Thursday, November 5, 2009

വിധിന്യായം - Part 7

ബാഹ്യസമ്മര്‍ദങ്ങള്‍ക്കൊന്നും വഴങ്ങാത്ത സത്യസന്ധനായ ഒരേയൊരു ഉദ്യോഗസ്ഥനായി അഭയയുടെ പിതാവ് കണ്ടതു വര്‍ഗീസ് പി. തോമസിനെയാണ്. കേസന്വേഷണത്തില്‍ പാകപ്പിഴകളുണ്ടെന്നും അഭയയുടെ മരണം കൊലപാതകമാണെന്നും ആദ്യം കണ്ടെത്തിയത് അദ്ദേഹമാണെന്നാണു പറയുന്നത്. ബാഹ്യ ഇടപെടല്‍ മൂലം അദ്ദേഹത്തിന് അന്വേഷണം തുടരാനായില്ലെന്നും അഭയയുടെ
പിതാവ് പറയുന്നു. അതുകൊണ്ട് ഈ കേസ് അന്വേഷണത്തില്‍ അദ്ദേഹം എന്തെല്ലാം
നടപടികളെടുത്തു എന്നു ഞാന്‍ പരിഗണിക്കുകയാണ്. ഡിവൈഎസ്പി വര്‍ഗീസ് പി. തോമസ് 29-03-1993 ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുവെന്നാണു സി.ബി.ഐ സൂക്ഷിച്ചിരിക്കുന്ന കേസ് ഡയറിയില്‍ പറയുന്നത്. എന്നാല്‍, ഏകദേശം രണ്ടു മാസം അദ്ദേഹം ഒരൊറ്റ സാക്ഷിയെപ്പോലും ചോദ്യം ചെയ്യുകയോ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ല. തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനും മജിസ്ട്രേറ്റ് നശിപ്പിക്കാതിരിക്കാനും അദ്ദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു രണ്ടു മാസത്തിനുശേഷം 20-5-1993-ലാണ് അദ്ദേഹം ആദ്യമായി എട്ടു സാക്ഷികളെ ചോദ്യംചെയ്യുന്നത്. അന്വേഷണം തുടര്‍ന്നു. 7-7-1993-ല്‍ ഒരു സാക്ഷിയെ ചോദ്യംചെയ്തു. 16-7-1993-ല്‍ സുപ്പീരിയര്‍ ഓഫീസര്‍ എഴുതിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ (കേസ് ഡയറി വാല്യം 5, പേജ് 184) പറഞ്ഞിരിക്കുന്നതു വര്‍ഗീസ് പി. തോമസ് അതുവരെയുള്ള കാലയളവില്‍ ആകെ ചെയ്തത് ഒരു സാക്ഷിയെ ചോദ്യം ചെയ്യുക മാത്രമായിരുന്നെന്നാണ്. കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്നു നിരീക്ഷിച്ച് സി.ബി.ഐ എസ്പി ഇതിനിടെ വര്‍ഗീസ് പി. തോമസിനെതിരേ റിപ്പോര്‍ട്ട്
എഴുതി. കേസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തുടര്‍ന്ന് അദ്ദേഹത്തിനു നിര്‍ദേശവും നല്‍കി (കേസ് ഡയറി വാല്യം 5, പേജ് 193). അതുവരെയുള്ള വിവരങ്ങള്‍ നല്‍കാത്തതിനാല്‍ 13-8-1993-ല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അയയ്ക്കാന്‍ കഴിഞ്ഞില്ലെന്നു കാണിച്ചു സി.ബി.ഐ എസ്പി 18-9-1993-ല്‍ വര്‍ഗീസ് പി. തോമസിനു മെമ്മോ നല്‍കി. പ്രസക്ത വിവരങ്ങള്‍ ഉടനടി നല്‍കാനും ആവശ്യപ്പെട്ടു. ഹംസ കേസിന്റെ വിചാരണയില്‍ വര്‍ഗീസ് പി. തോമസ് പങ്കെടുത്തിരുന്നെങ്കിലും അഭയാ കേസ് അന്വേഷിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. 22-11-1993-ല്‍ അയച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ (വാല്യം 5, പേജ് 197) എസ്പി പറയുന്നു.കാരണം, ആഴ്ചയില്‍ നാലു ദിവസം മാത്രമാണു ഹംസ കേസില്‍ വിചാരണ നടന്നിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ നിരുത്തരവാദപരമായ മനോഭാവമാണ് ഇതെന്നും എസ്പി ചൂണ്ടിക്കാട്ടി. അഞ്ചാംവാല്യം കേസ് ഡയറിയുടെ പേജ് 199-ല്‍ സി.ബി.ഐ ഡിഐജി 10-12-1993-ല്‍ താഴെപ്പറയുന്ന നിരീക്ഷണം രേഖപ്പെടുത്തിയിട്ടുണ്ട്: "ഒരു അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്നു ബ്രാഞ്ച് എസ്പിക്ക് ജോലി ഏറ്റെടുക്കാം. മതിയായ കാരണമില്ലാതെ ഏതെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഇല്ലെങ്കില്‍ അതിന്റെ പഴി ആദ്യം ബ്രാഞ്ച് എസ്പിക്കും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനുമായിരിക്കും. ''ഈ സാഹചര്യത്തില്‍ അഭയാകേസിന്റെ അന്വേഷണ ചുമതല വര്‍ഗീസ് പി. തോമസില്‍നിന്നു മാറ്റി സി.ബി.ഐ ഇന്‍സ്പെക്ടര്‍ സി.കെ. ബാലകൃഷ്ണന്‍ നായരെ ഏല്പിച്ചു. തുടര്‍ന്ന് 30-12-1993-ലെ ഉത്തരവു പ്രകാരം ഡിവൈഎസ്പി കെ.വി. ഹരിവത്സനായി ചുമതല. ബാലകൃഷ്ണന്‍ നായര്‍, കേസില്‍ എന്തെങ്കിലും നടപടി എടുത്തതായി രേഖകളിലില്ല. ഏതായാലും സി.ബി.ഐ കേസ് ഏറ്റെടുത്ത് ഒരു വര്‍ഷത്തോളം വര്‍ഗീസ് പി. തോമസ് അന്വേഷണം നടത്തിയത് ഇങ്ങനെയാണ്. ഇതിനിടെ, സ്വാഭാവികമായി സംഭവിക്കുന്നതുപോലെ തെളിവുകള്‍ പലതും നഷ്ടപ്പെട്ടു. എന്നാല്‍, അതു തടയാന്‍ അദ്ദേഹം യാതൊന്നും ചെയ്തില്ല. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്, രേഖകള്‍ നശിപ്പിക്കപ്പെടുന്നതു തടയാന്‍ എളുപ്പം കഴിയുമായിരുന്നു. എന്നിട്ടും, ഇപ്പോള്‍ പഴിചാരുന്നതു ക്രൈംബ്രാഞ്ചിനുമേലും. ഈ പശ്ചാത്തലത്തിലാണു ലോക്കല്‍ പോലീസിലെ അഡീഷണല്‍ എസ്ഐ മാത്രമായിരുന്ന വി.വി അഗസ്റ്റിന്‍കേസന്വേഷണത്തില്‍ ചെയ്ത കാര്യങ്ങള്‍ പ്രസക്തമാകുന്നത്. രണ്ടു ദിവസം കൊണ്ട് 24 സാക്ഷികളില്‍നിന്ന് അദ്ദേഹം മൊഴിയെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് പിറ്റേദിവസംതന്നെ ഇതൊരു കൊലപാതകം ആയിരിക്കാം എന്ന മട്ടില്‍ അദ്ദേഹം അന്വേഷണം നീക്കി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ അദ്ദേഹം തയാറാക്കി. എന്നാല്‍, തങ്ങളുടെ വീഴ്ച മറച്ചുവയ്ക്കുന്നതിനു സി.ബി.ഐ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കു വന്ന നിസാര പിഴവുകളെപ്പോലും കുറ്റപ്പെടുത്തുകയായിരുന്നു. കുറ്റമറ്റ ഒരു അന്വേഷണം ഇനിയും തുടങ്ങിയിട്ടില്ല. എന്തെല്ലാം തെറ്റുകള്‍ സംഭവിച്ചു എന്നല്ല എണ്ണപ്പെടുന്നത്.

No comments:

Post a Comment