Thursday, November 5, 2009

വിധിന്യായം - Part 10

ഇനി കന്യകാത്വ പരിശോധനയെപ്പറ്റി. മൂന്നാം കുറ്റാരോപിത ഒരു കന്യകയല്ലെന്നു
സ്ഥാപിക്കേണ്ടതു സി.ബി.ഐക്ക് ഈ കേസ് തെളിയിക്കാന്‍ അത്യാവശ്യമായിരുന്നോ?
കന്യകാത്വ പരിശോധനയ്ക്ക് കുറ്റാരോപിതയെ വിധേയയാക്കുകയും അവര്‍ കന്യാചര്‍മ
പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോപ്ളാസ്റ്റി) നടത്തിയെന്ന് ആരോപിക്കുകയും
സി.ബി.ഐ ചെയ്തു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഇനി സമൂഹമധ്യേ
ജീവിക്കണമെങ്കില്‍, താന്‍ കന്യാചര്‍മ പുനഃസ്ഥാപന ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന്
അവര്‍ക്കു തെളിയിക്കേണ്ടതുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചു. പ്രോസിക്യൂഷന്‍
ആരോപിക്കുന്നതുപോലെയുള്ള ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നു തെളിയിക്കാന്‍ ഈ
കോടതി നിശ്ചയിക്കുന്ന ഏതു മെഡിക്കല്‍ ബോര്‍ഡിന്റെയും മുമ്പാകെ ഏതു
പരിശോധനയ്ക്കും വിധേയയാകാന്‍ താന്‍ തയാറാണെന്ന് അവര്‍ ബോധിപ്പിച്ചു.

ഹൈമനോപ്ളാസ്റ്റി ഇന്ത്യക്കു വെളിയില്‍ മാത്രമേ നടത്താനാകൂവെന്നും കുറ്റാരോപിത
ജീവിതത്തിലൊരിക്കലും വിദേശത്തു പോയിട്ടില്ലെന്നും അവരുടെ അഭിഭാഷകന്‍
ചൂണ്ടിക്കാട്ടി. ഈ കേസില്‍ കന്യകാത്വ പരിശോധന തികച്ചും അനാവശ്യമായിരുന്നു
എന്നാണ് എന്റെ അഭിപ്രായം. കുറ്റാരോപിതയെ ഇത്തരമൊരു അപമാനത്തിനു
വിധേയയാക്കിയത് നിര്‍ഭാഗ്യകരമാണ്. പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയുടെമേല്‍
ചെളിവാരിയെറിയാമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഇതുകൊണ്ടു സാധിക്കില്ല. ഈ
കേസില്‍ യാതൊരു പ്രയോജനവുമില്ലാതിരുന്നിട്ടും ഒരു കന്യാസ്ത്രീയുടെ
രഹസ്യഭാഗങ്ങളെപ്പറ്റി പരസ്യ ചര്‍ച്ച സൃഷ്ടിച്ചതാണ് ഏറെ നിര്‍ഭാഗ്യകരം.
പൊതുജനമധ്യത്തില്‍ ഒരു കന്യാസ്ത്രീയെ അവഹേളിതയാക്കിയെന്നല്ലാതെ മറ്റൊന്നും
കന്യകാത്വ പരിശോധനകൊണ്ടു സാധിച്ചില്ല. കേസില്‍ കുറ്റാരോപിതരായ പുരുഷ
പങ്കാളികളുടെ ലൈംഗിക ശേഷി പരിശോധിക്കാനും സി.ബി.ഐ
ഇറങ്ങിപ്പുറപ്പെടുമായിരുന്നോ എന്ന് ഞാന്‍ ശരിക്കും അദ്ഭുതപ്പെടുന്നു..! ഇതൊരു
ജാമ്യഹര്‍ജി മാത്രമായതിനാല്‍ നീതിന്യായക്കോടതിയുടെ സംയമനം ഞാന്‍
പാലിക്കുകയാണ്. കേസ് ഡയറി സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്ന് എനിക്ക്
മനസിലാകുന്നത് ഈ കേസില്‍ യഥാര്‍ഥ വസ്തുതകളെ പിന്തുടരുന്നതിനു പകരം
നിഴലിനു പിന്നാലെ ഓടുകയാണ് സി.ബി.ഐ ചെയ്തതെന്നാണ്. വ്യര്‍ഥമായ
വ്യായാമമാണ് ഈ ഓട്ടം. അന്വേഷണം എത് കുറ്റകൃത്യത്തിന്റേയോ സംഭവത്തിന്റേയോ
സാഹചര്യത്തിന്റേയോ വസ്തുതകളെ ശ്രദ്ധാപൂര്‍വം പരിശോധിച്ച് അതിലെ സത്യം
കണ്ടെത്തുകയോ അതെങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തുകയോ ആണ്. അല്ലാതെ
ആദ്യം ഒരു ലക്ഷ്യം നിശ്ചയിച്ചശേഷം തെളിവിനായി വേട്ടയാടുകയല്ല.

അന്വേഷണം പാളം തെറ്റിയെന്നാണ് കേസ് ഡയറി പരിശോധിക്കുകയും അതിലെ വിവരങ്ങള്‍ വിലയിരുത്തുകയും ചെയ്തപ്പോള്‍ എനിക്കു മനസിലാകുന്നത്. അന്വേഷകര്‍ തീര്‍ച്ചയായും
ശ്രദ്ധിക്കേണ്ട വളരെ പ്രസക്തമായ ചില വിവരങ്ങള്‍ കേസ് ഡയറിയില്‍ ഞാന്‍ കണ്ടു.
അന്വേഷണത്തിന്റെ ഈ അവസാനഘട്ടത്തിലെങ്കിലും അതുണ്ടായില്ലെങ്കില്‍ സിസ്റ്റര്‍
അഭയയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കില്ല. അതിനാല്‍ ഇക്കാര്യങ്ങള്‍ ഇപ്പോഴത്തെ
അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് എന്റെ ചുമതലയാണെന്ന് ഞാന്‍
കരുതുന്നു. അന്വേഷണവുമായി ഇനി മുന്നോട്ടു പോകുംമുമ്പ് അവര്‍ ഇവ വിശദമായി
പഠിക്കണം. ശരിയായ ദിശയില്‍ അന്വേഷണത്തെ മുന്നോട്ടുനയിക്കാന്‍ കഴിവുള്ള
പരിചയസമ്പന്നനായ ഒരു മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ
മേല്‍നോട്ടത്തിലായിരിക്കണം ഇതെല്ലാം.

No comments:

Post a Comment