ശരിയായ നീതിനിര്‍വഹണം സാധ്യമാക്കുന്നതല്ല ഈ സാഹചര്യം. അഭിഭാഷകര്‍ വാദിക്കുന്നതിനു മുമ്പ് അവര്‍ക്ക് കുറ്റാരോപിതരില്‍ നിന്ന് ശരിയായ വിവരങ്ങള്‍ ലഭിക്കുകയെങ്കിലും വേണം. അതുകൊണ്ടാണ് സംഭവം നടന്ന ദിവസം ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുറ്റാരോപിതയെ കണ്ടു വിവരങ്ങള്‍ ശേഖരിക്കാന്‍ അവരുടെ അഭിഭാഷകനെ അനുവദിച്ചുകൊണ്ട് ഞാന്‍ ഉത്തരവിട്ടത്.ഹോസ്റ്റലില്‍ നടന്ന കാര്യങ്ങളെപ്പറ്റി അവര്‍ക്ക് ചില വിവരങ്ങളെങ്കിലും ഉണ്ടാകാനിടയുണ്ട്. ഈ വിവരങ്ങള്‍ അറിയുന്നത് ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ മറ്റു കുറ്റാരോപിതര്‍ക്കും ഈ അനുവാദം നല്‍കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു.ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ എനിക്കു തോന്നിയത്, വാദങ്ങളെല്ലാം നടക്കുന്നത് കേസ് റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തിലല്ല, കഴിഞ്ഞ 16 വര്‍ഷമായി മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ്. ഈ കെട്ടുകഥകള്‍ക്ക് കേസ് റിക്കാര്‍ഡുകളുമായി യാതൊരു ബന്ധവുമില്ല. കേസ് ഡയറി മാത്രമേ ഞാന്‍ കാര്യമാക്കുന്നുള്ളു.
കുറ്റാരോപിതരെ സഹായിക്കുന്നതിനുവേണ്ടി ലോക്കല്‍ പോലീസ് അഭയയുടെ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടു നല്‍കിയതായി വാദം ഉയര്‍ന്നിരുന്നു. കൊലപാതകം മൂടിവയ്ക്കാന്‍ ലോക്കല്‍ പോലീസ്, പ്രത്യേകിച്ച് മരണമടഞ്ഞ മുന്‍ എ.എസ്.ഐ വി.വി അഗസ്റ്റിന്‍ ശ്രമിച്ചതായി സി.ബി.ഐ അഭിഭാഷകന്‍ ശക്തമായി വാദിച്ചിരുന്നു. കോണ്‍വന്റ് അധികൃതരുടെ പ്രേരണമൂലം അന്വേഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ പല തിരിമറികളും നടന്നതായും അദ്ദേഹം വാദിച്ചു. എന്നാല്‍, ലോക്കല്‍ പോലീസ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടേയില്ലെന്ന് കേസ് ഡയറി വെളിപ്പെടുത്തുന്നു.അഭയയുടെ മരണം ആത്മഹത്യയാണോ നരഹത്യയാണോ എന്ന നിഗമനങ്ങളിലൊന്നും അവര്‍ എത്തിയില്ല. രണ്ടു സാധ്യതകളും ലോക്കല്‍ പോലീസ് പരിഗണിച്ചുവെന്നും കേസ് ഡയറി വെളിപ്പെടുത്തുന്നു. നരഹത്യയാണെങ്കില്‍ അതു നടന്നിരിക്കാനുള്ള വിവിധ രീതികളുടെ സാങ്കല്പിക ചിത്രവും എ.എസ്.ഐയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും കുറ്റാരോപിതരെ സഹായിക്കാനായി ലോക്കല്‍ പോലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്ന് സി.ബി.ഐ പോലൊരു ഏജന്‍സി കേസ് ഡയറിയിലെ വസ്തുതകള്‍ക്കു വിരുദ്ധമായി ആരോപ ണം ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണ്.അഭയയുടെ കൊലപാതകം മൂടിവയ്ക്കാന്‍ എ.എസ്.ഐ അഗസ്റ്റിന്‍ ശ്രമിച്ചുവെന്ന ആരോപണം കേസ് ഡയറിയിലെ ഉള്ളടക്കത്തിനു വിരുദ്ധമാണ്. അഗസ്റ്റിന്‍ രണ്ടു ദിവസം (1992 ഏപ്രില്‍ 27നും 28നും) മാത്രമേ കേസ് അന്വേഷിച്ചുള്ളൂ. അഭയ ആത്മഹത്യ ചെയ്യില്ലെന്നും അതിനുള്ള കാരണങ്ങള്‍ ഇല്ലെന്നുമാണ് അദ്ദേഹം റിക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്. ഇതൊരു നരഹത്യയാണെന്ന മട്ടിലാണ് അദ്ദേഹം രേഖപ്പെടുത്തിയിരുന്നത്. 1992 മാര്‍ച്ച് 28-ന് താന്‍ എഴുതിയ അവസാന എന്‍ട്രിയില്‍ അഗസ്റ്റിന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: കാണരുതാത്തത് എന്തെങ്കിലും അഭയ അന്നു രാവിലെ കണ്ടിരിക്കാം. അഭയ തന്നെ തിരിച്ചറിയുമെന്നു തോന്നിയ ആരെങ്കിലും അഭയയുടെ മരണത്തിനു കാരണമായ എന്തെങ്കിലും ചെയ്യുകയും അവരെ കിണറ്റിലേക്കു തള്ളിയിടുകയും ചെയ്തിരിക്കാം... ഈ വസ്തുത നിഷേധിക്കാനോ തള്ളിക്കളയാനോ ആവില്ല. കേസ് ഡയറിയിലെ ഈ ഭാഗം അഭയയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ അഗസ്റ്റിന്‍ ശ്രമിച്ചുവെന്ന വാദവുമായി പൊരുത്തപ്പെടുന്നതല്ല. വസ്തുതകള്‍ക്കു വിരുദ്ധമായ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് വാദം കേള്‍ക്കുന്നതിനിടെ ഞാന്‍ സി.ബി.ഐയുടെ അഭിഭാഷകനോടു ചോദിച്ചു. അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് കേസ് ഡയറിയില്‍ അഗസ്റ്റിന്‍ എഴുതിയ മുന്‍പറഞ്ഞ ഭാഗങ്ങള്‍ സി.ബി.ഐ അഭിഭാഷകനെ വായിച്ചുകേള്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment