അഭയ കേസില്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ മാധ്യമങ്ങളും പൊതുസമൂഹവും സ്വന്തം
നിഗമനങ്ങളുമായി ഏറെ മുന്നോട്ടുപോയി. 24 വാല്യങ്ങളുള്ള കേസ് ഡയറിയിലെ
വിവരങ്ങള്‍ എന്താണെന്നറിയാതെയാണിത്. വിദഗ്ദ്ധര്‍ തയാറാക്കിയ നിരവധി ശാസ്ത്രീയ
റിപ്പോര്‍ട്ടുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിംഗ് റിപ്പോര്‍ട്ടുകള്‍,
കോടതിയുടെ നിരന്തരമായ ശ്രമഫലമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍
നിന്നു ശേഖരിച്ച നാര്‍ക്കോ അനാലിസിസ് സിഡികള്‍, അവയുടെ മൂല്യവും
നിയമസാധുതയും, വിവിധ അന്വേഷണ എജന്‍സികളുടെ ഫൈനല്‍ റിപ്പോര്‍ട്ടുകള്‍ -
ഇവയെക്കുറിച്ചൊന്നും പൊതുജനത്തിനു യാതൊന്നുമറിയില്ലായിരുന്നു. അതൊന്നും
മാധ്യമങ്ങളെയോ പൊതുജനത്തെയോ ഒരിക്കലും വേവലാതിപ്പെടുത്തിയില്ല.എന്നാല്‍ മുന്‍പറഞ്ഞ കാര്യങ്ങളൊന്നും പരിശോധിക്കാതെതന്നെ മാധ്യമങ്ങള്‍ ഇതിനകം
വിധിയെഴുതിക്കഴിഞ്ഞു. കേസ്ഡയറിയിലുള്ള നഗ്നസത്യങ്ങളുമായി യാതൊരു
ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ സ്വാധീനവലയത്തില്‍പ്പെട്ട
പൊതുജനവും അവയോടൊപ്പം കൈകോര്‍ത്തു. മാധ്യമങ്ങളും പൊതുജനവും ചേര്‍ന്ന്
ഇതിനകം പ്രഖ്യാപിച്ച വിധിക്കെതിരെ എന്തെങ്കിലും എഴുതാനോ സംസാരിക്കാനോ
ധൈര്യപ്പെടുന്ന ജഡ്ജിയുടെ തലയ്ക്കു മുകളില്‍ സല്‍പ്പേര് കളങ്കപ്പെടുമെന്ന ഭീഷണിയുടെ
"ഡമോക്ലീസിന്റെ വാള്‍" തൂങ്ങിനില്‍ക്കുന്നു. മൂന്നുപേരെ ഇതിനകം തന്നെ
തൂക്കുമരത്തിലേക്ക് അയച്ചുകഴിഞ്ഞു. പിന്നെതിനാണ് ഈ രാജ്യത്ത് ക്രിമിനല്‍ നീതിന്യായ
സംവിധാനം നിലനില്‍ക്കുന്നത്. നിരവധി അന്വേഷണ ഉദ്യോഗസ്ഥര്‍, ലോക്കല്‍
പൊലീസിലെയും ക്രൈംബ്രാഞ്ചിലെയും നിരവധി ഉദ്യോഗസ്ഥര്‍, ക്രൈസ്തവ സഭ,
കോണ്‍വെന്റ് അധികൃതര്‍, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മറ്റു നിരവധിപ്പേര്‍
-ഇവരെല്ലാം പ്രതിക്കൂട്ടിലാണ്. മരിച്ചു കഴിഞ്ഞിട്ടുപോലും ചില സാഷികളെ മാധ്യമങ്ങളും
പൊതുജനവും ചേര്‍ന്നു വേട്ടയാടുന്നു. പാവം പൊതുജനം; രേഖകളിലുള്ളത് എന്താണെന്ന് അവര്‍ക്കറിയില്ല. നിരന്തരമായ
മസ്തിഷ്കപ്രക്ഷാളനത്തിനു വിധേയരായ അവര്‍ തങ്ങളെ ഇത്രനാളും
വിശ്വസിപ്പിച്ചിരുന്നതുമായി യോജിക്കാത്ത ഒരു കോടതിവിധി അംഗീകരിക്കാന്‍പോലും
തയാറായേക്കില്ല. കേസ് രേഖകളില്‍നിന്നു വെളിപ്പെടുന്ന വസ്തുതകളുടെ
അടിസ്ഥാനത്തില്‍മാത്രമേ കോടതിക്ക് മുന്നോട്ടു പോകാനാവു. എന്നാല്‍, പൊതുജനം
ഇപ്പോഴും മരീചികക്കു പിന്നാലെയാണ്. സത്യം വളരെ അകലെയാണ്
നിലകൊള്ളുന്നതെന്ന് മനസിലാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. ഈ രണ്ട് വാചകങ്ങള്‍
പറയാന്‍ മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ "പിതാവേ ഇവരോട് ക്ഷമിക്കണമേ, ഇവര്‍
ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല."
Thursday, November 5, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment