എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ചോദ്യം അടുക്കളയില്‍ ഒരു മല്‍പ്പിടുത്തം നടന്നോ ഇല്ലയോ എന്നതു മാത്രമല്ല. പ്രോസിക്യൂഷന്‍ ആരോപിക്കുന്നതുപോലെ അടുക്കളയില്‍വച്ച് അഭയ ആക്രമിക്കപ്പെട്ടോ എന്നാണ് കണ്ടെത്തേണ്ടത്. ഒന്നാമത്തെ കുറ്റാരോപിതന്‍ അഭയയുടെ കഴുത്തിനു ഞെക്കിപ്പിടിച്ചുവെന്നും മൂന്നാം കുറ്റാരോപിത കോടാലികൊണ്ടു മൂന്നു തവണ തലയില്‍ അടിച്ചുവെന്നും മൂന്നു കുറ്റാരോപിതരും ചേര്‍ന്ന് അഭയയെ ബലം പ്രയോഗിച്ച് എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. അഭയയ്ക്ക് അപ്പോള്‍ ബോധമുണ്ടായിരുന്നുവത്രേ. അടുക്കളയില്‍ ഇത്തരമൊരു ആക്രമണം നടന്നതിന് പിന്‍ബലമേകുന്ന എന്തെങ്കിലും തെളിവുണ്ടോയെന്ന് ഞാന്‍ നോക്കട്ടെ. തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കാന്‍ സി.ബി.ഐ ആഗ്രഹിച്ചിരുന്നെങ്കില്‍ അതു നശിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ അവര്‍ കൈക്കൊള്ളണമായിരുന്നു. അവരതു ചെയ്തില്ല.
സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തു മൂന്നുമാസത്തിനു ശേഷമാണു തൊണ്ടിവസ്തുക്കള്‍ നശിപ്പിക്കപ്പെട്ടത്. അഭയാ കേസില്‍ എഎസ്ഐ വി.വി അഗസ്റ്റിന്‍ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റില്‍ സമയം രാവിലെ 8.30 എന്ന് മനഃപൂര്‍വം രേഖപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടിരുന്നു. എഫ്.ഐ.എസ് ആ സമയത്തു രേഖപ്പെടുത്താന്‍ പറ്റില്ലായിരുന്നുവെന്ന് എഫ്.ഐ.എസ് വായിച്ചു നോക്കിയാല്‍ മനസിലാകും. രാവിലെ 8.30 എന്നാണ് എഫ്.ഐ.എസില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയമെന്നതു ശരിയാണ്. എഫ്.ഐ.എസ് രേഖപ്പെടുത്തുന്ന സമയവും തീയതിയും തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും തെറ്റുവരുത്താന്‍ പാടില്ല. എന്നാല്‍, സമയമോ തീയതിയോ തെറ്റായി രേഖപ്പെടുത്തി എന്നതുകൊണ്ടു മാത്രം ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനില്‍ ദുരുദ്ദേശ്യം ആരോപിക്കാന്‍ കഴിയുമോ? എങ്കില്‍, കേസ് ഡയറിയില്‍ കാണിച്ചിരിക്കുന്ന തീയതി തെറ്റിച്ചതിനു സി.ബി.ഐയും മറുപടി പറയേണ്ടിവരും. സി.ബി.ഐ ഡിവൈഎസ്പി വര്‍ഗീസ് പി. തോമസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത തീയതി 29-3-1989 എന്നാണു കേസ് ഡയറിയില്‍ ( വാല്യം 5, പേജ് 1)രേഖപ്പെടുത്തിയിരിക്കുന്നത്. അഭയ മരിക്കുന്നതിനു മൂന്നുവര്‍ഷം മുമ്പുള്ള തീയതിയാണിത്. അതായത്, എഫ്.ഐ.ആര്‍ റിക്കാര്‍ഡിംഗ് സമയത്തെപ്പറ്റി രേഖപ്പെടുത്തിയ രണ്ട് ഓഫീസര്‍മാരും കാര്യമായ തെറ്റു വരുത്തി. എന്തിന് എന്നാണ് ചോദ്യം. എന്തെങ്കിലും കൃത്രിമം കാട്ടാന്‍വേണ്ടിയായിരുന്നു ഇതെന്നു പറയാനാവുമോ? സി.ബി.ഐ പറയുന്നതു ലോക്കല്‍ പോലീസും വി.വി അഗസ്റ്റിനും വരുത്തിയ എല്ലാ പിഴവുകളും കൊലപാതകം ആത്മഹത്യയാക്കി മാറ്റാനായിരുന്നു എന്നാണ്.
അങ്ങനെയെങ്കില്‍, അഭയ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും ഇതൊരു കൊലപാതകമാകാനാണു സാധ്യതയുള്ളതെന്നും എന്തുകൊണ്ട് അദ്ദേഹം കേസ് ഡയറിയില്‍ എഴുതി. കൊലപാതക വിവരം മറച്ചുവയ്ക്കാനായിരുന്നെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ 'കൊലപാതക' സിദ്ധാന്തവുമായി ഏറെക്കുറെ പൊരുത്തപ്പെടുന്ന വിധത്തിലുള്ള 'കൊലപാതക'ത്തിന്റെ ഒരു സാങ്കല്പിക ചിത്രം കേസ് ഡയറിയില്‍ രേഖപ്പെടുത്തി. മറ്റ് അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ വരുത്തിയ ഓരോ പിഴവിലും ദുരുദ്ദേശ്യം ആരോപിക്കും മുമ്പ് ഇക്കാര്യങ്ങളെപ്പറ്റിയെല്ലാം ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആഴത്തില്‍ ചിന്തിക്കണം.മരിച്ച അഭയയുടെ കഴുത്തില്‍ കാണപ്പെട്ട പരിക്കുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വി.വി അഗസ്റ്റിന്‍ അത് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മനഃപൂര്‍വം ചേര്‍ത്തില്ല എന്ന് സി.ബി.ഐ ആരോപിക്കുന്നുണ്ട്. കഴുത്തിലെ പരിക്കുകള്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലില്ല എന്നതു നേരാണ്. അഭയയുടെ കഴുത്തില്‍ കാണപ്പെട്ട പാടുകള്‍ കുറ്റാരോപിതര്‍ അവരെ ആക്രമിച്ചു എന്നതിനു മതിയായ തെളിവാണെന്നു പ്രോസിക്യൂഷന്‍ വാദിക്കുന്നു.ഇതിനു മറുപടി ഒന്നേയുള്ളു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍, അഭയയുടെ കഴുത്തില്‍ എന്തെങ്കിലും പരിക്കുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. സി. രാധാകൃഷ്ണനെ സി.ബി.ഐ അവിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടു വിശ്വസിക്കുന്ന സി.ബി.ഐ, എന്തുകൊണ്ടു വി.വി. അഗസ്റ്റിനെ മാത്രം ആക്രമിക്കുന്നു? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്വീകാര്യമാണെങ്കില്‍, ഇല്ലാത്ത പരിക്കു രേഖപ്പെടുത്തിയില്ല എന്നു പറഞ്ഞ് എന്തുകൊണ്ട് അദ്ദേഹത്തില്‍ കുറ്റം ആരോപിക്കുന്നു? സി.ബി.ഐ ആണ് തന്റെ മരണത്തിന് ഉത്തരവാദി എന്നു കുറിപ്പെഴുതിവച്ചുകൊണ്ടാണ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തതെന്നത് ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച്, മറ്റു തെളിവുകളേക്കാള്‍ ഡോക്ടറുടെ റിപ്പോര്‍ട്ടാണു കോടതികള്‍ സ്വീകരിക്കുന്നത്. അല്ലെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ കൃത്യത സംശയിക്കാന്‍ കാരണങ്ങളുണ്ടായിരിക്കണം. തൊണ്ടിസാധനങ്ങള്‍ പലതും ക്രൈംബ്രാഞ്ച് മനഃപൂര്‍വം നശിപ്പിച്ചു എന്നൊരു ആരോപണം സി.ബി.ഐ ഉന്നയിച്ചിരുന്നു. പതിവുള്ള ഔദ്യോഗിക രീതിയനുസരിച്ച് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണു തൊണ്ടിസാധനങ്ങള്‍ നശിപ്പിച്ചതെന്നും ക്രൈംബ്രാഞ്ചല്ലെന്നും കേസ് ഡയറിയില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച 1993 ജനുവരി 30-ന് തന്നെ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതുകഴിഞ്ഞ് ഏകദേശം ആറുമാസത്തിനുശേഷം ജൂണിലാണു തൊണ്ടിസാധനങ്ങള്‍ നശിപ്പിച്ചത്. ആ സമയത്ത് ക്രൈംബ്രാഞ്ച് ചിത്രത്തിലൊരിടത്തും ഇല്ലായിരുന്നു.1993 മാര്‍ച്ചില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതായി കേസ് ഡയറി വെളിപ്പെടുത്തുന്നുണ്ട്. തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സി.ബി.ഐ ആഗ്രഹിച്ചിരുന്നെങ്കില്‍ അതു നശിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ അവര്‍ കൈക്കൊള്ളണമായിരുന്നു. അവരതു ചെയ്തില്ല. സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു മൂന്നുമാസത്തിനു ശേഷമാണു തൊണ്ടിവസ്തുക്കള്‍ നശിപ്പിക്കപ്പെട്ടത്. വസ്തുതകള്‍ ഇതായിരിക്കെ, സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കുന്നതിനുവേണ്ടി, സത്യത്തിനും രേഖകള്‍ക്കും വിരുദ്ധമായി സി.ബി.ഐ മറ്റ് അന്വേഷണ ഏജന്‍സികളെ പഴിചാരുകയാണ്. ഇതു തികച്ചും നിര്‍ഭാഗ്യകരവും അനുകമ്പയില്ലാത്തതുമാണ്. ഇത്തരം വാദങ്ങള്‍കൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാമെന്നു സി.ബി.ഐ കരുതേണ്ട. അവര്‍ റോംഗ് നമ്പരാണ് ഡയല്‍ ചെയ്തത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment