Wednesday, November 4, 2009

അഭയാ കേസില്‍ കുറ്റാരോപിതര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. ഹേമ ജനുവരി ഒന്നിനു പുറപ്പെടുവിച്ച വിധിന്യായം - Part 1

ഏകദേശം ഒരു പതിറ്റാണ്ടു മുമ്പ് പയസ് ടെന്‍ത് കോണ്‍‌വന്റ് ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയ(Sister Abhaya) എന്ന കന്യാസ്ത്രീയുടെ മൃതദേഹം ഹോസ്റ്റല്‍ കോമ്പൌണ്ടിലുള്ള കിണറ്റില്‍ നിന്നു പുറത്തെടുത്തു. ഈ ഹോസ്റ്റല്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു വനിതാ ഹോസ്റ്റല്‍ ആയിരുന്നു. ഇരുപതു കന്യാസ്ത്രീകളടക്കം 123 അന്തേവാസികളാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്.അഭയാ കേസില്‍ മൂന്നാം പ്രതിയായി കുറ്റാരോപിതയായ കന്യാസ്ത്രീ ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ അടുക്കളയുടെയും ഭക്ഷണമുറിയുടെയും സമീപത്തുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഹോസ്റ്റലില്‍ മെസ്സിന്റെയും അടുക്കളയുടെയും ചുമതലയുള്ള സിസ്റര്‍ ഹെലന്റെ സഹായിയായിരുന്നു അവര്‍. ഹോസ്റ്റലില്‍ ഒരേ മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവദിവസം സിസ്റ്റര്‍ ഹെലന്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ല.കുറ്റാരോപിതയായ കന്യാസ്ത്രീക്ക് ഒരു കോളജില്‍ അധ്യാപകരായ രണ്ടു വൈദികരുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നാണ് ആരോപണം. ഒന്നാം കുറ്റാരോപിതനായ ആള്‍ മനഃശാസ്ത്രവും രണ്ടാം കുറ്റാരോപിതനായ ആള്‍ മലയാളവുമാണ് കോളജില്‍ പഠിപ്പിച്ചിരുന്നത്. സംഭവദിവസമായ 1992 മാര്‍ച്ച് 27-ന് പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്ന സിസ്റ്റര്‍ അഭയയെ, നേരത്തെ വാഗ്ദാനം ചെയ്തിരുന്നതുപോലെ സിസ്റ്റര്‍ ഷേര്‍ലി പുലര്‍ച്ചെ നാലിന് വിളിച്ചെഴുന്നല്പിച്ചു. തുടര്‍ന്ന് സിസ്റ്റര്‍ അഭയ ടോയ്‌ലറ്റില്‍ പോയി. പിന്നീട് ഉറക്കംവരാതെ ഉണര്‍ന്നിരിക്കാന്‍ കണ്ണില്‍ ഒഴിക്കുന്നതിന് ഫ്രിഡ്ജില്‍ നിന്നു തണുത്ത വെള്ളം എടുക്കാന്‍ അടുക്കളയിലേക്കു പോയി.അടുക്കളയില്‍ ചെന്ന സിസ്റ്റര്‍ അഭയ അവിടെ കുറ്റാരോപിതരായ രണ്ടു വൈദികരും കന്യാസ്ത്രീയും അരുതാത്ത രീതിയിലിരിക്കുന്ന കാഴ്ച കണ്ടുവെന്നാണ് ആരോപണം. അഭയ ഇതു പുറത്തു പറയുമെന്ന ഭയത്താല്‍ ഒന്നാം കുറ്റാരോപിതന്‍ അവരുടെ കഴുത്തിനു ഞെക്കിപ്പിടിക്കുകയും മൂന്നാം കുറ്റാരോപിത കോടാലി കൊണ്ടു തലയ്ക്കടിക്കുകയും ചെയ്തു. പിന്നീട് മൂന്നുപേരുംകൂടി ബലമായി പിടികൂടി അഭയയെ ബോധാവസ്ഥയില്‍ത്തന്നെ കിണറ്റിലെറിയുകയും അവിടെക്കിടന്ന് വെള്ളം കുടിച്ചു മരിക്കുകയും ചെയ്തുവെന്നാണ് കേസ്.(ആരോപിക്കപ്പെടുന്ന ആക്രമണത്തിന്റെ ഈ ഭാഗം കേസ് ഡയറിയിലോ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടിലോ വേണ്ടത്ര വ്യക്തമല്ല. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ ഞാന്‍ പ്രോസിക്യൂഷന്റെ വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥനുമായി ചര്‍ച്ച ചെയ്ത ശേഷം പ്രോസിക്യൂഷന്‍ അഭിഭാഷകനാണ് മുന്‍പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചത്.)അഭയയുടെ മരണം നടന്ന് പതിനാറര വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്യപ്പെട്ട മൂന്നു കുറ്റാരോപിതരേയും 2008 നവംബര്‍ 19ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു റിമാന്‍ഡ് ചെയ്തിരുന്നു. അവര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ അഭിഭാഷകനായ എം.കെ ദാമോദരന്‍ മൂന്നാം കുറ്റാരോപിതയ്ക്കു വേണ്ടിയും ബി. രാമന്‍ പിള്ള ഒന്നാം കുറ്റാരോപിതനുവേണ്ടിയും സി.പി ഉദയഭാനു രണ്ടാം കുറ്റാരോപിതനുവേണ്ടിയും കോടതിയില്‍ ന്യായവാദം നടത്തി.കുറ്റാരോപിതര്‍ക്ക് ജാമ്യം കിട്ടാന്‍ അര്‍ഹതയുണ്ടെന്നു വാദിച്ച അഭിഭാഷകര്‍ അതിനായി നിരവധി ന്യായങ്ങള്‍ നിരത്തി. ഈ വാദങ്ങളെ എതിര്‍ത്ത സി.ബി.ഐ അഭിഭാഷകന്‍ കുറ്റാരോപിതര്‍ക്കെതിരേ ശക്തമായ സാഹചര്യത്തെളിവുകള്‍ ഉണ്ടെന്നു വാദിച്ചു. ഫാ. ജോസ് പൂതൃക്കയിലിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചതാണെന്നും സി.ബി.ഐ അഭിഭാഷകന്‍ പറഞ്ഞു. അഭയയുടെ പിതാവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ എ. എക്സ് വര്‍ഗീസും കുറ്റാരോപിതര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു വാദിച്ചു.വാദങ്ങളില്‍ ഉയര്‍ത്തപ്പെട്ട, പൊരുത്തമില്ലാത്ത വസ്തുതകളെ അഭിമുഖീകരിച്ച ഞാന്‍ ഒരു ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കുമ്പോള്‍ പാലിക്കേണ്ട എന്റെ ഉത്തരവാദിത്വത്തെയും പ്രത്യേക ശ്രദ്ധയെയുംപറ്റി സ്വയം ഓര്‍മിപ്പിച്ചു. ഒരു ജാമ്യഹര്‍ജി പരിഗണിക്കുന്ന കോടതി അതിന്റെ വിവേചനാധികാരം നീതിപൂര്‍വകമായ വിധത്തില്‍ നിര്‍വഹിക്കേണ്ടതുണ്ട്. വ്യക്തമായ നിഗമനങ്ങളുടെ പിന്‍ബലത്തോടെയാവണം ഇക്കാര്യത്തില്‍ ഉത്തരവു പുറപ്പെടുവിക്കേണ്ടത്. അതുകൊണ്ട് കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണ്ടാ ഇല്ലയോ എന്ന ഹ്രസ്വമായ പരിശോധന ജാമ്യഹര്‍ജിയിലുള്ള ഉത്തരവില്‍ അത്യാവശ്യമാണ്.

എന്തുകൊണ്ട് ജാമ്യം നല്‍കുന്നു, അല്ലെങ്കില്‍ നിഷേധിക്കുന്നു എന്നതിന്റെ കാരണം കൂടി ജാമ്യഹര്‍ജിയിലുള്ള ഉത്തരവില്‍ കോടതി കാണിച്ചിരിക്കണം. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ ഇത് പ്രത്യേകിച്ചും ആവശ്യമാണ്. ഇത്തരം കാരണങ്ങള്‍ കാണിക്കാതെയുള്ള ഏത് ഉത്തരവും നിയമദൃഷ്ടിയില്‍ മോശമാകും.അതേസമയം മറ്റൊരു പ്രധാന ഘടകത്തെപ്പറ്റിയും കോടതി ജാഗരൂകമാകേണ്ടതുണ്ട്. ജാമ്യം നല്‍കുന്ന സമയത്ത് തെളിവുകളുടെയും കേസിന്റെ മെരിറ്റിന്റെയും വിശദമായ പരിശോധന നടത്തേണ്ട ആവശ്യമില്ല. കോടതിയുടെ ഏതെങ്കിലും നിരീക്ഷണംമൂലം കുറ്റാരോപിതരോ അന്വേഷണ ഏജന്‍സിയോ മുന്‍വിധിക്ക് അടിപ്പെട്ടുപോകരുത് എന്നുറപ്പുവരുത്തേണ്ട ചുമതല കോടതിക്കുണ്ട് എന്നതിനാലാണത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ് കേസ് എങ്കില്‍ ജാമ്യഹര്‍ജിയിലെ വിധിയില്‍ കോടതി രേഖപ്പെടുത്തുന്ന കണ്ടെത്തലുകള്‍ കുറ്റാരോപിതരെയോ അന്വേഷകരെയോ പ്രതികൂലമായോ അനുകൂലമായോ ബാധിക്കാം. അതുകൊണ്ട് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ കോടതി എന്തെങ്കിലും വ്യക്തമായ കണ്ടെത്തലുകളോ നിഗമനങ്ങളോ രേഖപ്പെടുത്തുന്നത് കഴിയുന്നതും ഒഴിവാക്കണം.

ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകള്‍ വിശദമായി പരിഗണിക്കുന്നത് ഒഴിവാക്കണമെന്ന് സ്റ്റേറ്റ് ഓഫ് യു.പി വേഴ്സസ് അമര്‍മണി ത്രിപാഠി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ ജാമ്യം അനുവദിക്കുമ്പോള്‍ അതിന്റെ കാരണം കൂടി വ്യക്തമാക്കണമെന്ന് കല്യാണ്‍ ചന്ദ്ര സര്‍ക്കാര്‍ വേഴ്സസ് രാജേഷ് രഞ്ചന്‍ കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment