Wednesday, November 4, 2009

വിധിന്യായം - Part 5

അഭയയുടെ മരണം കൊലപാതകമാണെന്ന ശക്തമായ നിലപാട് കോണ്‍വന്റ് അധികൃതര്‍ തുടക്കംമുതല്‍ എടുത്തിരുന്നതായി കേസ് ഡയറിയില്‍നിന്നു മനസ്സിലാക്കാം. അഭയയുടെ മരണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയ മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ലിസ്യു സംശയിക്കുന്ന ചിലരെക്കുറിച്ചും പോലീസിനു സൂചന നല്‍കിയിരുന്നു. സിസ്റ്റര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ചില ആണ്‍കുട്ടികളോടൊപ്പം ആലപ്പുഴയില്‍ കറങ്ങിനടന്ന പയസ്ടെന്‍ത് ഹോസ്റ്റലിലെ അന്തേവാസികളായ ചില പെണ്‍കുട്ടികളെ ആലപ്പുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പെണ്‍കുട്ടികളെ മദര്‍ സുപ്പീരിയര്‍ ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. ഇതേത്തുടര്‍ന്ന് ആണ്‍കുട്ടികള്‍ കോണ്‍വന്റിലേക്ക് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണമുണ്ട്. അഭയയുടെ മരണത്തില്‍ ഈ ആണ്‍കുട്ടികള്‍ക്കു പങ്കുണ്ടെന്നു സംശയിച്ച കോണ്‍വന്റ് അധികൃതര്‍ ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇങ്ങനെ സംശയിക്കപ്പെട്ട ചിലരേയും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ആണ്‍കുട്ടികളില്‍ രണ്ടു പേരെ പിന്നീട് കാണാതായി. ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിവച്ചശേഷം ഞരമ്പു മുറിച്ച് ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചു. അഭയാ കേസില്‍ ഇവരുടെ പങ്കിനെക്കുറിച്ച് ദീര്‍ഘകാലം അന്വേഷണം നടന്നിരുന്നു. ഇതെല്ലാമായിട്ടും അഭയയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ സഭ ശ്രമിക്കുന്നു എന്ന ആരോപണം എങ്ങനെയാണ് ഉയരുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇനി വസ്തുതകളിലേക്കു വന്നാല്‍, നരഹത്യയാണെന്ന വാദത്തിനു പിന്‍ബലമേകുന്ന, കോടതിക്കു മുമ്പാകെയുള്ള ഏറ്റവും നിര്‍ണായകമായ തെളിവ് അലങ്കോലപ്പെട്ട അടുക്കളയാണെന്നു ഞാന്‍ കാണുന്നു. ഫ്രിഡ്ജിനു സമീപം വെള്ളത്തിന്റെ കുപ്പി മറിഞ്ഞു കിടന്നിരുന്നു. പുറത്തുനിന്നു പൂട്ടിയ, പുറത്തേക്കുള്ള വാതിലിനടിയില്‍ ശിരോവസ്ത്രം കാണപ്പെട്ടു. ഒരു കോടാലിയും ഒരു കൊട്ടയും മറിഞ്ഞുകിടന്നിരുന്നു. അഭയയുടെ ചെരിപ്പുകള്‍ അടുക്കളയില്‍ രണ്ടു സ്ഥലത്തായാണ് കാണപ്പെട്ടത്. ആകെപ്പാടെ, ഒരു മല്‍പ്പിടുത്തം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും അവിടെയുണ്ടായിരുന്നു. അഭയയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ സി.ബി.ഐക്ക് ഇതെല്ലാം മതിയായിരുന്നു.

No comments:

Post a Comment