part 10

ഇനി കന്യകാത്വ പരിശോധനയെപ്പറ്റി. മൂന്നാം കുറ്റാരോപിത ഒരു കന്യകയല്ലെന്നു
സ്ഥാപിക്കേണ്ടതു സി.ബി.ഐക്ക് ഈ കേസ് തെളിയിക്കാന്‍ അത്യാവശ്യമായിരുന്നോ?
കന്യകാത്വ പരിശോധനയ്ക്ക് കുറ്റാരോപിതയെ വിധേയയാക്കുകയും അവര്‍ കന്യാചര്‍മ
പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോപ്ളാസ്റ്റി) നടത്തിയെന്ന് ആരോപിക്കുകയും
സി.ബി.ഐ ചെയ്തു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഇനി സമൂഹമധ്യേ
ജീവിക്കണമെങ്കില്‍, താന്‍ കന്യാചര്‍മ പുനഃസ്ഥാപന ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന്
അവര്‍ക്കു തെളിയിക്കേണ്ടതുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചു. പ്രോസിക്യൂഷന്‍
ആരോപിക്കുന്നതുപോലെയുള്ള ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നു തെളിയിക്കാന്‍ ഈ
കോടതി നിശ്ചയിക്കുന്ന ഏതു മെഡിക്കല്‍ ബോര്‍ഡിന്റെയും മുമ്പാകെ ഏതു
പരിശോധനയ്ക്കും വിധേയയാകാന്‍ താന്‍ തയാറാണെന്ന് അവര്‍ ബോധിപ്പിച്ചു.

ഹൈമനോപ്ളാസ്റ്റി ഇന്ത്യക്കു വെളിയില്‍ മാത്രമേ നടത്താനാകൂവെന്നും കുറ്റാരോപിത
ജീവിതത്തിലൊരിക്കലും വിദേശത്തു പോയിട്ടില്ലെന്നും അവരുടെ അഭിഭാഷകന്‍
ചൂണ്ടിക്കാട്ടി. ഈ കേസില്‍ കന്യകാത്വ പരിശോധന തികച്ചും അനാവശ്യമായിരുന്നു
എന്നാണ് എന്റെ അഭിപ്രായം. കുറ്റാരോപിതയെ ഇത്തരമൊരു അപമാനത്തിനു
വിധേയയാക്കിയത് നിര്‍ഭാഗ്യകരമാണ്. പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയുടെമേല്‍
ചെളിവാരിയെറിയാമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഇതുകൊണ്ടു സാധിക്കില്ല. ഈ
കേസില്‍ യാതൊരു പ്രയോജനവുമില്ലാതിരുന്നിട്ടും ഒരു കന്യാസ്ത്രീയുടെ
രഹസ്യഭാഗങ്ങളെപ്പറ്റി പരസ്യ ചര്‍ച്ച സൃഷ്ടിച്ചതാണ് ഏറെ നിര്‍ഭാഗ്യകരം.
പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയെ അവഹേളിതയാക്കിയെന്നല്ലാതെ മറ്റൊന്നും
കന്യകാത്വ പരിശോധനകൊണ്ടു സാധിച്ചില്ല. കേസില്‍ കുറ്റാരോപിതരായ പുരുഷ
പങ്കാളികളുടെ ലൈംഗിക ശേഷി പരിശോധിക്കാനും സി.ബി.ഐ
ഇറങ്ങിപ്പുറപ്പെടുമായിരുന്നോ എന്ന് ഞാന്‍ ശരിക്കും അദ്ഭുതപ്പെടുന്നു..! ഇതൊരു
ജാമ്യഹര്‍ജി മാത്രമായതിനാല്‍ നീതിന്യായക്കോടതിയുടെ സംയമനം ഞാന്‍
പാലിക്കുകയാണ്. കേസ് ഡയറി സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്ന് എനിക്ക്
മനസിലാകുന്നത് ഈ കേസില്‍ യഥാര്‍ഥ വസ്തുതകളെ പിന്തുടരുന്നതിനു പകരം
നിഴലിനു പിന്നാലെ ഓടുകയാണ് സി.ബി.ഐ ചെയ്തതെന്നാണ്. വ്യര്‍ഥമായ
വ്യായാമമാണ് ഈ ഓട്ടം. അന്വേഷണം എത് കുറ്റകൃത്യത്തിന്റേയോ സംഭവത്തിന്റേയോ
സാഹചര്യത്തിന്റേയോ വസ്തുതകളെ ശ്രദ്ധാപൂര്‍വം പരിശോധിച്ച് അതിലെ സത്യം
കണ്ടെത്തുകയോ അതെങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തുകയോ ആണ്. അല്ലാതെ
ആദ്യം ഒരു ലക്ഷ്യം നിശ്ചയിച്ചശേഷം തെളിവിനായി വേട്ടയാടുകയല്ല.

അന്വേഷണം പാളം തെറ്റിയെന്നാണ് കേസ് ഡയറി പരിശോധിക്കുകയും അതിലെ വിവരങ്ങള്‍ വിലയിരുത്തുകയും ചെയ്തപ്പോള്‍ എനിക്കു മനസിലാകുന്നത്. അന്വേഷകര്‍ തീര്‍ച്ചയായും
ശ്രദ്ധിക്കേണ്ട വളരെ പ്രസക്തമായ ചില വിവരങ്ങള്‍ കേസ് ഡയറിയില്‍ ഞാന്‍ കണ്ടു.
അന്വേഷണത്തിന്റെ ഈ അവസാനഘട്ടത്തിലെങ്കിലും അതുണ്ടായില്ലെങ്കില്‍ സിസ്റ്റര്‍
അഭയയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കില്ല. അതിനാല്‍ ഇക്കാര്യങ്ങള്‍ ഇപ്പോഴത്തെ
അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് എന്റെ ചുമതലയാണെന്ന് ഞാന്‍
കരുതുന്നു. അന്വേഷണവുമായി ഇനി മുന്നോട്ടു പോകുംമുമ്പ് അവര്‍ ഇവ വിശദമായി
പഠിക്കണം. ശരിയായ ദിശയില്‍ അന്വേഷണത്തെ മുന്നോട്ടുനയിക്കാന്‍ കഴിവുള്ള
പരിചയസമ്പന്നനായ ഒരു മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ
മേല്‍നോട്ടത്തിലായിരിക്കണം ഇതെല്ലാം.

വിധിന്യായം - Part 9

അടയ്ക്കാ രാജു, സഞ്ജു പി. മാത്യു, ചില വൈദികര്‍ തുടങ്ങിയവരുടെ മൊഴികളാണു സി.ബി.ഐയുടെ ആശ്രയം. അടയ്ക്കാ രാജുവാണ് ഈ കേസിലെ സ്റ്റാര്‍ വിറ്റ്നെസ് (മുഖ്യ സാക്ഷി). നിരവധി സ്ഥലങ്ങളില്‍മോഷണം നടത്തുകയും നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു 'സ്റ്റാര്‍ തീഫ്' (കുപ്രസിദ്ധ മോഷ്ടാവ്) ആണിയാള്‍. പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച് പയസ് ടെന്‍ത് കോണ്‍വെന്റിലെ കെട്ടിടത്തിന്റെ ടെറസിലുള്ള മിന്നല്‍രക്ഷാകവചത്തിന്റെ ഭാഗങ്ങള്‍ രണ്ടു തവണയായി ഇയാള്‍ മോഷ്ടിച്ചു. മൂന്നാംതവണ ബാക്കി ഭാഗങ്ങള്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ രണ്ടുപേര്‍ ടോര്‍ച്ചു തെളിച്ച് തന്റെനേരേ വരുന്നതു കണ്ടുവെന്നാണ് ഇയാള്‍ പറയുന്നത്. അവര്‍ എന്താണു ചെയ്യുന്നതെന്ന് ഇയാള്‍ഒളിച്ചിരുന്നു നോക്കി. കെട്ടിടത്തിന്റെ നിലവറയില്‍നിന്ന് അഞ്ചാംനിലയിലേക്കും ടെറസിലേക്കും പോകുന്ന പിരിയന്‍ ഗോവണികയറി ഇവര്‍ വരുന്നതു കണ്ടു. ടെറസിലെത്തിയ ഇവര്‍ പരസ്പരം തിരിഞ്ഞുനിന്നു പല ദിശകളിലേക്കും നോക്കി. പാരപ്പെറ്റിന്റെ മുകളിലൂടെ ടോര്‍ച്ചുതെളിച്ചു താഴെ മുറ്റത്തേക്കും നോക്കി. തന്നെ അവര്‍ തിരിച്ചറിഞ്ഞുവെന്നു തോന്നിയപ്പോള്‍ താന്‍ സ്ഥലംവിട്ടു എന്നാണ് അടയ്ക്കാ രാജുവിന്റെ മൊഴി. സംഭവം നടന്നതു പതിനാറര വര്‍ഷം മുമ്പാണ്. എന്നാലിപ്പോള്‍ കുറ്റാരോപിതരെ അറസ്റ്റു ചെയ്യുകയും അവരുടെ ഫോട്ടോകള്‍ പത്രങ്ങളില്‍ വരികയും ചെയ്തശേഷം ഇയാള്‍ സി.ബി.ഐയുടെ പക്കല്‍ ചെന്ന് താന്‍ അന്നു കണ്ടവരിലൊരാള്‍ ഒന്നാം കുറ്റാരോപിതനാണെന്നു മൊഴി നല്‍കുകയായിരുന്നു. പ്രോസിക്യൂഷന്‍ പറയുന്നത്, മൂന്നാം കുറ്റാരോപിതയുമായി അവിഹിതബന്ധമുണ്ടായിരുന്ന മുന്‍പറഞ്ഞ രണ്ടുപേരും അവരെ കാണാനായി കെട്ടിടത്തിന്റെ നിലവറ ഭാഗത്തുളള അടുക്കളയിലേക്കു പോവുകയായിരുന്നു എന്നാണ്. അടുക്കളയിലേക്ക് എത്രയും വേഗം ചെല്ലുന്നതിനു പകരം അവര്‍ ഗോവണി കയറി അഞ്ചാംനിലയിലെ ടെറസിലെത്തി! നിലവറ ഭാഗത്തുനിന്നാണ് ഈ ഗോവണി തുടങ്ങുന്നത്. ഈ മൊഴിയുടെ ബലത്തിലാണു മൂന്നു കുറ്റാരോപിതരേയും തുടര്‍ന്നും ജയിലില്‍ പാര്‍പ്പിക്കണമെന്ന് പ്രോസിക്യൂഷന്‍ ഈ കോടതിയോട് ആവശ്യപ്പെടുന്നത്.

സംഭവദിവസം പാതിരാത്രി ഏകദേശം 12.30-ഓടെ കോണ്‍വെന്റിനടുത്തുള്ള തന്റെ
വീടിനു സമീപം 'കോട്ടൂരച്ച'ന്റെ സ്കൂട്ടര്‍ കണ്ടു എന്നു മാത്രമേ സഞ്ജു പി. മാത്യു മൊഴി
നല്‍കിയിട്ടുള്ളു. ഇതല്ലാതെ കുറ്റാരോപിതര്‍ക്കെതിരേ യാതൊരു മൊഴിയും ഇയാള്‍
നല്‍കിയിട്ടില്ല. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരെ ജയിലിലടയ്ക്കണമെന്ന സി.ബി.ഐയുടെ ആവശ്യം ന്യായീകരിക്കത്തക്കതാണോ എന്ന
ചോദ്യം മാത്രമേ കുറ്റാരോപിതരുടെ അഭിഭാഷകന്‍ ചോദിക്കുന്നുള്ളു. മറ്റു പല
കക്ഷികളെയും സി.ബി.ഐ ചോദ്യംചെയ്തു. മൂന്നു കുറ്റാരോപിതര്‍ക്കും
സ്വഭാവഗുണമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഊഹാപോഹങ്ങളും
കേട്ടുകേള്‍വികളും മാത്രമാണ് ഇതിന് അടിസ്ഥാനം. ഇനി ഈ തെളിവുകള്‍ സ്വീകരിച്ചാല്‍
തന്നെ, ഇത്തരം സ്വഭാവദൂഷ്യം കുറ്റാരോപിതരുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം
തെളിയിക്കുന്നുണ്ടോ എന്നതാണു ചോദ്യം. വേണുഗോപാലന്‍ നായരാണ് മറ്റൊരു പ്രധാന
സാക്ഷി. ഇയാളോട് ഒന്നാം കുറ്റാരോപിതന്‍ കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ട് എന്നാണ്
പ്രോസിക്യൂഷന്റെ വാദം. മുമ്പു ഡ്രൈവറായിരുന്ന താന്‍ ഇപ്പോള്‍ മനുഷ്യാവകാശ
പ്രവര്‍ത്തകനും പൊതുതാല്പര്യ ഹര്‍ജികള്‍ നല്‍കുന്നയാളുമാണെന്ന് ഇയാള്‍ പറയുന്നു.
സംഭവം നടന്നതിനുശേഷം ഇയാളെ ആദ്യമായി ചോദ്യം ചെയ്യുന്നത് ഇപ്പോഴത്തെ
അന്വേഷണ ഉദ്യോഗസ്ഥനാണ്. നാര്‍ക്കോ അനാലിസിസ് പരിശോധനയുടെ വിവരങ്ങള്‍
അറിയാന്‍ തല്പരനായിരുന്ന ഇയാള്‍ ഒന്നാം കുറ്റാരോപിതന്‍ നാര്‍ക്കോ അനാലിസിസ്
പരിശോധനയ്ക്കു വിധേയനായി എന്നറിഞ്ഞ്, അദ്ദേഹത്തിന്റെ ടെലിഫോണ്‍ നമ്പര്‍
സംഘടിപ്പിച്ച് അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു എന്നാണു പ്രോസിക്യൂഷന്‍
പറയുന്നത്. ബിഷപ്സ് ഹൌസില്‍വച്ചു കാണാമെന്ന് ഒന്നാം കുറ്റാരോപിതന്‍ സമ്മതിച്ചതനുസരിച്ച് വേണുഗോപാലന്‍ നായര്‍ അവിടെയെത്തി അദ്ദേഹത്തെക്കണ്ടു സംസാരിച്ചു. നാര്‍ക്കോ അനാലിസിസ് പരിശോധന തീര്‍ത്തും അശാസ്ത്രീയമായ പരിശോധനയാണെന്നുള്ള ഒരു വിധി ഹൈക്കോടതിയില്‍നിന്ന് എന്തെങ്കിലും കേസ് കൊടുത്ത് സംഘടിപ്പിച്ചെടുക്കണമെന്ന് ഒന്നാം കുറ്റാരോപിതന്‍ വേണുഗോപാലന്‍ നായരോട് ആവശ്യപ്പെട്ടുവെന്നാണു വാദം. വേണുഗോപാലന്‍ നായര്‍ കാരണം തിരക്കിയപ്പോള്‍ തനിക്കു മൂന്നാം കുറ്റാരോപിതയുമായി അവിഹിത ബന്ധമുണ്ടെന്ന് ഒന്നാം കുറ്റാരോപിതന്‍ കുറ്റസമ്മതം നടത്തിയെന്നും (അറസ്റ്റിന് അഞ്ചു മാസം മുമ്പാണിത്!) ളോഹയ്ക്കുള്ളില്‍ ഒരു മനുഷ്യനുണ്ടെന്ന് പറഞ്ഞുവെന്നുമാണു മൊഴി. തന്റെ മേലധികാരികളും ഇതേ വികാരങ്ങളുള്ള മനുഷ്യരാണെന്നും അതിനാല്‍ അവര്‍ തന്നെ മനസിലാക്കുകയും ഈ കേസില്‍ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുവെന്നും മൊഴി തുടരുന്നു.

അഡ്വ. ജനാര്‍ദന കുറുപ്പിന്റെ ജൂനിയറുമായി സംസാരിച്ചശേഷം വേണുഗോപാലന്‍ നായര്‍
കേസ് ഫയല്‍ ചെയ്യുന്നതിനു വളരെ ചെലവു വരുമെന്ന് കുറ്റാരോപിതനോടു പറഞ്ഞുവത്രേ. ഇക്കാര്യത്തില്‍ ഒരുകോടി രൂപ വരെ മുടക്കാന്‍ സഭാധികൃതര്‍ തയാറാണെന്ന്കുറ്റാരോപിതന്‍ അപ്പോള്‍ പറയുകയും യാത്രാച്ചെലവിനായി 5000 രൂപ
തനിക്കു നല്‍കുകയും ചെയ്തതായി വേണുഗോപാലന്‍ നായര്‍ പറയുന്നു. ഒന്നാം കുറ്റാരോപിതനും സഭാധികൃതരും വളരെ ശക്തരും സമ്പന്നരുമാണെന്നും സൂര്യനു താഴെ
ആരെയും സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയുമെന്നുമാണ് പ്രോസിക്യൂഷന്‍ പറയുന്നത്. എന്നാല്‍‍, തനിക്കു കാര്യമായൊരു ബന്ധവുമില്ലാത്ത വേണുഗോപാലന്‍ നായരുടെ മുമ്പില്‍ കുറ്റാരോപിതന്‍ നാണംകെട്ട കുറ്റസമ്മതം നടത്തുകയും സഹായം തേടുകയും ചെയ്യുന്ന രീതിയില്‍ പെരുമാറിയെന്നു പറയുന്നത് തികച്ചും അവിശ്വസനീയമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള കോളജ്
പ്രഫസറും വൈദികനുമാണ് ഒന്നാം കുറ്റാരോപിതന്‍. ബിഷപ്സ് ഹൌസിലെ ചാന്‍സലറുമാണ് ഇദ്ദേഹം. ജില്ലയിലും സംസ്ഥാനത്തുമുള്ള നിരവധി പ്രമുഖരുമായി അടുത്തബന്ധം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങനെയൊരാള്‍ക്കെതിരേ സി.ബി.ഐ വേണുഗോപാലന്‍ നായരെപ്പോലൊരാളെ സാക്ഷിയായി കൊണ്ടുവരികയും കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്തതു നിര്‍ഭാഗ്യകരമാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സി.ബി.ഐ മുന്നോട്ടുവച്ച ചില വൈദികരടക്കമുള്ളവരുടെ മൊഴികളും അപ്രസക്തമാണ്. ഹോസ്റലില്‍ ചില കന്യാസ്ത്രീകളും വൈദികരും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ചാണ് അവര്‍ പറഞ്ഞത്. കേട്ടുകേഴ്വികള്‍ മാത്രമാണ് ഈ മൊഴികളിലുള്ളതെന്ന് സൂക്ഷ്മപരിശോധനയില്‍ ബോധ്യമാകും. ഇത്തരം കൃത്രിമ തെളിവുകളെ ആശ്രയിച്ച് ജാമ്യം നിഷേധിക്കുന്നതു കടുത്ത അനീതിയാകുമെന്ന് കുറ്റാരോപിതരുടെ അഭിഭാഷകര്‍ വാദിച്ചു. മൂന്നാം കുറ്റാരോപിത ഹോസ്റ്റലിന്റെ താഴത്തെ നിലയിലുള്ള മുറിയില്‍ തനിച്ചു താമസിച്ചത് അവരുടെ സ്വഭാവദൂഷ്യംകൊണ്ടാണെന്ന വാദമുയര്‍ന്നു. ഈ കോടതിക്കു മുമ്പില്‍ ഇത്തരം വാദങ്ങളുയര്‍ത്താന്‍ ശ്രമിച്ചതിന് എനിക്കു സി.ബി.ഐയോടു സഹതാപം തോന്നുന്നു. ഹോസ്റ്റലില്‍ അന്തേവാസികള്‍ക്കു മുറികള്‍ അനുവദിക്കുന്നതു മദര്‍ സുപ്പീരിയര്‍ ആണെന്ന് കേസ് ഡയറി വെളിപ്പെടുത്തുന്നുണ്ട്. ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും മുറിയില്‍ താമസിക്കാനാവില്ല. കുറ്റാരോപിത തനിച്ചല്ല ആ മുറിയില്‍ താമസിച്ചിരുന്നതെന്നും കേസ് ഡയറി വെളിപ്പെടുത്തുന്നു.മുതിര്‍ന്ന കന്യാസ്ത്രീയായ സിസ്റ്റര്‍ ഹെലനോടൊപ്പമാണ് അവരുടെ സഹായിയായിരുന്ന കുറ്റാരോപിത ആ മുറിയില്‍ താമസിച്ചിരുന്നത്. സംഭവ ദിവസം സിസ്റ്റര്‍ ഹെലന്‍ ഹോസ്റ്റലിലുണ്ടായിരുന്നില്ല. മറ്റൊരു അന്തേവാസിയെ ആ മുറിയില്‍ താമസിപ്പിക്കുന്നതിനായി മുമ്പു താമസിച്ചിരുന്ന മുറിയില്‍നിന്നു കുറ്റാരോപിതയെ ഇപ്പോഴത്തെ മുറിയിലേക്കു നിര്‍ബന്ധിച്ചു മാറ്റുകയായിരുന്നുവെന്നും കേസ് ഡയറിയിലുണ്ട്.

