Wednesday, November 4, 2009
വിധിന്യായം - Part 4
കേസിലെ വാദം കേള്‍ക്കല്‍ സുഗമമാക്കുന്നതിനു വേണ്ടിയായിരുന്നു അത്. എന്നാല്‍, എന്നെ വീണ്ടും ആശ്ചര്യപ്പെടുത്തിക്കൊണ്ട്, കോടതി കേസ് ഡയറി വായിക്കാന്‍ പാടില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ പറഞ്ഞു! കേസ് നരഹത്യ അല്ലാതാക്കി മാറ്റാന്‍ വി.വി അഗസ്റ്റിന്‍ രേഖകളില്‍ തിരിമറി നടത്തിയെന്ന വാദം മറ്റു പല കോടതികളും അംഗീകരിച്ചുവെന്ന വാദവും അദ്ദേഹം ഉയര്‍ത്തി. കേസ് ഡയറിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഒരു കാര്യത്തെക്കുറിച്ച് സി.ബി.ഐയില്‍ നിന്നുള്ള ശരിയായ വിശദീകരണമല്ല ഇതെന്നതില്‍ സംശയമില്ല. ഈ കേസുമായി ബന്ധപ്പെട്ടവരെല്ലാം മാധ്യമറിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിവിട്ട സെന്‍സേഷനില്‍ സ്വാധീനിക്കപ്പെട്ടുപോയി എന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടായിരിക്കാം കേസ് റിക്കാര്‍ഡുകളില്‍നിന്നു തീര്‍ത്തും വിരുദ്ധമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്നത്. മരിച്ചുപോയ വി.വി അഗസ്റ്റിനെതിരേ സി.ബി.ഐ ഇപ്പോഴും ആരോപണങ്ങള്‍ ഉയിക്കുന്നത് നിര്‍ഭാഗ്യകരമാണ്. (ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അഗസ്റ്റിന്റെ പക്കല്‍നിന്നും തന്റെ മരണത്തിനു കാരണം സി.ബി.ഐ ആണെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു).
കോടതി കേസ് ഡയറി വായിക്കരുതെന്ന സി.ബി.ഐ അഭിഭാഷകന്റെ വിചിത്രമായ വാദം കേട്ട് ഞാന്‍ അമ്പരന്നുപോയി. ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിലെ 172- വകുപ്പുപ്രകാരം ഏതു ക്രിമിനല്‍ കോടതിക്കും പോലീസ് ഡയറികള്‍ വിളിച്ചുവരുത്താനും അവ കേസുകളില്‍ കോടതിയുടെ സഹായത്തിനായി ഉപയോഗപ്പെടുത്താനും അധികാരമുണ്ട്. ഒരു ജാമ്യഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്നതിന് കോടതിക്ക് കേസ് ഡയറി ഉപയോഗപ്പെടുത്താം. കുറ്റാരോപിതരുടെ പങ്ക് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉള്ള കേസുകളില്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ചു തൃപ്തിപ്പെട്ട ശേഷമേ കോടതിക്ക് ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയൂ. പ്രഥമദൃഷ്ട്യാ കേസുണ്ടോഇല്ലയോ എന്നും ജാമ്യം നല്‍കണോ വേണ്ടയോ എന്നും തീരുമാനിക്കാന്‍ മറ്റു മാര്‍ഗമൊന്നും എന്റെ അറിവിലില്ല. സി.ബി.ഐ അഭിഭാഷകന്‍ മറ്റുമാര്‍ഗമൊന്നും നിര്‍ദേശിച്ചുമില്ല. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച സി.ബി.ഐയുടെ വാദങ്ങള്‍ ഞാന്‍ തള്ളുകയാണ്. അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ കത്തോലിക്കാ സഭ ശ്രമിച്ചതായും സി.ബി.ഐ വാദം ഉയിച്ചിരുന്നു. സഭ ലോക്കല്‍ പോലീസിലും ക്രൈംബ്രാഞ്ചിലും സ്വാധീനം ചെലുത്തി കുറ്റവാളികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍, കേസ് ഡയറിയില്‍ ഇതിന് ഉപോദ്ബലകമായ യാതൊന്നുമില്ല. അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നു പോലീസിനെ ബോധ്യപ്പെടുത്താനാണ് വൈദികരും കന്യാസ്ത്രീകളും ശ്രമിച്ചതെന്ന് കേസ് ഡയറി വെറുതെ വായിച്ചുപോയാല്‍ തന്നെ മനസ്സിലാകും. അഭയയുടെ മരണം ആത്മഹത്യയാണെന്ന് സഭയിലോ സന്യാസിനീസമൂഹത്തിലോ ഉള്‍പ്പെട്ട ആരെങ്കിലും വാദിച്ചതായി കേസ് ഡയറിയില്‍ ഇല്ല. അഭയയുടെ മരണം ആത്മഹത്യയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും അന്വേഷണം മുന്നോട്ടുപോയത് ചില കന്യാസ്ത്രീകളുടെ ശ്രമഫലമായാണ്. കോണ്‍വന്റ് അധികൃതര്‍ നല്‍കിയ നിവേദനത്തിന്റെ ഫലമായാണ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്.
ഇതൊരു ആത്മഹത്യയാക്കി മാറ്റാനാണ് സഭ ആഗ്രഹിച്ചിരുന്നതെങ്കില്‍ വീണ്ടും സി.ബി.ഐ അന്വേഷണത്തിന് അവര്‍ നടപടി എടുക്കുമായിരുന്നോ? ഉത്തരമില്ല. കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് അന്വേഷണം സിബി.ഐയെ ഏല്പിച്ചതെന്ന് അഭയയുടെ പിതാവ് അവകാശപ്പെട്ടിരുന്നു. കേസ് രേഖകള്‍ തെളിയിക്കുന്നത് മറിച്ചാണ്. സി.എം.സി മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ബനിക്കാസിയയും 69 കന്യാസ്ത്രീകളും ഒപ്പിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അഭയാ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടുകയും മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 1993 മാര്‍ച്ച് 29-ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സി.ബി.ഐയും അഭയയുടെ പിതാവും സഭ കൊലപാതകം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇപ്പോഴും ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് എന്ന കാരണത്താല്‍ത്തന്നെ ഈ ആരോപണം അടിസ്ഥാനരഹിതമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment