Thursday, November 5, 2009

വിധിന്യായം - Part 9

അടയ്ക്കാ രാജു, സഞ്ജു പി. മാത്യു, ചില വൈദികര്‍ തുടങ്ങിയവരുടെ മൊഴികളാണു സി.ബി.ഐയുടെ ആശ്രയം. അടയ്ക്കാ രാജുവാണ് ഈ കേസിലെ സ്റ്റാര്‍ വിറ്റ്നെസ് (മുഖ്യ സാക്ഷി). നിരവധി സ്ഥലങ്ങളില്‍മോഷണം നടത്തുകയും നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു 'സ്റ്റാര്‍ തീഫ്' (കുപ്രസിദ്ധ മോഷ്ടാവ്) ആണിയാള്‍. പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച് പയസ് ടെന്‍ത് കോണ്‍വെന്റിലെ കെട്ടിടത്തിന്റെ ടെറസിലുള്ള മിന്നല്‍രക്ഷാകവചത്തിന്റെ ഭാഗങ്ങള്‍ രണ്ടു തവണയായി ഇയാള്‍ മോഷ്ടിച്ചു. മൂന്നാംതവണ ബാക്കി ഭാഗങ്ങള്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ രണ്ടുപേര്‍ ടോര്‍ച്ചു തെളിച്ച് തന്റെനേരേ വരുന്നതു കണ്ടുവെന്നാണ് ഇയാള്‍ പറയുന്നത്. അവര്‍ എന്താണു ചെയ്യുന്നതെന്ന് ഇയാള്‍ഒളിച്ചിരുന്നു നോക്കി. കെട്ടിടത്തിന്റെ നിലവറയില്‍നിന്ന് അഞ്ചാംനിലയിലേക്കും ടെറസിലേക്കും പോകുന്ന പിരിയന്‍ ഗോവണികയറി ഇവര്‍ വരുന്നതു കണ്ടു. ടെറസിലെത്തിയ ഇവര്‍ പരസ്പരം തിരിഞ്ഞുനിന്നു പല ദിശകളിലേക്കും നോക്കി. പാരപ്പെറ്റിന്റെ മുകളിലൂടെ ടോര്‍ച്ചുതെളിച്ചു താഴെ മുറ്റത്തേക്കും നോക്കി. തന്നെ അവര്‍ തിരിച്ചറിഞ്ഞുവെന്നു തോന്നിയപ്പോള്‍ താന്‍ സ്ഥലംവിട്ടു എന്നാണ് അടയ്ക്കാ രാജുവിന്റെ മൊഴി. സംഭവം നടന്നതു പതിനാറര വര്‍ഷം മുമ്പാണ്. എന്നാലിപ്പോള്‍ കുറ്റാരോപിതരെ അറസ്റ്റു ചെയ്യുകയും അവരുടെ ഫോട്ടോകള്‍ പത്രങ്ങളില്‍ വരികയും ചെയ്തശേഷം ഇയാള്‍ സി.ബി.ഐയുടെ പക്കല്‍ ചെന്ന് താന്‍ അന്നു കണ്ടവരിലൊരാള്‍ ഒന്നാം കുറ്റാരോപിതനാണെന്നു മൊഴി നല്‍കുകയായിരുന്നു. പ്രോസിക്യൂഷന്‍ പറയുന്നത്, മൂന്നാം കുറ്റാരോപിതയുമായി അവിഹിതബന്ധമുണ്ടായിരുന്ന മുന്‍പറഞ്ഞ രണ്ടുപേരും അവരെ കാണാനായി കെട്ടിടത്തിന്റെ നിലവറ ഭാഗത്തുളള അടുക്കളയിലേക്കു പോവുകയായിരുന്നു എന്നാണ്. അടുക്കളയിലേക്ക് എത്രയും വേഗം ചെല്ലുന്നതിനു പകരം അവര്‍ ഗോവണി കയറി അഞ്ചാംനിലയിലെ ടെറസിലെത്തി! നിലവറ ഭാഗത്തുനിന്നാണ് ഈ ഗോവണി തുടങ്ങുന്നത്. ഈ മൊഴിയുടെ ബലത്തിലാണു മൂന്നു കുറ്റാരോപിതരേയും തുടര്‍ന്നും ജയിലില്‍ പാര്‍പ്പിക്കണമെന്ന് പ്രോസിക്യൂഷന്‍ ഈ കോടതിയോട് ആവശ്യപ്പെടുന്നത്.

സംഭവദിവസം പാതിരാത്രി ഏകദേശം 12.30-ഓടെ കോണ്‍വെന്റിനടുത്തുള്ള തന്റെ
വീടിനു സമീപം 'കോട്ടൂരച്ച'ന്റെ സ്കൂട്ടര്‍ കണ്ടു എന്നു മാത്രമേ സഞ്ജു പി. മാത്യു മൊഴി
നല്‍കിയിട്ടുള്ളു. ഇതല്ലാതെ കുറ്റാരോപിതര്‍ക്കെതിരേ യാതൊരു മൊഴിയും ഇയാള്‍
നല്‍കിയിട്ടില്ല. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരെ ജയിലിലടയ്ക്കണമെന്ന സി.ബി.ഐയുടെ ആവശ്യം ന്യായീകരിക്കത്തക്കതാണോ എന്ന
ചോദ്യം മാത്രമേ കുറ്റാരോപിതരുടെ അഭിഭാഷകന്‍ ചോദിക്കുന്നുള്ളു. മറ്റു പല
കക്ഷികളെയും സി.ബി.ഐ ചോദ്യംചെയ്തു. മൂന്നു കുറ്റാരോപിതര്‍ക്കും
സ്വഭാവഗുണമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഊഹാപോഹങ്ങളും
കേട്ടുകേള്‍വികളും മാത്രമാണ് ഇതിന് അടിസ്ഥാനം. ഇനി ഈ തെളിവുകള്‍ സ്വീകരിച്ചാല്‍
തന്നെ, ഇത്തരം സ്വഭാവദൂഷ്യം കുറ്റാരോപിതരുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം
തെളിയിക്കുന്നുണ്ടോ എന്നതാണു ചോദ്യം. വേണുഗോപാലന്‍ നായരാണ് മറ്റൊരു പ്രധാന
സാക്ഷി. ഇയാളോട് ഒന്നാം കുറ്റാരോപിതന്‍ കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ട് എന്നാണ്
പ്രോസിക്യൂഷന്റെ വാദം. മുമ്പു ഡ്രൈവറായിരുന്ന താന്‍ ഇപ്പോള്‍ മനുഷ്യാവകാശ
പ്രവര്‍ത്തകനും പൊതുതാല്പര്യ ഹര്‍ജികള്‍ നല്‍കുന്നയാളുമാണെന്ന് ഇയാള്‍ പറയുന്നു.
സംഭവം നടന്നതിനുശേഷം ഇയാളെ ആദ്യമായി ചോദ്യം ചെയ്യുന്നത് ഇപ്പോഴത്തെ
അന്വേഷണ ഉദ്യോഗസ്ഥനാണ്. നാര്‍ക്കോ അനാലിസിസ് പരിശോധനയുടെ വിവരങ്ങള്‍
അറിയാന്‍ തല്പരനായിരുന്ന ഇയാള്‍ ഒന്നാം കുറ്റാരോപിതന്‍ നാര്‍ക്കോ അനാലിസിസ്
പരിശോധനയ്ക്കു വിധേയനായി എന്നറിഞ്ഞ്, അദ്ദേഹത്തിന്റെ ടെലിഫോണ്‍ നമ്പര്‍
സംഘടിപ്പിച്ച് അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു എന്നാണു പ്രോസിക്യൂഷന്‍
പറയുന്നത്. ബിഷപ്സ് ഹൌസില്‍വച്ചു കാണാമെന്ന് ഒന്നാം കുറ്റാരോപിതന്‍ സമ്മതിച്ചതനുസരിച്ച് വേണുഗോപാലന്‍ നായര്‍ അവിടെയെത്തി അദ്ദേഹത്തെക്കണ്ടു സംസാരിച്ചു. നാര്‍ക്കോ അനാലിസിസ് പരിശോധന തീര്‍ത്തും അശാസ്ത്രീയമായ പരിശോധനയാണെന്നുള്ള ഒരു വിധി ഹൈക്കോടതിയില്‍നിന്ന് എന്തെങ്കിലും കേസ് കൊടുത്ത് സംഘടിപ്പിച്ചെടുക്കണമെന്ന് ഒന്നാം കുറ്റാരോപിതന്‍ വേണുഗോപാലന്‍ നായരോട് ആവശ്യപ്പെട്ടുവെന്നാണു വാദം. വേണുഗോപാലന്‍ നായര്‍ കാരണം തിരക്കിയപ്പോള്‍ തനിക്കു മൂന്നാം കുറ്റാരോപിതയുമായി അവിഹിത ബന്ധമുണ്ടെന്ന് ഒന്നാം കുറ്റാരോപിതന്‍ കുറ്റസമ്മതം നടത്തിയെന്നും (അറസ്റ്റിന് അഞ്ചു മാസം മുമ്പാണിത്!) ളോഹയ്ക്കുള്ളില്‍ ഒരു മനുഷ്യനുണ്ടെന്ന് പറഞ്ഞുവെന്നുമാണു മൊഴി. തന്റെ മേലധികാരികളും ഇതേ വികാരങ്ങളുള്ള മനുഷ്യരാണെന്നും അതിനാല്‍ അവര്‍ തന്നെ മനസിലാക്കുകയും ഈ കേസില്‍ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുവെന്നും മൊഴി തുടരുന്നു.

