Thursday, November 5, 2009

വിധിന്യായം - Part 11

ഡോ. മുകുന്ദന്‍ 12-6-2003 തീയതി വച്ചു
നല്‍കിയ ബ്രെയിന്‍ ഫിംഗര്‍പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട് പഠിക്കുന്നത് അന്വേഷണ
സംഘത്തിനു പ്രയോജനപ്പെടുമെന്നാണ് എന്റെ അഭിപ്രായം. താഴെപ്പറയുന്ന സംഗതികള്‍
ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

1. ഹോസ്റ്റലിലെ അടുക്കള അലങ്കോലമായത് അഭയയും ത്രേസ്യാമ്മ, അച്ചാമ്മ, സിസ്റ്റര്‍
സെഫി, അഭയയോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ ഷേര്‍ലി എന്നിവരും
തമ്മിലുണ്ടായ പിടിവലി മൂലമാണ്. (അടുക്കള അലങ്കോലമായതിന്റെ കാരണം
ഇവര്‍ക്കറിയാമെന്ന് ഇതു സൂചിപ്പിക്കുന്നു).
2. അഭയ അടുക്കളയില്‍ നിന്നു പുറത്തേക്ക് ഓടുന്നതു തടയാന്‍ സിസ്റ്റര്‍ ഷേര്‍ലിയെ
ത്രേസ്യാമ്മയും അച്ചാമ്മയും സഹായിച്ചതായി ഇതുസംബന്ധമായ അന്വേഷണങ്ങള്‍
സൂചന നല്‍കുന്നു.
3. സംഭവം കണ്ടിരുന്ന സിസ്റ്റര്‍ ഷേര്‍ലിക്ക് അടുക്കള അലങ്കോലമായതിനെപ്പറ്റി
നേരിട്ടറിവുണ്ട് (പരിശോധനക്കിടയില്‍ അസ്വസ്ഥയായി കാണപ്പെട്ട ഒരേയൊരാള്‍
ഇവരാണ്).
4. അഭയയുടെ കൊലപാതകത്തില്‍ സിസ്റ്റര്‍ സെഫിക്കു പങ്കുണ്ടാകാനുള്ള സാധ്യത
പരിശോധിച്ചെങ്കിലും പരിശോധനാ ഫലം അതു ശരിവയ്ക്കുന്നതായിരുന്നില്ല.
5. അഭയയെപ്പറ്റി ഹോസ്റ്റലിലെ നിരവധി അന്തേവാസികളില്‍ നിന്നുമെടുത്ത മൊഴികള്‍
മിക്കവയും സൂചന നല്‍കിയത് അഭയ വിഷാദത്തിലായിരുന്നു എന്നാണ്.
6. അഭയയുടെ വിഷാദാവസ്ഥയെപ്പറ്റി അവരോടൊപ്പം താമസിച്ചിരുന്ന
അന്തേവാസികള്‍ പലര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പരിശോധനാ ഫലങ്ങളില്‍
സൂചനയുണ്ട്.
ശാസ്ത്രീയ പരിശോധനയിലെ ഏറ്റവും പ്രസക്തമായ ഈ ഭാഗങ്ങള്‍ അന്വേഷകര്‍
എന്തുകൊണ്ടു കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്തുവന്നാണ് എനിക്കു
മനസിലാകാത്തത്. അന്വേഷകര്‍ ആവശ്യപ്പെടാത്തതുകൊണ്ടാണ് ഇതുസംബന്ധിച്ച്
കൂടുതല്‍ പരിശോധന നടത്താതിരുന്നതെന്നും ഡോ.മുകുന്ദന്റെ റിപ്പോര്‍ട്ടിലുണ്ട്.
തെറ്റാണെങ്കിലും ശരിയാണെങ്കിലും, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്ന
ദിശയില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍, അന്വേഷകര്‍ വിശദീകരിക്കാന്‍
വിഷമിക്കുന്ന പല കാര്യങ്ങളിലും വിശദീകരണം ലഭിക്കുമായിരുന്നു. അവ ഇവയാണ്.
1. അടുക്കള അലങ്കോലമായത്.
2. അടുക്കളയിലോ പരിസരത്തോ ചോരപ്പാടുകള്‍ കാണാതിരുന്നത്.
3. വാതിലിന്റെ സാക്ഷാ അകത്തുനിന്നുള്ളത് തുറന്നുകിടന്നത്.
4. വാതില്‍ പുറത്തുനിന്നു സാക്ഷയിട്ടിരുന്നത്.
5. രക്തം പുരളാത്ത ശിരോവസ്ത്രം ലഭിച്ചത്.
6. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിക്കുകള്‍ സംഭവസ്ഥലത്തു നിന്നു
കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടാത്തത്.
7. കൊലപാതക കാരണമായേക്കാവുന്ന മുറിവുകളൊന്നും മൃതദേഹത്തില്‍
കാണാതിരുന്നത്.
8. അഭയ കിണറ്റില്‍ ബോധാവസ്ഥയില്‍ കിടന്നശേഷം മുങ്ങി മരണം സംഭവിച്ചത്.
9. അഭയ ഉച്ചത്തില്‍ കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാതിരുന്നത്.
10. ഹോസ്റ്റലിലെ പട്ടി കുരയ്ക്കാതിരുന്നത്.
ഇവയെല്ലാം ശരിയായി വിശദീകരിക്കണമെങ്കില്‍ ഇവയെപ്പറ്റി അന്വേഷണം വേണം.
2003-ലാണ് ഡോ.മുകുന്ദന്‍ ഈ ബ്രെയിന്‍ഫിംഗര്‍ പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട്
തയാറാക്കിയത്. ശാസ്ത്രീയമായ ഈ പരിശോധനയുടെ വിശദാംശങ്ങള്‍ ചികഞ്ഞ്
അഭയയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ഒരു ചിത്രം കണ്ടെത്താന്‍
അന്വേഷകര്‍ ശ്രമിക്കണം. മുന്‍പറഞ്ഞ ശാസ്ത്രീയ റിപ്പോര്‍ട്ടിലെ സൂചനകള്‍
ശരിയാണെങ്കില്‍ വലിയൊരു ചോദ്യം ഉയരുന്നുണ്ട്. എന്തിനാണ് ആത്മഹത്യ
രഹസ്യമാക്കി വച്ചത്?

No comments:

Post a Comment