വിധിന്യായം - Part 8

ലോക്കല്‍ പോലീസിലെയായാലും ക്രൈംബ്രാഞ്ചിലെയായാലും സി.ബി.ഐയിലെയായാലും ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരേ ദുരുദ്ദേശ്യം ആരോപിക്കുന്നതു ശക്തമായ തെളിവുകളുടെ പിന്‍ബലത്തിലാവണം. ഏതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ ഉദ്യോഗസ്ഥന്റെയോ പ്രതിച്ഛായ തകര്‍ക്കാനായി പിഴവുകളെ പെരുപ്പിച്ചു കാണിക്കരുത്.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ ദിശയിലായിരുന്നെന്നും അതിനാല്‍
സി.ബി.ഐ കേസ് ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും സി.ബി. ഐയുടെ ഒരു സീനിയര്‍
ഉദ്യോഗസ്ഥന്‍ ഒരു റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിരുന്ന കാര്യവും ഇത്തരുണത്തില്‍
സ്മരിക്കേണ്ടതുണ്ട്. ഇതെല്ലാമായിട്ടും സി.ബി.ഐയുടെ ഇപ്പോഴത്തെ അന്വേഷണ
സംഘം മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സഭയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണു തങ്ങളുടെ ഉദ്യോഗസ്ഥരും അന്വേഷണം നടത്തിയതെന്നാണോ അവര്‍ അര്‍ത്ഥമാക്കുന്നത്? ഏതെങ്കിലും സി.ബി.ഐ ഉദ്യോഗസ്ഥനെ അവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ടോ? അടയ്ക്കാ രാജു, സഞ്ജു പി. മാത്യു, ചില വൈദികര്‍ തുടങ്ങിയവരുടെ മൊഴികളാണു സി.ബി.ഐയുടെ ആശ്രയം. അടയ്ക്കാ രാജുവാണ് ഈ കേസിലെ 'സ്റ്റാര്‍ വിറ്റ്നെസ്'. നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തുകയും നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു 'സ്റ്റാര്‍ തീഫ്' ആണിയാള്‍. അഭയയുടെ മരണം കൊലപാതകം എന്നതിനേക്കാള്‍ ആത്മഹത്യയാണെന്നാണ് പല ഡോക്ടര്‍മാരുടെയും വൈദ്യശാസ്ത്ര നിഗമനം. കിണറ്റില്‍ വീണശേഷവും അഭയയ്ക്കു ബോധമുണ്ടായിരുന്നുവെന്നും അതിനാല്‍ മുങ്ങിമരണമാണു സംഭവിച്ചതെന്നുമാണ് ഡോ. സി. രാധാകൃഷ്ണന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അഭയ ആത്മഹത്യ ചെയ്തതാണെന്ന നിഗമനം മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളെ എതിര്‍ക്കാന്‍ കാരണങ്ങളില്ലാതിരുന്നതിനാല്‍ ക്രൈംബ്രാഞ്ച് സ്വീകരിച്ചു. വിഷാദാവസ്ഥയിലായിരുന്ന അഭയയുടെ വിഭ്രാന്തിയാവാം അടുക്കള അലങ്കോലമായതിനു കാരണമെന്നാണു ക്രൈംബ്രാഞ്ച് വിശദീകരിക്കാന്‍ ശ്രമിച്ചത്. അഭയയുടെ അമ്മയ്ക്കും അമ്മാവനും മാനസികരോഗമുണ്ടെന്നു സ്ഥാപിക്കുന്ന തെളിവുകള്‍ ശേഖരിച്ചിരുന്നു. അഭയയുടെ അമ്മയുടെ സഹോദരന്‍ പലതവണ കിണറ്റില്‍ച്ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച്, സംഭവം നടക്കുന്നത് അഭയയുടെ മാസമുറക്കാലത്താണ്. ഇക്കാലത്തു മാനസിക സംഘര്‍ഷം ഉണ്ടാകാമെന്നാണു വൈദ്യശാസ്ത്ര അഭിപ്രായം.പരീക്ഷയില്‍ അഭയയ്ക്ക് അഞ്ചു ശതമാനം മാര്‍ക്കേ ലഭിച്ചിരുന്നുള്ളു. കോണ്‍വെന്റിലേക്ക് അടയ്ക്കേണ്ടിയിരുന്ന 1000 രൂപയും അടച്ചിരുന്നില്ല. ഇക്കാരണങ്ങളാല്‍ അഭയ മാനസികാസ്വാസ്ഥ്യത്തിലായിരുന്നു.

സി.ബി.ഐ സമര്‍പ്പിച്ച മൂന്നാമത്തെ ഫൈനല്‍ റിപ്പോര്‍ട്ടില്‍ എസ്.പി ത്യാഗരാജനെ ഉദ്ധരിച്ച് ഇങ്ങനെ പറയുന്നു: കേസിന്റെ വിവിധ സാഹചര്യങ്ങളും ഘടകങ്ങളും പൂര്‍ണമായി പഠിച്ചശേഷം ത്യാഗരാജന്‍ എത്തിയ നിഗമനം സി.ബി.ഐ ഈ കേസ് ഏറ്റെടുക്കേണ്ടതില്ല എന്നാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ വഴിയിലൂടെയായിരുന്നു. സംഭവസ്ഥലത്തെ സാഹചര്യങ്ങള്‍ പഠിച്ചശേഷം അദ്ദേഹം എത്തിയ നിഗമനം അഭയ ആത്മഹത്യ ചെയ്തതാണെന്നാണ്. കൊലപാതക സാധ്യത ക്രൈംബ്രാഞ്ച് തള്ളിക്കളഞ്ഞതു മെഡിക്കല്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ്. കോടാലികൊണ്ട് മനഃപൂര്‍വം ആക്രമിക്കപ്പെട്ടെങ്കില്‍ അഭയയ്ക്കു ഗുരുതരമായ പരിക്കുണ്ടാകുമായിരുന്നു. ഡോ. സി. രാധാകൃഷ്ണന്റെയും ഡോ. ഉമാദത്തന്റെയും അഭിപ്രായങ്ങളെ ആധാരമാക്കിയാണ് ഈ നിഗമനം. ക്രൈംബ്രാഞ്ചിന്റെ ഫൈനല്‍ റിപ്പോര്‍ട്ടില്‍ ഇതു പറഞ്ഞിട്ടുണ്ട്. സി.ബി.ഐയുടെ ആദ്യത്തെ ഫൈനല്‍ റിപ്പോര്‍ട്ടിലും കൊലപാതകസാധ്യത അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അഭയയുടെ മരണം കൊലപാതകമാണെന്നു സ്ഥാപിക്കാന്‍ കേരളത്തിനു പുറത്തുനിന്നുള്ള ഡോ. എസ്.കെ. പഥക് ജയ്പൂര്‍, ഡോ. മഹേഷ് വര്‍മ ജയ്പൂര്‍, ഡോ. ജി.ആര്‍ ഭാസ്കര്‍ ഹൈദരാബാദ് എന്നിവരുടെ അഭിപ്രായമാണു സി.ബി.ഐ തേടിയത്. ഇവരുടെ റിപ്പോര്‍ട്ടു പരിഗണിച്ച ശേഷവും സി.ബി.ഐ എത്തിയ നിഗമനം അഭയയുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തില്‍ വൈദ്യശാസ്ത്ര അഭിപ്രായം ഏകകണ്ഠമല്ല എന്നാണ്. ക്രൈംബ്രാഞ്ചിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചോ നിരസിച്ചോ എന്നു കേസ് ഡയറിയില്‍ പറയുന്നില്ല. അഭയയുടെ മരണം ആത്മഹത്യയാണോ അല്ലയോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിരസിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതിനിപ്പോഴും നിയമപരമായ സാംഗത്യമുണ്ട്. ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചോ ഇല്ലയോ എന്നു സ്ഥിരീകരിക്കാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ഈ കോടതിയുടെ മുമ്പാകെയില്ല. സി.ബി.ഐ പറഞ്ഞ പല കാര്യങ്ങളും വസ്തുതകള്‍ക്കു വിരുദ്ധമാകയാല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവു കാണാതെ ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചോ ഇല്ലയോ എന്നു പറയാനാവില്ല.

വിധിന്യായം - Part 7

ബാഹ്യസമ്മര്‍ദങ്ങള്‍ക്കൊന്നും വഴങ്ങാത്ത സത്യസന്ധനായ ഒരേയൊരു ഉദ്യോഗസ്ഥനായി അഭയയുടെ പിതാവ് കണ്ടതു വര്‍ഗീസ് പി. തോമസിനെയാണ്. കേസന്വേഷണത്തില്‍ പാകപ്പിഴകളുണ്ടെന്നും അഭയയുടെ മരണം കൊലപാതകമാണെന്നും ആദ്യം കണ്ടെത്തിയത് അദ്ദേഹമാണെന്നാണു പറയുന്നത്. ബാഹ്യ ഇടപെടല്‍ മൂലം അദ്ദേഹത്തിന് അന്വേഷണം തുടരാനായില്ലെന്നും അഭയയുടെ
പിതാവ് പറയുന്നു. അതുകൊണ്ട് ഈ കേസ് അന്വേഷണത്തില്‍ അദ്ദേഹം എന്തെല്ലാം
നടപടികളെടുത്തു എന്നു ഞാന്‍ പരിഗണിക്കുകയാണ്. ഡിവൈഎസ്പി വര്‍ഗീസ് പി. തോമസ് 29-03-1993 ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുവെന്നാണു സി.ബി.ഐ സൂക്ഷിച്ചിരിക്കുന്ന കേസ് ഡയറിയില്‍ പറയുന്നത്. എന്നാല്‍, ഏകദേശം രണ്ടു മാസം അദ്ദേഹം ഒരൊറ്റ സാക്ഷിയെപ്പോലും ചോദ്യം ചെയ്യുകയോ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ല. തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനും മജിസ്ട്രേറ്റ് നശിപ്പിക്കാതിരിക്കാനും അദ്ദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു രണ്ടു മാസത്തിനുശേഷം 20-5-1993-ലാണ് അദ്ദേഹം ആദ്യമായി എട്ടു സാക്ഷികളെ ചോദ്യംചെയ്യുന്നത്. അന്വേഷണം തുടര്‍ന്നു. 7-7-1993-ല്‍ ഒരു സാക്ഷിയെ ചോദ്യംചെയ്തു. 16-7-1993-ല്‍ സുപ്പീരിയര്‍ ഓഫീസര്‍ എഴുതിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ (കേസ് ഡയറി വാല്യം 5, പേജ് 184) പറഞ്ഞിരിക്കുന്നതു വര്‍ഗീസ് പി. തോമസ് അതുവരെയുള്ള കാലയളവില്‍ ആകെ ചെയ്തത് ഒരു സാക്ഷിയെ ചോദ്യം ചെയ്യുക മാത്രമായിരുന്നെന്നാണ്. കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്നു നിരീക്ഷിച്ച് സി.ബി.ഐ എസ്പി ഇതിനിടെ വര്‍ഗീസ് പി. തോമസിനെതിരേ റിപ്പോര്‍ട്ട്
എഴുതി. കേസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തുടര്‍ന്ന് അദ്ദേഹത്തിനു നിര്‍ദേശവും നല്‍കി (കേസ് ഡയറി വാല്യം 5, പേജ് 193). അതുവരെയുള്ള വിവരങ്ങള്‍ നല്‍കാത്തതിനാല്‍ 13-8-1993-ല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അയയ്ക്കാന്‍ കഴിഞ്ഞില്ലെന്നു കാണിച്ചു സി.ബി.ഐ എസ്പി 18-9-1993-ല്‍ വര്‍ഗീസ് പി. തോമസിനു മെമ്മോ നല്‍കി. പ്രസക്ത വിവരങ്ങള്‍ ഉടനടി നല്‍കാനും ആവശ്യപ്പെട്ടു. ഹംസ കേസിന്റെ വിചാരണയില്‍ വര്‍ഗീസ് പി. തോമസ് പങ്കെടുത്തിരുന്നെങ്കിലും അഭയാ കേസ് അന്വേഷിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. 22-11-1993-ല്‍ അയച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ (വാല്യം 5, പേജ് 197) എസ്പി പറയുന്നു.കാരണം, ആഴ്ചയില്‍ നാലു ദിവസം മാത്രമാണു ഹംസ കേസില്‍ വിചാരണ നടന്നിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ നിരുത്തരവാദപരമായ മനോഭാവമാണ് ഇതെന്നും എസ്പി ചൂണ്ടിക്കാട്ടി. അഞ്ചാംവാല്യം കേസ് ഡയറിയുടെ പേജ് 199-ല്‍ സി.ബി.ഐ ഡിഐജി 10-12-1993-ല്‍ താഴെപ്പറയുന്ന നിരീക്ഷണം രേഖപ്പെടുത്തിയിട്ടുണ്ട്: "ഒരു അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്നു ബ്രാഞ്ച് എസ്പിക്ക് ജോലി ഏറ്റെടുക്കാം. മതിയായ കാരണമില്ലാതെ ഏതെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഇല്ലെങ്കില്‍ അതിന്റെ പഴി ആദ്യം ബ്രാഞ്ച് എസ്പിക്കും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനുമായിരിക്കും. ''ഈ സാഹചര്യത്തില്‍ അഭയാകേസിന്റെ അന്വേഷണ ചുമതല വര്‍ഗീസ് പി. തോമസില്‍നിന്നു മാറ്റി സി.ബി.ഐ ഇന്‍സ്പെക്ടര്‍ സി.കെ. ബാലകൃഷ്ണന്‍ നായരെ ഏല്പിച്ചു. തുടര്‍ന്ന് 30-12-1993-ലെ ഉത്തരവു പ്രകാരം ഡിവൈഎസ്പി കെ.വി. ഹരിവത്സനായി ചുമതല. ബാലകൃഷ്ണന്‍ നായര്‍, കേസില്‍ എന്തെങ്കിലും നടപടി എടുത്തതായി രേഖകളിലില്ല. ഏതായാലും സി.ബി.ഐ കേസ് ഏറ്റെടുത്ത് ഒരു വര്‍ഷത്തോളം വര്‍ഗീസ് പി. തോമസ് അന്വേഷണം നടത്തിയത് ഇങ്ങനെയാണ്. ഇതിനിടെ, സ്വാഭാവികമായി സംഭവിക്കുന്നതുപോലെ തെളിവുകള്‍ പലതും നഷ്ടപ്പെട്ടു. എന്നാല്‍, അതു തടയാന്‍ അദ്ദേഹം യാതൊന്നും ചെയ്തില്ല. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്, രേഖകള്‍ നശിപ്പിക്കപ്പെടുന്നതു തടയാന്‍ എളുപ്പം കഴിയുമായിരുന്നു. എന്നിട്ടും, ഇപ്പോള്‍ പഴിചാരുന്നതു ക്രൈംബ്രാഞ്ചിനുമേലും. ഈ പശ്ചാത്തലത്തിലാണു ലോക്കല്‍ പോലീസിലെ അഡീഷണല്‍ എസ്ഐ മാത്രമായിരുന്ന വി.വി അഗസ്റ്റിന്‍കേസന്വേഷണത്തില്‍ ചെയ്ത കാര്യങ്ങള്‍ പ്രസക്തമാകുന്നത്. രണ്ടു ദിവസം കൊണ്ട് 24 സാക്ഷികളില്‍നിന്ന് അദ്ദേഹം മൊഴിയെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് പിറ്റേദിവസംതന്നെ ഇതൊരു കൊലപാതകം ആയിരിക്കാം എന്ന മട്ടില്‍ അദ്ദേഹം അന്വേഷണം നീക്കി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ അദ്ദേഹം തയാറാക്കി. എന്നാല്‍, തങ്ങളുടെ വീഴ്ച മറച്ചുവയ്ക്കുന്നതിനു സി.ബി.ഐ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കു വന്ന നിസാര പിഴവുകളെപ്പോലും കുറ്റപ്പെടുത്തുകയായിരുന്നു. കുറ്റമറ്റ ഒരു അന്വേഷണം ഇനിയും തുടങ്ങിയിട്ടില്ല. എന്തെല്ലാം തെറ്റുകള്‍ സംഭവിച്ചു എന്നല്ല എണ്ണപ്പെടുന്നത്.

വിധിന്യായം - Part 6

എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ചോദ്യം അടുക്കളയില്‍ ഒരു മല്‍പ്പിടുത്തം നടന്നോ ഇല്ലയോ എന്നതു മാത്രമല്ല. പ്രോസിക്യൂഷന്‍ ആരോപിക്കുന്നതുപോലെ അടുക്കളയില്‍വച്ച് അഭയ ആക്രമിക്കപ്പെട്ടോ എന്നാണ് കണ്ടെത്തേണ്ടത്. ഒന്നാമത്തെ കുറ്റാരോപിതന്‍ അഭയയുടെ കഴുത്തിനു ഞെക്കിപ്പിടിച്ചുവെന്നും മൂന്നാം കുറ്റാരോപിത കോടാലികൊണ്ടു മൂന്നു തവണ തലയില്‍ അടിച്ചുവെന്നും മൂന്നു കുറ്റാരോപിതരും ചേര്‍ന്ന് അഭയയെ ബലം പ്രയോഗിച്ച് എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. അഭയയ്ക്ക് അപ്പോള്‍ ബോധമുണ്ടായിരുന്നുവത്രേ. അടുക്കളയില്‍ ഇത്തരമൊരു ആക്രമണം നടന്നതിന് പിന്‍ബലമേകുന്ന എന്തെങ്കിലും തെളിവുണ്ടോയെന്ന് ഞാന്‍ നോക്കട്ടെ. തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കാന്‍ സി.ബി.ഐ ആഗ്രഹിച്ചിരുന്നെങ്കില്‍ അതു നശിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ അവര്‍ കൈക്കൊള്ളണമായിരുന്നു. അവരതു ചെയ്തില്ല.

സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തു മൂന്നുമാസത്തിനു ശേഷമാണു തൊണ്ടിവസ്തുക്കള്‍ നശിപ്പിക്കപ്പെട്ടത്. അഭയാ കേസില്‍ എഎസ്ഐ വി.വി അഗസ്റ്റിന്‍ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റില്‍ സമയം രാവിലെ 8.30 എന്ന് മനഃപൂര്‍വം രേഖപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടിരുന്നു. എഫ്.ഐ.എസ് ആ സമയത്തു രേഖപ്പെടുത്താന്‍ പറ്റില്ലായിരുന്നുവെന്ന് എഫ്.ഐ.എസ് വായിച്ചു നോക്കിയാല്‍ മനസിലാകും. രാവിലെ 8.30 എന്നാണ് എഫ്.ഐ.എസില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയമെന്നതു ശരിയാണ്. എഫ്.ഐ.എസ് രേഖപ്പെടുത്തുന്ന സമയവും തീയതിയും തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും തെറ്റുവരുത്താന്‍ പാടില്ല. എന്നാല്‍, സമയമോ തീയതിയോ തെറ്റായി രേഖപ്പെടുത്തി എന്നതുകൊണ്ടു മാത്രം ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനില്‍ ദുരുദ്ദേശ്യം ആരോപിക്കാന്‍ കഴിയുമോ? എങ്കില്‍, കേസ് ഡയറിയില്‍ കാണിച്ചിരിക്കുന്ന തീയതി തെറ്റിച്ചതിനു സി.ബി.ഐയും മറുപടി പറയേണ്ടിവരും. സി.ബി.ഐ ഡിവൈഎസ്പി വര്‍ഗീസ് പി. തോമസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത തീയതി 29-3-1989 എന്നാണു കേസ് ഡയറിയില്‍ ( വാല്യം 5, പേജ് 1)രേഖപ്പെടുത്തിയിരിക്കുന്നത്. അഭയ മരിക്കുന്നതിനു മൂന്നുവര്‍ഷം മുമ്പുള്ള തീയതിയാണിത്. അതായത്, എഫ്.ഐ.ആര്‍ റിക്കാര്‍ഡിംഗ് സമയത്തെപ്പറ്റി രേഖപ്പെടുത്തിയ രണ്ട് ഓഫീസര്‍മാരും കാര്യമായ തെറ്റു വരുത്തി. എന്തിന് എന്നാണ് ചോദ്യം. എന്തെങ്കിലും കൃത്രിമം കാട്ടാന്‍വേണ്ടിയായിരുന്നു ഇതെന്നു പറയാനാവുമോ? സി.ബി.ഐ പറയുന്നതു ലോക്കല്‍ പോലീസും വി.വി അഗസ്റ്റിനും വരുത്തിയ എല്ലാ പിഴവുകളും കൊലപാതകം ആത്മഹത്യയാക്കി മാറ്റാനായിരുന്നു എന്നാണ്.

അങ്ങനെയെങ്കില്‍, അഭയ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും ഇതൊരു കൊലപാതകമാകാനാണു സാധ്യതയുള്ളതെന്നും എന്തുകൊണ്ട് അദ്ദേഹം കേസ് ഡയറിയില്‍ എഴുതി. കൊലപാതക വിവരം മറച്ചുവയ്ക്കാനായിരുന്നെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ 'കൊലപാതക' സിദ്ധാന്തവുമായി ഏറെക്കുറെ പൊരുത്തപ്പെടുന്ന വിധത്തിലുള്ള 'കൊലപാതക'ത്തിന്റെ ഒരു സാങ്കല്പിക ചിത്രം കേസ് ഡയറിയില്‍ രേഖപ്പെടുത്തി. മറ്റ് അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ വരുത്തിയ ഓരോ പിഴവിലും ദുരുദ്ദേശ്യം ആരോപിക്കും മുമ്പ് ഇക്കാര്യങ്ങളെപ്പറ്റിയെല്ലാം ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആഴത്തില്‍ ചിന്തിക്കണം.മരിച്ച അഭയയുടെ കഴുത്തില്‍ കാണപ്പെട്ട പരിക്കുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വി.വി അഗസ്റ്റിന്‍ അത് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മനഃപൂര്‍വം ചേര്‍ത്തില്ല എന്ന് സി.ബി.ഐ ആരോപിക്കുന്നുണ്ട്. കഴുത്തിലെ പരിക്കുകള്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലില്ല എന്നതു നേരാണ്. അഭയയുടെ കഴുത്തില്‍ കാണപ്പെട്ട പാടുകള്‍ കുറ്റാരോപിതര്‍ അവരെ ആക്രമിച്ചു എന്നതിനു മതിയായ തെളിവാണെന്നു പ്രോസിക്യൂഷന്‍ വാദിക്കുന്നു.ഇതിനു മറുപടി ഒന്നേയുള്ളു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍, അഭയയുടെ കഴുത്തില്‍ എന്തെങ്കിലും പരിക്കുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. സി. രാധാകൃഷ്ണനെ സി.ബി.ഐ അവിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടു വിശ്വസിക്കുന്ന സി.ബി.ഐ, എന്തുകൊണ്ടു വി.വി. അഗസ്റ്റിനെ മാത്രം ആക്രമിക്കുന്നു? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്വീകാര്യമാണെങ്കില്‍, ഇല്ലാത്ത പരിക്കു രേഖപ്പെടുത്തിയില്ല എന്നു പറഞ്ഞ് എന്തുകൊണ്ട് അദ്ദേഹത്തില്‍ കുറ്റം ആരോപിക്കുന്നു? സി.ബി.ഐ ആണ് തന്റെ മരണത്തിന് ഉത്തരവാദി എന്നു കുറിപ്പെഴുതിവച്ചുകൊണ്ടാണ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തതെന്നത് ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച്, മറ്റു തെളിവുകളേക്കാള്‍ ഡോക്ടറുടെ റിപ്പോര്‍ട്ടാണു കോടതികള്‍ സ്വീകരിക്കുന്നത്. അല്ലെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ കൃത്യത സംശയിക്കാന്‍ കാരണങ്ങളുണ്ടായിരിക്കണം. തൊണ്ടിസാധനങ്ങള്‍ പലതും ക്രൈംബ്രാഞ്ച് മനഃപൂര്‍വം നശിപ്പിച്ചു എന്നൊരു ആരോപണം സി.ബി.ഐ ഉന്നയിച്ചിരുന്നു. പതിവുള്ള ഔദ്യോഗിക രീതിയനുസരിച്ച് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണു തൊണ്ടിസാധനങ്ങള്‍ നശിപ്പിച്ചതെന്നും ക്രൈംബ്രാഞ്ചല്ലെന്നും കേസ് ഡയറിയില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച 1993 ജനുവരി 30-ന് തന്നെ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതുകഴിഞ്ഞ് ഏകദേശം ആറുമാസത്തിനുശേഷം ജൂണിലാണു തൊണ്ടിസാധനങ്ങള്‍ നശിപ്പിച്ചത്. ആ സമയത്ത് ക്രൈംബ്രാഞ്ച് ചിത്രത്തിലൊരിടത്തും ഇല്ലായിരുന്നു.1993 മാര്‍ച്ചില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതായി കേസ് ഡയറി വെളിപ്പെടുത്തുന്നുണ്ട്. തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സി.ബി.ഐ ആഗ്രഹിച്ചിരുന്നെങ്കില്‍ അതു നശിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ അവര്‍ കൈക്കൊള്ളണമായിരുന്നു. അവരതു ചെയ്തില്ല. സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു മൂന്നുമാസത്തിനു ശേഷമാണു തൊണ്ടിവസ്തുക്കള്‍ നശിപ്പിക്കപ്പെട്ടത്. വസ്തുതകള്‍ ഇതായിരിക്കെ, സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കുന്നതിനുവേണ്ടി, സത്യത്തിനും രേഖകള്‍ക്കും വിരുദ്ധമായി സി.ബി.ഐ മറ്റ് അന്വേഷണ ഏജന്‍സികളെ പഴിചാരുകയാണ്. ഇതു തികച്ചും നിര്‍ഭാഗ്യകരവും അനുകമ്പയില്ലാത്തതുമാണ്. ഇത്തരം വാദങ്ങള്‍കൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാമെന്നു സി.ബി.ഐ കരുതേണ്ട. അവര്‍ റോംഗ് നമ്പരാണ് ഡയല്‍ ചെയ്തത്.

Wednesday, November 4, 2009

വിധിന്യായം - Part 5

അഭയയുടെ മരണം കൊലപാതകമാണെന്ന ശക്തമായ നിലപാട് കോണ്‍വന്റ് അധികൃതര്‍ തുടക്കംമുതല്‍ എടുത്തിരുന്നതായി കേസ് ഡയറിയില്‍നിന്നു മനസ്സിലാക്കാം. അഭയയുടെ മരണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയ മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ലിസ്യു സംശയിക്കുന്ന ചിലരെക്കുറിച്ചും പോലീസിനു സൂചന നല്‍കിയിരുന്നു. സിസ്റ്റര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ചില ആണ്‍കുട്ടികളോടൊപ്പം ആലപ്പുഴയില്‍ കറങ്ങിനടന്ന പയസ്ടെന്‍ത് ഹോസ്റ്റലിലെ അന്തേവാസികളായ ചില പെണ്‍കുട്ടികളെ ആലപ്പുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പെണ്‍കുട്ടികളെ മദര്‍ സുപ്പീരിയര്‍ ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. ഇതേത്തുടര്‍ന്ന് ആണ്‍കുട്ടികള്‍ കോണ്‍വന്റിലേക്ക് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണമുണ്ട്. അഭയയുടെ മരണത്തില്‍ ഈ ആണ്‍കുട്ടികള്‍ക്കു പങ്കുണ്ടെന്നു സംശയിച്ച കോണ്‍വന്റ് അധികൃതര്‍ ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇങ്ങനെ സംശയിക്കപ്പെട്ട ചിലരേയും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ആണ്‍കുട്ടികളില്‍ രണ്ടു പേരെ പിന്നീട് കാണാതായി. ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിവച്ചശേഷം ഞരമ്പു മുറിച്ച് ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചു. അഭയാ കേസില്‍ ഇവരുടെ പങ്കിനെക്കുറിച്ച് ദീര്‍ഘകാലം അന്വേഷണം നടന്നിരുന്നു. ഇതെല്ലാമായിട്ടും അഭയയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ സഭ ശ്രമിക്കുന്നു എന്ന ആരോപണം എങ്ങനെയാണ് ഉയരുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇനി വസ്തുതകളിലേക്കു വന്നാല്‍, നരഹത്യയാണെന്ന വാദത്തിനു പിന്‍ബലമേകുന്ന, കോടതിക്കു മുമ്പാകെയുള്ള ഏറ്റവും നിര്‍ണായകമായ തെളിവ് അലങ്കോലപ്പെട്ട അടുക്കളയാണെന്നു ഞാന്‍ കാണുന്നു. ഫ്രിഡ്ജിനു സമീപം വെള്ളത്തിന്റെ കുപ്പി മറിഞ്ഞു കിടന്നിരുന്നു. പുറത്തുനിന്നു പൂട്ടിയ, പുറത്തേക്കുള്ള വാതിലിനടിയില്‍ ശിരോവസ്ത്രം കാണപ്പെട്ടു. ഒരു കോടാലിയും ഒരു കൊട്ടയും മറിഞ്ഞുകിടന്നിരുന്നു. അഭയയുടെ ചെരിപ്പുകള്‍ അടുക്കളയില്‍ രണ്ടു സ്ഥലത്തായാണ് കാണപ്പെട്ടത്. ആകെപ്പാടെ, ഒരു മല്‍പ്പിടുത്തം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും അവിടെയുണ്ടായിരുന്നു. അഭയയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ സി.ബി.ഐക്ക് ഇതെല്ലാം മതിയായിരുന്നു.

വിധിന്യായം - Part 4


കേസിലെ വാദം കേള്‍ക്കല്‍ സുഗമമാക്കുന്നതിനു വേണ്ടിയായിരുന്നു അത്. എന്നാല്‍, എന്നെ വീണ്ടും ആശ്ചര്യപ്പെടുത്തിക്കൊണ്ട്, കോടതി കേസ് ഡയറി വായിക്കാന്‍ പാടില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ പറഞ്ഞു! കേസ് നരഹത്യ അല്ലാതാക്കി മാറ്റാന്‍ വി.വി അഗസ്റ്റിന്‍ രേഖകളില്‍ തിരിമറി നടത്തിയെന്ന വാദം മറ്റു പല കോടതികളും അംഗീകരിച്ചുവെന്ന വാദവും അദ്ദേഹം ഉയര്‍ത്തി. കേസ് ഡയറിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഒരു കാര്യത്തെക്കുറിച്ച് സി.ബി.ഐയില്‍ നിന്നുള്ള ശരിയായ വിശദീകരണമല്ല ഇതെന്നതില്‍ സംശയമില്ല. ഈ കേസുമായി ബന്ധപ്പെട്ടവരെല്ലാം മാധ്യമറിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിവിട്ട സെന്‍സേഷനില്‍ സ്വാധീനിക്കപ്പെട്ടുപോയി എന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടായിരിക്കാം കേസ് റിക്കാര്‍ഡുകളില്‍നിന്നു തീര്‍ത്തും വിരുദ്ധമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്നത്. മരിച്ചുപോയ വി.വി അഗസ്റ്റിനെതിരേ സി.ബി.ഐ ഇപ്പോഴും ആരോപണങ്ങള്‍ ഉയിക്കുന്നത് നിര്‍ഭാഗ്യകരമാണ്. (ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അഗസ്റ്റിന്റെ പക്കല്‍നിന്നും തന്റെ മരണത്തിനു കാരണം സി.ബി.ഐ ആണെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു).

കോടതി കേസ് ഡയറി വായിക്കരുതെന്ന സി.ബി.ഐ അഭിഭാഷകന്റെ വിചിത്രമായ വാദം കേട്ട് ഞാന്‍ അമ്പരന്നുപോയി. ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിലെ 172- വകുപ്പുപ്രകാരം ഏതു ക്രിമിനല്‍ കോടതിക്കും പോലീസ് ഡയറികള്‍ വിളിച്ചുവരുത്താനും അവ കേസുകളില്‍ കോടതിയുടെ സഹായത്തിനായി ഉപയോഗപ്പെടുത്താനും അധികാരമുണ്ട്. ഒരു ജാമ്യഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്നതിന് കോടതിക്ക് കേസ് ഡയറി ഉപയോഗപ്പെടുത്താം. കുറ്റാരോപിതരുടെ പങ്ക് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉള്ള കേസുകളില്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ചു തൃപ്തിപ്പെട്ട ശേഷമേ കോടതിക്ക് ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയൂ. പ്രഥമദൃഷ്ട്യാ കേസുണ്ടോഇല്ലയോ എന്നും ജാമ്യം നല്‍കണോ വേണ്ടയോ എന്നും തീരുമാനിക്കാന്‍ മറ്റു മാര്‍ഗമൊന്നും എന്റെ അറിവിലില്ല. സി.ബി.ഐ അഭിഭാഷകന്‍ മറ്റുമാര്‍ഗമൊന്നും നിര്‍ദേശിച്ചുമില്ല. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച സി.ബി.ഐയുടെ വാദങ്ങള്‍ ഞാന്‍ തള്ളുകയാണ്. അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ കത്തോലിക്കാ സഭ ശ്രമിച്ചതായും സി.ബി.ഐ വാദം ഉയിച്ചിരുന്നു. സഭ ലോക്കല്‍ പോലീസിലും ക്രൈംബ്രാഞ്ചിലും സ്വാധീനം ചെലുത്തി കുറ്റവാളികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍, കേസ് ഡയറിയില്‍ ഇതിന് ഉപോദ്ബലകമായ യാതൊന്നുമില്ല. അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നു പോലീസിനെ ബോധ്യപ്പെടുത്താനാണ് വൈദികരും കന്യാസ്ത്രീകളും ശ്രമിച്ചതെന്ന് കേസ് ഡയറി വെറുതെ വായിച്ചുപോയാല്‍ തന്നെ മനസ്സിലാകും. അഭയയുടെ മരണം ആത്മഹത്യയാണെന്ന് സഭയിലോ സന്യാസിനീസമൂഹത്തിലോ ഉള്‍പ്പെട്ട ആരെങ്കിലും വാദിച്ചതായി കേസ് ഡയറിയില്‍ ഇല്ല. അഭയയുടെ മരണം ആത്മഹത്യയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും അന്വേഷണം മുന്നോട്ടുപോയത് ചില കന്യാസ്ത്രീകളുടെ ശ്രമഫലമായാണ്. കോണ്‍വന്റ് അധികൃതര്‍ നല്‍കിയ നിവേദനത്തിന്റെ ഫലമായാണ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്.

ഇതൊരു ആത്മഹത്യയാക്കി മാറ്റാനാണ് സഭ ആഗ്രഹിച്ചിരുന്നതെങ്കില്‍ വീണ്ടും സി.ബി.ഐ അന്വേഷണത്തിന് അവര്‍ നടപടി എടുക്കുമായിരുന്നോ? ഉത്തരമില്ല. കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് അന്വേഷണം സിബി.ഐയെ ഏല്പിച്ചതെന്ന് അഭയയുടെ പിതാവ് അവകാശപ്പെട്ടിരുന്നു. കേസ് രേഖകള്‍ തെളിയിക്കുന്നത് മറിച്ചാണ്. സി.എം.സി മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ബനിക്കാസിയയും 69 കന്യാസ്ത്രീകളും ഒപ്പിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അഭയാ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടുകയും മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 1993 മാര്‍ച്ച് 29-ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സി.ബി.ഐയും അഭയയുടെ പിതാവും സഭ കൊലപാതകം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇപ്പോഴും ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് എന്ന കാരണത്താല്‍ത്തന്നെ ഈ ആരോപണം അടിസ്ഥാനരഹിതമാണ്.

വിധിന്യായം - Part 3

ശരിയായ നീതിനിര്‍വഹണം സാധ്യമാക്കുന്നതല്ല ഈ സാഹചര്യം. അഭിഭാഷകര്‍ വാദിക്കുന്നതിനു മുമ്പ് അവര്‍ക്ക് കുറ്റാരോപിതരില്‍ നിന്ന് ശരിയായ വിവരങ്ങള്‍ ലഭിക്കുകയെങ്കിലും വേണം. അതുകൊണ്ടാണ് സംഭവം നടന്ന ദിവസം ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുറ്റാരോപിതയെ കണ്ടു വിവരങ്ങള്‍ ശേഖരിക്കാന്‍ അവരുടെ അഭിഭാഷകനെ അനുവദിച്ചുകൊണ്ട് ഞാന്‍ ഉത്തരവിട്ടത്.ഹോസ്റ്റലില്‍ നടന്ന കാര്യങ്ങളെപ്പറ്റി അവര്‍ക്ക് ചില വിവരങ്ങളെങ്കിലും ഉണ്ടാകാനിടയുണ്ട്. ഈ വിവരങ്ങള്‍ അറിയുന്നത് ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ മറ്റു കുറ്റാരോപിതര്‍ക്കും ഈ അനുവാദം നല്‍കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു.ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ എനിക്കു തോന്നിയത്, വാദങ്ങളെല്ലാം നടക്കുന്നത് കേസ് റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തിലല്ല, കഴിഞ്ഞ 16 വര്‍ഷമായി മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ്. ഈ കെട്ടുകഥകള്‍ക്ക് കേസ് റിക്കാര്‍ഡുകളുമായി യാതൊരു ബന്ധവുമില്ല. കേസ് ഡയറി മാത്രമേ ഞാന്‍ കാര്യമാക്കുന്നുള്ളു.

കുറ്റാരോപിതരെ സഹായിക്കുന്നതിനുവേണ്ടി ലോക്കല്‍ പോലീസ് അഭയയുടെ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടു നല്‍കിയതായി വാദം ഉയര്‍ന്നിരുന്നു. കൊലപാതകം മൂടിവയ്ക്കാന്‍ ലോക്കല്‍ പോലീസ്, പ്രത്യേകിച്ച് മരണമടഞ്ഞ മുന്‍ എ.എസ്.ഐ വി.വി അഗസ്റ്റിന്‍ ശ്രമിച്ചതായി സി.ബി.ഐ അഭിഭാഷകന്‍ ശക്തമായി വാദിച്ചിരുന്നു. കോണ്‍വന്റ് അധികൃതരുടെ പ്രേരണമൂലം അന്വേഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ പല തിരിമറികളും നടന്നതായും അദ്ദേഹം വാദിച്ചു. എന്നാല്‍, ലോക്കല്‍ പോലീസ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടേയില്ലെന്ന് കേസ് ഡയറി വെളിപ്പെടുത്തുന്നു.അഭയയുടെ മരണം ആത്മഹത്യയാണോ നരഹത്യയാണോ എന്ന നിഗമനങ്ങളിലൊന്നും അവര്‍ എത്തിയില്ല. രണ്ടു സാധ്യതകളും ലോക്കല്‍ പോലീസ് പരിഗണിച്ചുവെന്നും കേസ് ഡയറി വെളിപ്പെടുത്തുന്നു. നരഹത്യയാണെങ്കില്‍ അതു നടന്നിരിക്കാനുള്ള വിവിധ രീതികളുടെ സാങ്കല്പിക ചിത്രവും എ.എസ്.ഐയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും കുറ്റാരോപിതരെ സഹായിക്കാനായി ലോക്കല്‍ പോലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്ന് സി.ബി.ഐ പോലൊരു ഏജന്‍സി കേസ് ഡയറിയിലെ വസ്തുതകള്‍ക്കു വിരുദ്ധമായി ആരോപ ണം ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണ്.അഭയയുടെ കൊലപാതകം മൂടിവയ്ക്കാന്‍ എ.എസ്.ഐ അഗസ്റ്റിന്‍ ശ്രമിച്ചുവെന്ന ആരോപണം കേസ് ഡയറിയിലെ ഉള്ളടക്കത്തിനു വിരുദ്ധമാണ്. അഗസ്റ്റിന്‍ രണ്ടു ദിവസം (1992 ഏപ്രില്‍ 27നും 28നും) മാത്രമേ കേസ് അന്വേഷിച്ചുള്ളൂ. അഭയ ആത്മഹത്യ ചെയ്യില്ലെന്നും അതിനുള്ള കാരണങ്ങള്‍ ഇല്ലെന്നുമാണ് അദ്ദേഹം റിക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്. ഇതൊരു നരഹത്യയാണെന്ന മട്ടിലാണ് അദ്ദേഹം രേഖപ്പെടുത്തിയിരുന്നത്. 1992 മാര്‍ച്ച് 28-ന് താന്‍ എഴുതിയ അവസാന എന്‍ട്രിയില്‍ അഗസ്റ്റിന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: കാണരുതാത്തത് എന്തെങ്കിലും അഭയ അന്നു രാവിലെ കണ്ടിരിക്കാം. അഭയ തന്നെ തിരിച്ചറിയുമെന്നു തോന്നിയ ആരെങ്കിലും അഭയയുടെ മരണത്തിനു കാരണമായ എന്തെങ്കിലും ചെയ്യുകയും അവരെ കിണറ്റിലേക്കു തള്ളിയിടുകയും ചെയ്തിരിക്കാം... ഈ വസ്തുത നിഷേധിക്കാനോ തള്ളിക്കളയാനോ ആവില്ല. കേസ് ഡയറിയിലെ ഈ ഭാഗം അഭയയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ അഗസ്റ്റിന്‍ ശ്രമിച്ചുവെന്ന വാദവുമായി പൊരുത്തപ്പെടുന്നതല്ല. വസ്തുതകള്‍ക്കു വിരുദ്ധമായ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് വാദം കേള്‍ക്കുന്നതിനിടെ ഞാന്‍ സി.ബി.ഐയുടെ അഭിഭാഷകനോടു ചോദിച്ചു. അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് കേസ് ഡയറിയില്‍ അഗസ്റ്റിന്‍ എഴുതിയ മുന്‍പറഞ്ഞ ഭാഗങ്ങള്‍ സി.ബി.ഐ അഭിഭാഷകനെ വായിച്ചുകേള്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായത്.

വിധിന്യായം - Part 2

ഈ കേസിന്റെ അന്വേഷണം തുടങ്ങിയിട്ട് ഇപ്പോള്‍ 16 വര്‍ഷവും എട്ടു മാസവുമായി. മൂന്ന് ഏജന്‍സികള്‍ കേസ് അന്വേഷിച്ചു. കോണ്‍വന്റിന്റെ മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ലിസ്യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണം എന്ന പേരില്‍ 1992 മാര്‍ച്ച് 27-ന് ലോക്കല്‍ പോലീസ് അന്വേഷണം തുടങ്ങി. തുടര്‍ന്ന് 1992 ഏപ്രില്‍ 13ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. അഭയ ആത്മഹത്യ ചെയ്തതാണെന്ന റിപ്പോര്‍ട്ട് 1993 ജനുവരി 30-ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സമര്‍പ്പിച്ചു.1993 മാര്‍ച്ച് 29-ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. അഭയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു കണ്ടത്താന്‍ കഴിഞ്ഞില്ലെന്നു പറയുന്ന റിപ്പോര്‍ട്ട് സി.ബി.ഐ എസ്.പി എ.കെ ഓഹ്രി 1996 നവംബര്‍ 29-ന് നല്‍കി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈ റിപ്പോര്‍ട്ട് അംഗീകരിച്ചില്ല.അഭയയുടെ മരണം കൊലപാതകമാണെന്നും എന്നാല്‍, പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞ് 1999 ജൂലൈ ഒമ്പതിന് സി.ബി.ഐ ഡിവൈഎസ്പി സുരീന്ദര്‍ പാല്‍ റിപ്പോര്‍ട്ടു നല്‍കി. ഈ റിപ്പോര്‍ട്ടും കോടതി അംഗീകരിച്ചില്ല. വീണ്ടും അന്വേഷണം നടത്തിയിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ അഡീഷണല്‍ എസ്.പി ആര്‍.ആര്‍ സഹായ് 2005 ഓഗസ്റ് 25-നു നല്‍കിയ റിപ്പോര്‍ട്ടും കോടതി നിരസിച്ചു. കേസന്വേഷണം സി.ബി.ഐയുടെ കേരള ഘടകത്തെ ഏല്‍പ്പിച്ചുകൊണ്ട് 2008 സെപ്റ്റംബര്‍ നാലിന് കേരള ഹൈക്കോടതി ഉത്തരവിട്ടു.

അറസ്റ്റിലായ കുറ്റാരോപിതര്‍ നല്‍കിയ ജാമ്യഹര്‍ജിയിലുള്ള വാദം ഈ കോടതിയില്‍ നടക്കവേ, കേസിനെ സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ സി.ബി.ഐയുടേയോ കുറ്റാരോപിതരുടേയോ അഭയയുടെ പിതാവിന്റേയോ പക്കലില്ലെന്ന് ഞാന്‍ ഞെട്ടലോടെ മനസ്സിലാക്കി. കോടതിയില്‍ ഹാജരായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം സി.ബി.ഐ അഭിഭാഷകന്‍ എം.വി.എസ് നമ്പൂതിരി ബോധിപ്പിച്ച കാര്യങ്ങള്‍ കേസ് ഡയറിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായിരുന്നു. പത്രങ്ങളില്‍ വരുന്നവാര്‍ത്തകളല്ലാതെ, കുറ്റാരോപിതര്‍ക്കെതിരായ ആരോപണങ്ങളെപ്പറ്റി തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്ന് അവരുടെ അഭിഭാഷകര്‍ തുറന്നു പറഞ്ഞു. പത്രവാര്‍ത്തകളേയും ടെലിവിഷന്‍ റിപ്പോര്‍ട്ടുകളേയും ആധാരമാക്കിയാണ് അവര്‍ തുടക്കത്തില്‍ വാദിച്ചിരുന്നത്. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പലതും കേസ് ഡയറിയിലെ വസ്തുതകളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല.

കുറ്റാരോപിതരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കാന്‍ ബാധ്യസ്ഥമായ പ്രസക്തവിവരങ്ങളൊന്നും നല്‍കിയില്ലെന്ന് കുറ്റാരോപിതയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഫാ. പൂതൃക്കയിലിന്റെ കേസില്‍ ഈ വിവരങ്ങള്‍ ഈ കോടതിയിലും നല്‍കിയിരുന്നില്ല. സ്വതന്ത്രമായ അന്തരീക്ഷത്തില്‍ അഭിഭാഷകരുമായി കേസ് ചര്‍ച്ച ചെയ്യാനുള്ള അനുവാദം പോലും കുറ്റാരോപിതര്‍ക്കു നിഷേധിക്കപ്പെട്ടതായി അവര്‍ ബോധിപ്പിച്ചു.

അഭയാ കേസില്‍ കുറ്റാരോപിതര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. ഹേമ ജനുവരി ഒന്നിനു പുറപ്പെടുവിച്ച വിധിന്യായം - Part 1

ഏകദേശം ഒരു പതിറ്റാണ്ടു മുമ്പ് പയസ് ടെന്‍ത് കോണ്‍‌വന്റ് ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയ(Sister Abhaya) എന്ന കന്യാസ്ത്രീയുടെ മൃതദേഹം ഹോസ്റ്റല്‍ കോമ്പൌണ്ടിലുള്ള കിണറ്റില്‍ നിന്നു പുറത്തെടുത്തു. ഈ ഹോസ്റ്റല്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു വനിതാ ഹോസ്റ്റല്‍ ആയിരുന്നു. ഇരുപതു കന്യാസ്ത്രീകളടക്കം 123 അന്തേവാസികളാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്.അഭയാ കേസില്‍ മൂന്നാം പ്രതിയായി കുറ്റാരോപിതയായ കന്യാസ്ത്രീ ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ അടുക്കളയുടെയും ഭക്ഷണമുറിയുടെയും സമീപത്തുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഹോസ്റ്റലില്‍ മെസ്സിന്റെയും അടുക്കളയുടെയും ചുമതലയുള്ള സിസ്റര്‍ ഹെലന്റെ സഹായിയായിരുന്നു അവര്‍. ഹോസ്റ്റലില്‍ ഒരേ മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവദിവസം സിസ്റ്റര്‍ ഹെലന്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ല.കുറ്റാരോപിതയായ കന്യാസ്ത്രീക്ക് ഒരു കോളജില്‍ അധ്യാപകരായ രണ്ടു വൈദികരുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നാണ് ആരോപണം. ഒന്നാം കുറ്റാരോപിതനായ ആള്‍ മനഃശാസ്ത്രവും രണ്ടാം കുറ്റാരോപിതനായ ആള്‍ മലയാളവുമാണ് കോളജില്‍ പഠിപ്പിച്ചിരുന്നത്. സംഭവദിവസമായ 1992 മാര്‍ച്ച് 27-ന് പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്ന സിസ്റ്റര്‍ അഭയയെ, നേരത്തെ വാഗ്ദാനം ചെയ്തിരുന്നതുപോലെ സിസ്റ്റര്‍ ഷേര്‍ലി പുലര്‍ച്ചെ നാലിന് വിളിച്ചെഴുന്നല്പിച്ചു. തുടര്‍ന്ന് സിസ്റ്റര്‍ അഭയ ടോയ്‌ലറ്റില്‍ പോയി. പിന്നീട് ഉറക്കംവരാതെ ഉണര്‍ന്നിരിക്കാന്‍ കണ്ണില്‍ ഒഴിക്കുന്നതിന് ഫ്രിഡ്ജില്‍ നിന്നു തണുത്ത വെള്ളം എടുക്കാന്‍ അടുക്കളയിലേക്കു പോയി.അടുക്കളയില്‍ ചെന്ന സിസ്റ്റര്‍ അഭയ അവിടെ കുറ്റാരോപിതരായ രണ്ടു വൈദികരും കന്യാസ്ത്രീയും അരുതാത്ത രീതിയിലിരിക്കുന്ന കാഴ്ച കണ്ടുവെന്നാണ് ആരോപണം. അഭയ ഇതു പുറത്തു പറയുമെന്ന ഭയത്താല്‍ ഒന്നാം കുറ്റാരോപിതന്‍ അവരുടെ കഴുത്തിനു ഞെക്കിപ്പിടിക്കുകയും മൂന്നാം കുറ്റാരോപിത കോടാലി കൊണ്ടു തലയ്ക്കടിക്കുകയും ചെയ്തു. പിന്നീട് മൂന്നുപേരുംകൂടി ബലമായി പിടികൂടി അഭയയെ ബോധാവസ്ഥയില്‍ത്തന്നെ കിണറ്റിലെറിയുകയും അവിടെക്കിടന്ന് വെള്ളം കുടിച്ചു മരിക്കുകയും ചെയ്തുവെന്നാണ് കേസ്.(ആരോപിക്കപ്പെടുന്ന ആക്രമണത്തിന്റെ ഈ ഭാഗം കേസ് ഡയറിയിലോ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടിലോ വേണ്ടത്ര വ്യക്തമല്ല. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ ഞാന്‍ പ്രോസിക്യൂഷന്റെ വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥനുമായി ചര്‍ച്ച ചെയ്ത ശേഷം പ്രോസിക്യൂഷന്‍ അഭിഭാഷകനാണ് മുന്‍പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചത്.)അഭയയുടെ മരണം നടന്ന് പതിനാറര വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്യപ്പെട്ട മൂന്നു കുറ്റാരോപിതരേയും 2008 നവംബര്‍ 19ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു റിമാന്‍ഡ് ചെയ്തിരുന്നു. അവര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ അഭിഭാഷകനായ എം.കെ ദാമോദരന്‍ മൂന്നാം കുറ്റാരോപിതയ്ക്കു വേണ്ടിയും ബി. രാമന്‍ പിള്ള ഒന്നാം കുറ്റാരോപിതനുവേണ്ടിയും സി.പി ഉദയഭാനു രണ്ടാം കുറ്റാരോപിതനുവേണ്ടിയും കോടതിയില്‍ ന്യായവാദം നടത്തി.കുറ്റാരോപിതര്‍ക്ക് ജാമ്യം കിട്ടാന്‍ അര്‍ഹതയുണ്ടെന്നു വാദിച്ച അഭിഭാഷകര്‍ അതിനായി നിരവധി ന്യായങ്ങള്‍ നിരത്തി. ഈ വാദങ്ങളെ എതിര്‍ത്ത സി.ബി.ഐ അഭിഭാഷകന്‍ കുറ്റാരോപിതര്‍ക്കെതിരേ ശക്തമായ സാഹചര്യത്തെളിവുകള്‍ ഉണ്ടെന്നു വാദിച്ചു. ഫാ. ജോസ് പൂതൃക്കയിലിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചതാണെന്നും സി.ബി.ഐ അഭിഭാഷകന്‍ പറഞ്ഞു. അഭയയുടെ പിതാവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ എ. എക്സ് വര്‍ഗീസും കുറ്റാരോപിതര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു വാദിച്ചു.വാദങ്ങളില്‍ ഉയര്‍ത്തപ്പെട്ട, പൊരുത്തമില്ലാത്ത വസ്തുതകളെ അഭിമുഖീകരിച്ച ഞാന്‍ ഒരു ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കുമ്പോള്‍ പാലിക്കേണ്ട എന്റെ ഉത്തരവാദിത്വത്തെയും പ്രത്യേക ശ്രദ്ധയെയുംപറ്റി സ്വയം ഓര്‍മിപ്പിച്ചു. ഒരു ജാമ്യഹര്‍ജി പരിഗണിക്കുന്ന കോടതി അതിന്റെ വിവേചനാധികാരം നീതിപൂര്‍വകമായ വിധത്തില്‍ നിര്‍വഹിക്കേണ്ടതുണ്ട്. വ്യക്തമായ നിഗമനങ്ങളുടെ പിന്‍ബലത്തോടെയാവണം ഇക്കാര്യത്തില്‍ ഉത്തരവു പുറപ്പെടുവിക്കേണ്ടത്. അതുകൊണ്ട് കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണ്ടാ ഇല്ലയോ എന്ന ഹ്രസ്വമായ പരിശോധന ജാമ്യഹര്‍ജിയിലുള്ള ഉത്തരവില്‍ അത്യാവശ്യമാണ്.

എന്തുകൊണ്ട് ജാമ്യം നല്‍കുന്നു, അല്ലെങ്കില്‍ നിഷേധിക്കുന്നു എന്നതിന്റെ കാരണം കൂടി ജാമ്യഹര്‍ജിയിലുള്ള ഉത്തരവില്‍ കോടതി കാണിച്ചിരിക്കണം. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ ഇത് പ്രത്യേകിച്ചും ആവശ്യമാണ്. ഇത്തരം കാരണങ്ങള്‍ കാണിക്കാതെയുള്ള ഏത് ഉത്തരവും നിയമദൃഷ്ടിയില്‍ മോശമാകും.അതേസമയം മറ്റൊരു പ്രധാന ഘടകത്തെപ്പറ്റിയും കോടതി ജാഗരൂകമാകേണ്ടതുണ്ട്. ജാമ്യം നല്‍കുന്ന സമയത്ത് തെളിവുകളുടെയും കേസിന്റെ മെരിറ്റിന്റെയും വിശദമായ പരിശോധന നടത്തേണ്ട ആവശ്യമില്ല. കോടതിയുടെ ഏതെങ്കിലും നിരീക്ഷണംമൂലം കുറ്റാരോപിതരോ അന്വേഷണ ഏജന്‍സിയോ മുന്‍വിധിക്ക് അടിപ്പെട്ടുപോകരുത് എന്നുറപ്പുവരുത്തേണ്ട ചുമതല കോടതിക്കുണ്ട് എന്നതിനാലാണത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ് കേസ് എങ്കില്‍ ജാമ്യഹര്‍ജിയിലെ വിധിയില്‍ കോടതി രേഖപ്പെടുത്തുന്ന കണ്ടെത്തലുകള്‍ കുറ്റാരോപിതരെയോ അന്വേഷകരെയോ പ്രതികൂലമായോ അനുകൂലമായോ ബാധിക്കാം. അതുകൊണ്ട് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ കോടതി എന്തെങ്കിലും വ്യക്തമായ കണ്ടെത്തലുകളോ നിഗമനങ്ങളോ രേഖപ്പെടുത്തുന്നത് കഴിയുന്നതും ഒഴിവാക്കണം.

ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകള്‍ വിശദമായി പരിഗണിക്കുന്നത് ഒഴിവാക്കണമെന്ന് സ്റ്റേറ്റ് ഓഫ് യു.പി വേഴ്സസ് അമര്‍മണി ത്രിപാഠി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ ജാമ്യം അനുവദിക്കുമ്പോള്‍ അതിന്റെ കാരണം കൂടി വ്യക്തമാക്കണമെന്ന് കല്യാണ്‍ ചന്ദ്ര സര്‍ക്കാര്‍ വേഴ്സസ് രാജേഷ് രഞ്ചന്‍ കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കൌമുദിയെക്കുറിച്ച് ചിലത്....

ശ്രീ നാരായണ ഗുരുവിന്റെ സ്ഥാനം ശ്രീ വെള്ളാപ്പള്ളി അപഹരിച്ചുവെന്നത് കൌമുദിയെ അസ്വസ്ഥമാക്കുന്നതേയില്ല (ശ്രീ നാരായണ കോളേജുകള്‍ ‘ശ്രീ വെള്ളാപ്പള്ളി നടേശന്‍‘ കോളേജുകളാവുന്നതും വെള്ളാപ്പള്ളി ട്രസ്റ്റുകള്‍ കൂണുപോലെ മുളക്കുന്നതും നാട്ടുകാരൊക്കെ കാണുന്നുണ്ടല്ലോ..). മദ്യം വിഷമാണ്, കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത്; ചെത്തുന്നവനെ നാറും, വില്‍ക്കുന്നവനെ നാറും, കുടിക്കുന്നവനെ നാറും എന്നൊക്കെ പറഞ്ഞത് ഗുരുദേവന്‍ തന്നെയാണോ എന്ന് ‘ചോവോന്മാര്‍ക്ക്’ ഇന്ന് സംശയം കാണും. അല്ലെങ്കിലും സമുദായ സമുദ്ധാരണമല്ലല്ലോ കൌമുദിയുടെ ലക്ഷ്യം.

സഭയ്ക്കെതിരേ ഭള്ള് പറയുമ്പോള്‍ ഒരു നൂറ്റാണ്ട് പിറകിലേക്കൊന്നു തിരിഞ്ഞു നോക്കണം. വന്ന വഴി ‘കൊട്ടി’ അടയ്ക്കരുത്, മറക്കുകയുമരുത്. ഈഴവ സമുദായത്തെ മുഴുവന്‍ കമ്മ്യൂണിസ്റ്റ് ആലയില്‍ കെട്ടിയിടാനൊരുങ്ങുന്നവര്‍ ചരിത്രത്തെ തേച്ചുമായ്ച്ചു കളയാന്‍ കഴിയുമെന്ന് കരുതിയിരിക്കരുത്. നിങ്ങളുടെ അമ്മപെങ്ങന്മാര്‍ തമ്പ്രാക്കന്മാരുടെ നയനസുഖത്തിനായി നിറമാറ് കാട്ടി നടന്നിരുന്ന കാ‍ലം ഒരുപാട് പിന്നിലൊന്നുമല്ല. അന്ന് അവരുടെ മാനത്തിന് വിലയുണ്ടെന്ന് പറഞ്ഞതും അവര്‍ക്ക് കുപ്പായം തുന്നിക്കൊടുത്ത് അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ അവരെ സജ്ജരാക്കിയതും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയല്ല, ഇവിടെ സുവിശേഷപ്രവര്‍ത്തനത്തിനിറങ്ങിയ ഒരു വിദേശ മിഷനറിയായിരുന്നു. ഇന്ന് ‘ഈഴവ പ്രമാണി’ ചമയുന്നവര്‍ ആ ചരിത്രമൊന്ന് മനസ്സിലാക്കുന്നതു നന്ന്. ‘ജാത്യാലുള്ള ഗുണം തൂത്താല്‍ പോവില്ല‘ എന്നൊരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലില്‍ പതിരില്ല എന്നുള്ളത് ‘മഞ്ഞപ്പത്രം’ വെറുതേ ഒന്നോടിച്ചു വായിക്കുന്നവര്‍ക്ക് മനസ്സിലാകും.

Tuesday, August 11, 2009

ഒരു സി.ബി.ഐ അഭയക്കുറിപ്പ് - 2

എന്തായിരുന്നു ജസ്റ്റിസ് ഹേമ ചെയ്ത കുറ്റം? അഭയ കേസില്‍ പ്രതികള്‍ എന്നാരോപിക്കപ്പെടുന്ന രണ്ടു വൈദികര്‍ക്കും ഒരു കന്യാസ്ത്രീക്കും ജാമ്യം അനുവദിച്ചുവെന്നതായിരുന്നു അത്. എന്നാല്‍ നീതിയുടെ കാവല്‍ ദേവത തന്നെയായ ആ മഹതി തെരുവില്‍ കല്ലെറിയപ്പെടുകയായിരുന്നു. ആസൂത്രിതമായ പ്രചാരണങ്ങളാണ് ശ്രീമതി ഹേമയ്ക്കെതിരേ പ്രതിയോഗികള്‍ അഴിച്ചുവിട്ടത്. ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ഹേമ പുറപ്പെടുവിച്ച വിധിന്യായം മുഴുവന്‍ വായിച്ചു നോക്കുന്നവര്‍ക്ക് അത് തികച്ചും ന്യായമാണെന്ന് ബോധ്യപ്പെടും. എന്നാല്‍ ക്രിസ്ത്യാനിയായ ഒരു ന്യായാധിപന്റെ ജൂണിയര്‍ ആയി ഹേമ പ്രാക്റ്റീസ് ചെയ്തിട്ടുണ്ടെന്നും ആ ന്യായാധിപന്‍ ജസ്റ്റിസ് ഹേമയെ സ്വാധീനിച്ചാണ് ഇങ്ങനെയൊരു വിധി സമ്പാദിച്ചതെന്നും പ്രചരണം അഴിച്ചുവിട്ടപ്പോള്‍ അപമാനിക്കപ്പെട്ടത് ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥിതിയായിരുന്നു. ‘നീതി ദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം‘ എന്ന തലക്കെട്ടില്‍ ‘മഞ്ഞ’ പത്രം മുഖപ്രസംഗം എഴുതിയപ്പോള്‍ സുഖിച്ചതാര്‍ക്കൊക്കെയെന്ന് ശരാശരി മലയാളിക്കറിയാം. അഭയയുടെ ആത്മാവിന്റെ വേദനയെക്കുറിച്ചോര്‍ത്ത് ഇപ്പോളും സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന പത്രാധിപര്‍ ഈഴവന്റെ ആത്മീയ നേതാവായിരുന്ന സ്വാമി ശ്വാശ്വതീകാനന്ദയുടെ പേരുപോലും കേല്‍ക്കാന്‍ മടിക്കുന്നു. ശാശ്വതീകാനന്ദ്യുടെ ആത്മാവ് ശിവഗിരിക്കുന്നില്‍ ഇല്ലെ???

Thursday, August 6, 2009

ഒരു സി.ബി.ഐ അഭയക്കുറിപ്പ്‌

നാളുകള്‍ നീണ്ട മാധ്യമ വിചാരണകള്‍ക്കും നുണ പ്രചാരണങ്ങള്‍ക്കും ശേഷം അഭയ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്‌. ആത്മഹത്യയോ കൊലപാതകമോ എന്ന് ഉറപ്പിച്ചുപറയാന്‍ പോലും പറ്റാത്ത മുന്‍ അന്വേഷണ സംഘങ്ങളുടെ അതേ അവസ്ഥയില്‍ തന്നെയാണ്‌ ഈ അന്വേഷകരും എന്ന് കെട്ടിച്ചമച്ച കുറ്റപത്രത്തിലൂടെ കണ്ണോടിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. കുറ്റവാളികളെ കണ്ടെത്തുക എന്നതിനെക്കാള്‍ അന്വേഷണ സംഘത്തിന്റെ ലക്ഷ്യം കുറ്റവാളികലെ സ്ര്ഷ്ടിക്കുക എന്നതില്‍ ആയിരുന്നു. തികച്ചും മുന്‍വിധിയോടെ ആണ്‌ ഈ അന്വേഷക സംഘം അന്വേഷണം തുടങ്ങുന്നതു തന്നെ. അഭയയുടെ മരണം കൊലപാതകം തന്നെ പക്ഷേ തെളിവുകള്‍ ഒന്നുമില്ല എന്ന് സി.ബി.ഐ യുടെ ഒരു അന്വേഷക സംഘം റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുന്നു. തൊട്ടുപിന്നാലെ സി.ബി.ഐ കേരളാ ഘടകം അന്വേഷണം ഏറ്റെടുക്കുന്നു. ദിവസങ്ങള്‍ക്കകം 'പ്രതികളെ' അറസ്റ്റ്‌ ചെയ്യുന്നു. ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍, ഒരു ഇന്‍ഡ്യന്‍ പൗരനെ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കാവുന്ന 14 ദിവസങ്ങള്‍ക്കു ശേഷവും തെളിവുകളില്ല ഹാജരാക്കാന്‍, തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡി. അതിന്റെ സമയവും തീരുന്നു. തെളിവുകള്‍ മാത്രം ഇല്ല. എവിടെ തെളിവ്‌? സി.ബി.ഐ ക്കറിയില്ല പക്ഷേ ഈഴവ സമുദായത്തിന്റെ സ്വന്തം പത്രത്തിനറിയാം. എല്ലാ ദിവസവും മുന്‍ പേജില്‍ സ്റ്റാഫ്‌ റിപ്പോര്‍ട്ടറുടെ ദ്ര്ക്സാക്ഷി വിവരണം. അടയ്ക്കാ രാജുവിനെയും, സന്‍ജു മാത്യുവിനെയും ശൂന്യതയില്‍ നിന്നും സ്ര്ഷ്ടിച്ച്‌ സാക്ഷികളാക്കിയ സി.ബി.ഐ ഈ റിപ്പോര്‍ട്ടറെ ഒന്നു കണ്ടിരുന്നെങ്കില്‍ ഇങ്ങനെ ഇരുട്ടില്‍ ഇല്ലാത്ത പൂച്ചയെ തപ്പേണ്ടി വരില്ലായിരുന്നു. പയസ്‌ റ്റെന്‍ത്‌ ഹോസ്റ്റലില്‍ അഭയ കൊല്ലപ്പെട്ട ദിവസം 'നടന്ന സംഭവങ്ങള്‍' ഇദ്ദേഹം വിവരിക്കുന്നത്‌ വള്ളം കളിക്ക്‌ തല്‍സമയ കമന്ററി പറയുന്നതു പോലെയായിരുന്നു. 'അക്ഷരങ്ങളെ വ്യഭിചരിക്കുക' എന്ന പ്രയോഗത്തിന്റെ അര്‍ഥമെന്തെന്ന് ഫയര്‍ എന്ന പ്രസിദ്ധീകരണത്തിലൂടെ മലയാളികല്‍ക്കു മനസ്സിലാക്കിക്കൊടുക്കുന്ന കൗമുദിയുടെ പത്രധര്‍മം, മുന്നോക്കക്കാരനെ അപമാനിച്ചു രസിക്കുന്ന പിന്നോക്കക്കാരന്റെ വിലകുറഞ്ഞ അപകര്‍ഷത അച്ചിട്ടു നിരത്തലാണ്‌ എന്ന് അഭയ കേസ്‌ സംബന്ധമായി ഈ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ നിഷ്പക്ഷമായി വിലയിരുത്തുന്ന ശരാശരി മലയാളിക്ക്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല. ഏതു ചെത്തുകാരനും കള്ളു കച്ചവടക്കാരനും ചെയ്യാന്‍ പറ്റിയ 'പണിയായി' മാധ്യമ പ്രവര്‍ത്തനം മാറിയതിന്റെ 'ദുരവസ്ഥ' നമ്മുടെ ജുഡീഷ്യറിക്കും അനുഭവിക്കേണ്ടി വന്നു. 'നീതി ദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം' എന്ന പേരില്‍ കൗമുദി പ്രസിദ്ധീകരിച്ച മുഖ പ്രസംഗത്തിനെതിരെ പ്രതികരിക്കാനോ ഒരു കോടതിയലക്ഷ്യ കേസ്‌ എങ്കിലും ഫയല്‍ ചെയ്യാനോ ആരും ഉണ്ടായില്ല എന്നതില്‍ നിന്ന് നാം പലതും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കോടതി പരിസരത്ത്‌ ഉറക്കെ ഹോണ്‍ അടിച്ചാല്‍ പോലും കോടതിയലക്ഷ്യത്തിന്‌ സമാധാനം പറയേണ്ടിവരുന്ന നാട്ടില്‍, ഒരു വനിതാ ജഡ്ജിയെ പലവിധത്തില്‍ ആക്ഷേപിക്കുന്നതും അവരുടെ കോലം കത്തിക്കുന്നതുംവരെ സാംസ്കാരിക നായകരും ബുദ്ധി ജീവികളും വായും പൂട്ടി നോക്കി നിന്നു.
(....തുടരും)

കടത്തിണ്ണയിലേയ്ക്ക് സ്വാഗതം

മലയാളിയുടെ സാംസ്കാരികത വളര്‍ന്നത് അവന്റെ നാല്‍ക്കവലകളിലേയും കടത്തിണ്ണകളിലേയും ചര്‍ച്ചകളിലൂടെയാണ്. സൂര്യനു കീഴിലുള്ള സകല കാര്യങ്ങളും കടത്തിണ്ണകളില്‍ ചര്‍ച്ച ചെയ്യപ്പെടും. ഈ കടത്തിണ്ണകളാണ് രാഷ്ട്രീയപരമായും സാംസ്കാരികപരമായുമുള്ള നമ്മുടെ നേരറിവുകളെ സൃഷ്ടിച്ചത്. ഈ ബൂലോകത്തില്‍ ഒരു ചെറിയ നാല്‍ക്കവലയില്‍ മനുഷ്യപുത്രന്റെ കടത്തിണ്ണ ചര്‍ച്ചകള്‍ക്കായി തുറന്നിടുകയാണ്. ഇവിടെ നമ്മള്‍ രാഷ്ട്രീയം പറയും, കുശുമ്പും കുന്നായ്മയും പറയും. പച്ച മനുഷ്യന്റെ വിചാരങ്ങള്‍ പറയും.

മലയാളി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത അഭയ കേസിന്റെ നാള്‍വഴികളിലേയ്ക്ക് നമുക്ക് കടന്നു ചെല്ലാം. ഒരു സത്യാന്വേഷിയുടെ കണ്ണുകളുമായി...

അനുകൂലിച്ചും പ്രതികൂലിച്ചും ഈ കടത്തിണ്ണയെ ശബ്ദമുഖരിതമാക്കുവാന്‍ ഏവര്‍ക്കും സ്വാഗതം.