അഡ്വ. ജനാര്‍ദന കുറുപ്പിന്റെ ജൂനിയറുമായി സംസാരിച്ചശേഷം വേണുഗോപാലന്‍ നായര്‍
കേസ് ഫയല്‍ ചെയ്യുന്നതിനു വളരെ ചെലവു വരുമെന്ന് കുറ്റാരോപിതനോടു പറഞ്ഞുവത്രേ. ഇക്കാര്യത്തില്‍ ഒരുകോടി രൂപ വരെ മുടക്കാന്‍ സഭാധികൃതര്‍ തയാറാണെന്ന്കുറ്റാരോപിതന്‍ അപ്പോള്‍ പറയുകയും യാത്രാച്ചെലവിനായി 5000 രൂപ
തനിക്കു നല്‍കുകയും ചെയ്തതായി വേണുഗോപാലന്‍ നായര്‍ പറയുന്നു. ഒന്നാം കുറ്റാരോപിതനും സഭാധികൃതരും വളരെ ശക്തരും സമ്പന്നരുമാണെന്നും സൂര്യനു താഴെ
ആരെയും സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയുമെന്നുമാണ് പ്രോസിക്യൂഷന്‍ പറയുന്നത്. എന്നാല്‍‍, തനിക്കു കാര്യമായൊരു ബന്ധവുമില്ലാത്ത വേണുഗോപാലന്‍ നായരുടെ മുമ്പില്‍ കുറ്റാരോപിതന്‍ നാണംകെട്ട കുറ്റസമ്മതം നടത്തുകയും സഹായം തേടുകയും ചെയ്യുന്ന രീതിയില്‍ പെരുമാറിയെന്നു പറയുന്നത് തികച്ചും അവിശ്വസനീയമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള കോളജ്
പ്രഫസറും വൈദികനുമാണ് ഒന്നാം കുറ്റാരോപിതന്‍. ബിഷപ്സ് ഹൌസിലെ ചാന്‍സലറുമാണ് ഇദ്ദേഹം. ജില്ലയിലും സംസ്ഥാനത്തുമുള്ള നിരവധി പ്രമുഖരുമായി അടുത്തബന്ധം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങനെയൊരാള്‍ക്കെതിരേ സി.ബി.ഐ വേണുഗോപാലന്‍ നായരെപ്പോലൊരാളെ സാക്ഷിയായി കൊണ്ടുവരികയും കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്തതു നിര്‍ഭാഗ്യകരമാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സി.ബി.ഐ മുന്നോട്ടുവച്ച ചില വൈദികരടക്കമുള്ളവരുടെ മൊഴികളും അപ്രസക്തമാണ്. ഹോസ്റലില്‍ ചില കന്യാസ്ത്രീകളും വൈദികരും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ചാണ് അവര്‍ പറഞ്ഞത്. കേട്ടുകേഴ്വികള്‍ മാത്രമാണ് ഈ മൊഴികളിലുള്ളതെന്ന് സൂക്ഷ്മപരിശോധനയില്‍ ബോധ്യമാകും. ഇത്തരം കൃത്രിമ തെളിവുകളെ ആശ്രയിച്ച് ജാമ്യം നിഷേധിക്കുന്നതു കടുത്ത അനീതിയാകുമെന്ന് കുറ്റാരോപിതരുടെ അഭിഭാഷകര്‍ വാദിച്ചു. മൂന്നാം കുറ്റാരോപിത ഹോസ്റ്റലിന്റെ താഴത്തെ നിലയിലുള്ള മുറിയില്‍ തനിച്ചു താമസിച്ചത് അവരുടെ സ്വഭാവദൂഷ്യംകൊണ്ടാണെന്ന വാദമുയര്‍ന്നു. ഈ കോടതിക്കു മുമ്പില്‍ ഇത്തരം വാദങ്ങളുയര്‍ത്താന്‍ ശ്രമിച്ചതിന് എനിക്കു സി.ബി.ഐയോടു സഹതാപം തോന്നുന്നു. ഹോസ്റ്റലില്‍ അന്തേവാസികള്‍ക്കു മുറികള്‍ അനുവദിക്കുന്നതു മദര്‍ സുപ്പീരിയര്‍ ആണെന്ന് കേസ് ഡയറി വെളിപ്പെടുത്തുന്നുണ്ട്. ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും മുറിയില്‍ താമസിക്കാനാവില്ല. കുറ്റാരോപിത തനിച്ചല്ല ആ മുറിയില്‍ താമസിച്ചിരുന്നതെന്നും കേസ് ഡയറി വെളിപ്പെടുത്തുന്നു.മുതിര്‍ന്ന കന്യാസ്ത്രീയായ സിസ്റ്റര്‍ ഹെലനോടൊപ്പമാണ് അവരുടെ സഹായിയായിരുന്ന കുറ്റാരോപിത ആ മുറിയില്‍ താമസിച്ചിരുന്നത്. സംഭവ ദിവസം സിസ്റ്റര്‍ ഹെലന്‍ ഹോസ്റ്റലിലുണ്ടായിരുന്നില്ല. മറ്റൊരു അന്തേവാസിയെ ആ മുറിയില്‍ താമസിപ്പിക്കുന്നതിനായി മുമ്പു താമസിച്ചിരുന്ന മുറിയില്‍നിന്നു കുറ്റാരോപിതയെ ഇപ്പോഴത്തെ മുറിയിലേക്കു നിര്‍ബന്ധിച്ചു മാറ്റുകയായിരുന്നുവെന്നും കേസ് ഡയറിയിലുണ്ട്.

No comments:

Post a Comment