Thursday, November 5, 2009

വിധിന്യായം - Part 8

ലോക്കല്‍ പോലീസിലെയായാലും ക്രൈംബ്രാഞ്ചിലെയായാലും സി.ബി.ഐയിലെയായാലും ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരേ ദുരുദ്ദേശ്യം ആരോപിക്കുന്നതു ശക്തമായ തെളിവുകളുടെ പിന്‍ബലത്തിലാവണം. ഏതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ ഉദ്യോഗസ്ഥന്റെയോ പ്രതിച്ഛായ തകര്‍ക്കാനായി പിഴവുകളെ പെരുപ്പിച്ചു കാണിക്കരുത്.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ ദിശയിലായിരുന്നെന്നും അതിനാല്‍
സി.ബി.ഐ കേസ് ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും സി.ബി. ഐയുടെ ഒരു സീനിയര്‍
ഉദ്യോഗസ്ഥന്‍ ഒരു റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിരുന്ന കാര്യവും ഇത്തരുണത്തില്‍
സ്മരിക്കേണ്ടതുണ്ട്. ഇതെല്ലാമായിട്ടും സി.ബി.ഐയുടെ ഇപ്പോഴത്തെ അന്വേഷണ
സംഘം മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സഭയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണു തങ്ങളുടെ ഉദ്യോഗസ്ഥരും അന്വേഷണം നടത്തിയതെന്നാണോ അവര്‍ അര്‍ത്ഥമാക്കുന്നത്? ഏതെങ്കിലും സി.ബി.ഐ ഉദ്യോഗസ്ഥനെ അവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ടോ? അടയ്ക്കാ രാജു, സഞ്ജു പി. മാത്യു, ചില വൈദികര്‍ തുടങ്ങിയവരുടെ മൊഴികളാണു സി.ബി.ഐയുടെ ആശ്രയം. അടയ്ക്കാ രാജുവാണ് ഈ കേസിലെ 'സ്റ്റാര്‍ വിറ്റ്നെസ്'. നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തുകയും നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു 'സ്റ്റാര്‍ തീഫ്' ആണിയാള്‍. അഭയയുടെ മരണം കൊലപാതകം എന്നതിനേക്കാള്‍ ആത്മഹത്യയാണെന്നാണ് പല ഡോക്ടര്‍മാരുടെയും വൈദ്യശാസ്ത്ര നിഗമനം. കിണറ്റില്‍ വീണശേഷവും അഭയയ്ക്കു ബോധമുണ്ടായിരുന്നുവെന്നും അതിനാല്‍ മുങ്ങിമരണമാണു സംഭവിച്ചതെന്നുമാണ് ഡോ. സി. രാധാകൃഷ്ണന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അഭയ ആത്മഹത്യ ചെയ്തതാണെന്ന നിഗമനം മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളെ എതിര്‍ക്കാന്‍ കാരണങ്ങളില്ലാതിരുന്നതിനാല്‍ ക്രൈംബ്രാഞ്ച് സ്വീകരിച്ചു. വിഷാദാവസ്ഥയിലായിരുന്ന അഭയയുടെ വിഭ്രാന്തിയാവാം അടുക്കള അലങ്കോലമായതിനു കാരണമെന്നാണു ക്രൈംബ്രാഞ്ച് വിശദീകരിക്കാന്‍ ശ്രമിച്ചത്. അഭയയുടെ അമ്മയ്ക്കും അമ്മാവനും മാനസികരോഗമുണ്ടെന്നു സ്ഥാപിക്കുന്ന തെളിവുകള്‍ ശേഖരിച്ചിരുന്നു. അഭയയുടെ അമ്മയുടെ സഹോദരന്‍ പലതവണ കിണറ്റില്‍ച്ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച്, സംഭവം നടക്കുന്നത് അഭയയുടെ മാസമുറക്കാലത്താണ്. ഇക്കാലത്തു മാനസിക സംഘര്‍ഷം ഉണ്ടാകാമെന്നാണു വൈദ്യശാസ്ത്ര അഭിപ്രായം.പരീക്ഷയില്‍ അഭയയ്ക്ക് അഞ്ചു ശതമാനം മാര്‍ക്കേ ലഭിച്ചിരുന്നുള്ളു. കോണ്‍വെന്റിലേക്ക് അടയ്ക്കേണ്ടിയിരുന്ന 1000 രൂപയും അടച്ചിരുന്നില്ല. ഇക്കാരണങ്ങളാല്‍ അഭയ മാനസികാസ്വാസ്ഥ്യത്തിലായിരുന്നു.

സി.ബി.ഐ സമര്‍പ്പിച്ച മൂന്നാമത്തെ ഫൈനല്‍ റിപ്പോര്‍ട്ടില്‍ എസ്.പി ത്യാഗരാജനെ ഉദ്ധരിച്ച് ഇങ്ങനെ പറയുന്നു: കേസിന്റെ വിവിധ സാഹചര്യങ്ങളും ഘടകങ്ങളും പൂര്‍ണമായി പഠിച്ചശേഷം ത്യാഗരാജന്‍ എത്തിയ നിഗമനം സി.ബി.ഐ ഈ കേസ് ഏറ്റെടുക്കേണ്ടതില്ല എന്നാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ വഴിയിലൂടെയായിരുന്നു. സംഭവസ്ഥലത്തെ സാഹചര്യങ്ങള്‍ പഠിച്ചശേഷം അദ്ദേഹം എത്തിയ നിഗമനം അഭയ ആത്മഹത്യ ചെയ്തതാണെന്നാണ്. കൊലപാതക സാധ്യത ക്രൈംബ്രാഞ്ച് തള്ളിക്കളഞ്ഞതു മെഡിക്കല്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ്. കോടാലികൊണ്ട് മനഃപൂര്‍വം ആക്രമിക്കപ്പെട്ടെങ്കില്‍ അഭയയ്ക്കു ഗുരുതരമായ പരിക്കുണ്ടാകുമായിരുന്നു. ഡോ. സി. രാധാകൃഷ്ണന്റെയും ഡോ. ഉമാദത്തന്റെയും അഭിപ്രായങ്ങളെ ആധാരമാക്കിയാണ് ഈ നിഗമനം. ക്രൈംബ്രാഞ്ചിന്റെ ഫൈനല്‍ റിപ്പോര്‍ട്ടില്‍ ഇതു പറഞ്ഞിട്ടുണ്ട്. സി.ബി.ഐയുടെ ആദ്യത്തെ ഫൈനല്‍ റിപ്പോര്‍ട്ടിലും കൊലപാതകസാധ്യത അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അഭയയുടെ മരണം കൊലപാതകമാണെന്നു സ്ഥാപിക്കാന്‍ കേരളത്തിനു പുറത്തുനിന്നുള്ള ഡോ. എസ്.കെ. പഥക് ജയ്പൂര്‍, ഡോ. മഹേഷ് വര്‍മ ജയ്പൂര്‍, ഡോ. ജി.ആര്‍ ഭാസ്കര്‍ ഹൈദരാബാദ് എന്നിവരുടെ അഭിപ്രായമാണു സി.ബി.ഐ തേടിയത്. ഇവരുടെ റിപ്പോര്‍ട്ടു പരിഗണിച്ച ശേഷവും സി.ബി.ഐ എത്തിയ നിഗമനം അഭയയുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തില്‍ വൈദ്യശാസ്ത്ര അഭിപ്രായം ഏകകണ്ഠമല്ല എന്നാണ്. ക്രൈംബ്രാഞ്ചിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചോ നിരസിച്ചോ എന്നു കേസ് ഡയറിയില്‍ പറയുന്നില്ല. അഭയയുടെ മരണം ആത്മഹത്യയാണോ അല്ലയോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിരസിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതിനിപ്പോഴും നിയമപരമായ സാംഗത്യമുണ്ട്. ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചോ ഇല്ലയോ എന്നു സ്ഥിരീകരിക്കാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ഈ കോടതിയുടെ മുമ്പാകെയില്ല. സി.ബി.ഐ പറഞ്ഞ പല കാര്യങ്ങളും വസ്തുതകള്‍ക്കു വിരുദ്ധമാകയാല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവു കാണാതെ ഫൈനല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചോ ഇല്ലയോ എന്നു പറയാനാവില്ല.

No comments:

Post a Comment